- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോയി വയലാട്ടിന്റെ തനി നിറം പുറത്തായതോടെ മോഡലുകളുടെ മരണത്തിൽ കൂടുതൽ സംശയങ്ങൾ; അൻസിയുടെയും അഞ്ജനയുടെയും മരണത്തിൽ റോയിക്ക് പങ്കുണ്ടാകാം എന്ന് ബന്ധുക്കൾ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത്; അപകട മരണത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കാനിരിക്കവേ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യം ശക്തം
തിരുവനന്തപുരം: കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാട്ടിനെതിരെ ലൈംഗിക ആരോപണവുമായി കൂടുതൽ പേർ രംഗത്തുവരുന്നുണ്ട്. പോക്‌സോ കേസിൽ റോയി വയലാട്ടിനെ ഇതിനോടകം പ്രതിയാക്കുകയും ചെയ്തു. ഇതിനിടെ കൊച്ചിയിലെ മോഡലുകളുടെ അപകട മരണവും കൂടുതൽ ചർച്ചയാകുന്നു. മോഡലുകളുടെ മരണത്തിൽ സംശയം രേഖപ്പെടുത്തി കൊണ്ട് ബന്ധുക്കളാണ് രംഗത്തുവന്നത്. പെൺകുട്ടികളുടെ മരണത്തിൽ റോയി വയലാട്ടിന് നേരിട്ട് പങ്കുണ്ടോ എന്ന് ബന്ധുക്കൾ ചോദിക്കുന്നു. റോയിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറതതുവരുമ്പോഴാണ് ബന്ധുക്കൾ തുടരന്വേഷണ ആവശ്യവുമായി രംഗത്തുവരുന്നത്.
സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അപകടത്തിൽ കൊല്ലപ്പെട്ട അൻസി കബീറിന്റെ ബന്ധു നസീമുദ്ദീൻ പറഞ്ഞു. മോഡലുകൾ അപകടത്തിൽ മരിച്ച ദിവസം ഹോട്ടലിൽ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാനാവാം ഡിവൈസുകൾ റോയി നശിപ്പിച്ചത്. സംശയങ്ങൾ ബലപ്പെടുന്ന രീതിയിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. റോയിക്ക് സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് വിശ്വസിക്കുന്നത്. പെൺകുട്ടികൾക്ക് മദ്യമോ മറ്റോ കൊടുക്കാൻ ശ്രമിച്ചിട്ടുണ്ടാവാം. അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാവാം അപകടമുണ്ടായത്. റോയിയെ വെള്ളപൂശാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ടെന്നും നസീമുദ്ദീൻ പറഞ്ഞു.
ഫോർട്ടുകൊച്ചി 'നമ്പർ 18' ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുള്ള പോക്സോ കേസിന്റെ വിവരങ്ങൾ പുറത്തുവന്ന പശ്ചത്തലത്തിലാണ് അൻസി കബീറിന്റെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽവെച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും മകളുടെയും പരാതി. ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനേയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയേയും പ്രതി ചേർത്തിട്ടുണ്ട്.
മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു പീഡനം നടന്നത് എന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ മറ്റു പ്രതികൾ ചേർന്ന് മൊബൈലിൽ പകർത്തി. പൊലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
അതേസമയം മോഡലുകളുടെ അപകടമരണത്തിൽ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും. കേസിൽ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലുടമ റോയി ജെ. വയലാട്ട്, സൈജു തങ്കച്ചൻ എന്നിവർ ഉൾപ്പെടെ എട്ടുപേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
നവംബർ ഒന്നിന് അർധരാത്രി മോഡലുകൾ സഞ്ചരിച്ചിരുന്ന കാർ ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിൽ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന മുൻ മിസ് കേരള അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ (24) എന്നിവർ അപകടസ്ഥലത്തു വെച്ചും ചികിത്സയിലിരുന്ന കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീടും മരിച്ചു. കാർ ഓടിച്ചിരുന്ന റഹ്മാൻ മാത്രമാണ് രക്ഷപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ