കൊച്ചി: അമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ ജ്യേഷ്ഠൻ ശിവൻ സ്വത്ത് ഭാഗം വയ്ക്കുമ്പോൾ പ്രശ്നം ഉണ്ടാക്കിയിരുന്നു. എനിക്ക് അഞ്ച് സെന്റ് കുടുംബവീട് ഭാഗം ചെയ്ത് തന്നപ്പോൾ രജിസ്റ്റർ ചെയ്യാൻ സമ്മതിച്ചില്ല. എനിക്ക് സ്ഥലം ഭാഗം ചെയ്ത് തന്നതിന് അമ്മയെ വീട്ടിൽ നിന്നും ഇറക്കി വിട്ട സംഭവം വരെയുണ്ടായിരുന്നു. ഇതിന്റെ പക മനസ്സിൽ കിടന്നതാണ് ഇന്നലെ പ്രതി ബാബു ചെയ്ത കുറ്റകൃത്യത്തിന് പിന്നിലെന്ന് ഇയാളുടെ സുഹൃത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. കൊല ചെയ്യപ്പെട്ട ശിവൻ പലരീതിയിലും ബാബുവിനെ ഉപദ്രവിച്ചിട്ടുണ്ട്.

ശല്യം സഹിക്ക വയ്യാതെയാണ് വാടക വീട്ടിലേക്ക് മാറിയത്. എവിടെ വച്ച് കണ്ടാലും പ്രകോപനം ഉളവാക്കുന്ന രീതിയിൽ സംസാരിക്കുക, കാർക്കിച്ച് തുപ്പുക, തുടങ്ങിയ വിധത്തിലുള്ള കാര്യങ്ങൾ ചെയ്യുമായിരുന്നുവെന്നും ബാബു പറഞ്ഞിരുന്നതായും ഇയാൾ വെൽപ്പെടുത്തി. അതേ സമയം ബാബു കൊലപാതകം കരുതിക്കൂട്ടി ചെയ്തത് തന്നെയെന്നാണ് പൊലീസിന്റെ നിഗമനം. ബാബുവിന്റെ സൂഹൃത്തായ മരം വെട്ടുകാരൻ ശിവനുമായി വീട്ടിലെത്തുമ്പോൾ ജ്യേഷ്ഠൻ ശിവൻ പ്രകോപനം സൃഷ്ടിച്ചപ്പോൾ ടൂവീലറിൽ നിന്നുമാണ് ബാബു വാക്കത്തിയെടുത്ത് വെട്ടിയത്. കൊലയ്ക്ക് ഏക ദൃക്സാക്ഷിയാണ് മരം വെട്ടുകാരൻ ശിവൻ.

ബാബു മൂന്ന് പ്ലാവ് വിൽക്കാനുണ്ട് എന്ന് പറഞ്ഞാണ് ശിവനെ കൂട്ടി കുടുംബ വീട്ടിലെത്തിയത്. ഈ സമയം അവിടെയുണ്ടായിരുന്ന ജ്യേഷ്ഠൻ ശിവൻ ബാബുവിനെ നോക്കി കാർക്കിച്ചു തുപ്പി. ഇതോടെയാണ് ബാബു വണ്ടിയിൽ നിന്നും വാക്കത്തി എടുത്ത് ശിവനെ വെട്ടാൻ ശ്രമിച്ചത്. സംഘർഷം കണ്ടേ പിടിച്ചുമാറ്റാൻ എത്തിയ ശിവന്റെ ഭാര്യ വൽസയെ കഴുത്തിന് വെട്ടി വീഴ്‌ത്തി ഇതു കണ്ട് ശിവൻ മറ്റൊരു സഹോദരൻ ഷാജിയുടെ വീട്ടിലേക്ക് ഓടിക്കയറി എന്നാൽ പിന്നാലെയെത്തിയ ബാബു ശിവനെയും വെട്ടി വീഴ്‌ത്തി.

ശിവരാത്രി ഉത്സവത്തിന് പോകാനായി കുളികഴിഞ്ഞ് വസ്ത്രങ്ങൾ അലക്കികൊണ്ട് നിന്ന ശിവന്റെ മകൾ സ്മിതയെയും വെട്ടി വീഴ്‌ത്തുകയായിരുന്നു. സ്മിതയെ വെട്ടുന്നത് കണ്ട തടസം പിടിക്കാൻ ഓടിയെത്തിയ മക്കൾ അശ്വിനും അപർണ്ണയ്ക്കും വെട്ടേറ്റത്. വെട്ടേറ്റ് നിലവിളിച്ച ഇവരെ രക്ഷിക്കാൻ സമീപത്തെ നാട്ടുകാർ എത്തിയെങ്കിലും ആരെയും ബാബു അടുപ്പിച്ചില്ല. മൂവരുടെയും മരണം ഉറപ്പിച്ചതിന് ശേഷമാണ് സ്ഥലം വിട്ടത്. പിന്നീടാണ് ചിറങ്ങര ദേവീ ക്ഷേത്രത്തിലെ കുളത്തിലേക്ക് ബൈക്ക് ഓടിച്ചിറക്കിയത്.

നാടിനെനടുക്കിയ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്നും നാട്ടുകാർ ഇതുവരെ മുക്തമായിട്ടില്ല. വാർത്തകളിലൂടെ മാത്രം അറിഞ്ഞിരുന്ന കൊലപാതകം വീടിന് തൊട്ടടുത്ത് നടന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.സ്വന്തം ലസഹോദരനെയും കുടുബത്തെയും വെട്ടി നുറുക്കിയതിന്റെ ജനരോഷം എങ്ങും സംസാരത്തിൽ നിഴലിച്ചിരുന്നു. ഇതിനാൽ റിമാൻഡ് ചെയ്ത പ്രതിയെ ഇന്ന് തെളിവെടുപ്പിനായി കൊണ്ട് വരുന്നത് പൊലീസ് മാറ്റി വച്ചിരുന്നു. മരിച്ച മൂവരുടെയും മൃതദേഹങ്ങൾ പൊതു ദർശനത്തിന് വച്ചതിന് ശേഷം ശിവന്റെയും വൽസയുടെയും ശവസംസ്‌ക്കാരം മുക്കന്നൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ നടത്തി. സ്മിതയുടെ സംസ്‌ക്കാരം ഭർതൃ വീടായ ഇടലക്കാട് അൽപ്പ സമയത്തിനുള്ളിൽ നടക്കും.