കൊച്ചി: ആർക്കും നുഴഞ്ഞു കയറാവുന്ന സ്ഥലമാണ് കൊച്ചിയിലെ നേവി ആസ്ഥാനവും പരിസരവും. വർഷങ്ങൾക്ക് മുമ്പ് വ്യാജ സർട്ടിഫിക്കറ്റുമായി ചലർ സൈന്യത്തിന്റെ കോഴ്‌സിന് പോയതു പോലും കൊച്ചി നേവൽ ആസ്ഥാനത്തെ ബന്ധങ്ങൾ ഉപയോഗിച്ചാണ്. കേസു പോലും എടുത്തില്ല. അങ്ങനെ പഴുതുകൾ ഏറെയുള്ള സ്ഥലം. ഇതാണ് വീണ്ടും അഫ്ഗാൻ സ്വദേശിയും ദുരുപയോഗപ്പെടുത്തുന്നത്.

അതിനിടെ അസം സർക്കാരിന്റെ തിരിച്ചറിയൽ രേഖ സമർപ്പിച്ചു കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്ത അഫ്ഗാൻ പൗരൻ ഈദ്ഗുല്ലിനെ (അബ്ബാസ് ഖാൻ22) കേരളത്തിലേക്കു കൂട്ടിക്കൊണ്ടുവന്നതു സ്വന്തം അമ്മാവൻ തന്നെയാണെന്നു അന്വേഷണ സംഘം കണ്ടെത്തി. കപ്പൽശാലയിലെ കരാറുകാരന്റെ തൊഴിലാളിയാണ് അസം സ്വദേശിയായ അമ്മാവൻ. ഈദ്ഗുല്ലിനെ ജോലിക്കു കൊണ്ടുവരുന്നതു നിയമവിരുദ്ധമാണെന്ന് അറിയില്ലെന്നാണ് ഇയാളുടെ മൊഴി. ഈ മൊഴിയിൽ പഴയ വ്യാജ സർട്ടിഫിക്കറ്റുമായി കോഴ്‌സിന് പങ്കെടുത്തതു പോലെ എല്ലാ അന്വേഷണവും അവസാനിപ്പിക്കും.

ഗൂഢാലോചനയോ ചാര പ്രവർത്തനമോ നടന്നില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്യും. മുമ്പ് മറ്റൊരു ചാര പ്രവർത്തനവും കൊച്ചിയിൽ നടന്നിരുന്നു. ആ കേസും എങ്ങും എത്തിയില്ല. ഇതു കൊണ്ടു തന്നെ അഫ്ഗാൻ പൗരനും രക്ഷ നേടാനാകുമെന്ന വിമർശനം സജീവമാണ്. കേരളാ പൊലീസിനു പുറമേ കേന്ദ്ര ഏജൻസികളും ഈദ്ഗുല്ലിനൊപ്പം ഇയാളെ ചോദ്യം ചെയ്യും. പ്രതിരോധവകുപ്പിനു വേണ്ടി കൊച്ചി കപ്പൽശാല നിർമ്മിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ നിർമ്മാണ സാമഗ്രികൾ ഒരുക്കുന്നതിൽ ഇരുവരും സഹായികളായി ജോലി ചെയ്തിട്ടുണ്ട്.

എന്നാൽ വിമാനവാഹിനിക്കുള്ളിൽ ഇവർ കയറിയിട്ടില്ല. അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്ത ഈദ്ഗുല്ലിനെ അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അഫ്ഗാനിസ്ഥാനിൽ ജോലി ലഭിക്കാതായതോടെയാണ് ഈദ്ഗുൽ അസമിലെ അമ്മവീട്ടിലെത്തിയത്. കൊച്ചി കപ്പൽശാലയിൽ ജോലിചെയ്യുന്ന അമ്മാവനു അസുഖം ബാധിച്ചതോടെ പരിചരിക്കാനായി കൊച്ചിയിലെത്തി. ഇയാൾ സുഖപ്പെട്ടപ്പോൾ ഇരുവരും ഒരുമിച്ചു കപ്പൽശാലയിലെ കരാറുകാരന്റെ സഹായികളായി ജോലി ചെയ്തു. ഇതാണ് മൊഴി.

എന്നാൽ കപ്പൽശാല അധികാരികൾ വിവരം അറിഞ്ഞതോടെ ഈദ്ഗുൽ കൊൽക്കത്തയിലേക്കു കടന്നുകളഞ്ഞതു സംശയം വർധിപ്പിച്ചു. മലയാളം അടക്കമുള്ള ഭാഷകൾ അതിവേഗം വശമാക്കിയ ഈദ്ഗുൽ ഹിന്ദിയും ഇംഗ്ലിഷും അടക്കം 5 ഭാഷകളിൽ സംസാരിച്ചിരുന്നു. ഇയാളെ കസ്റ്റഡിയിൽ ലഭിക്കുമ്പോൾ കേരള പൊലീസിനൊപ്പം കേന്ദ്ര ഏജൻസികളും ചോദ്യംചെയ്യലിൽ സഹകരിക്കും. പൊലീസും കേന്ദ്ര ഏജൻസികളും ഈദ്ഗുല്ലിന്റെ നീക്കങ്ങളിൽ ഇതുവരെ അസ്വാഭാവികതകൾ കണ്ടെത്തിയിട്ടില്ല.

വ്യാജരേഖയുണ്ടാക്കി ജോലിക്ക് കയറിയ കേസിൽ റിമാൻഡിൽ കഴിയുന്ന അഫ്ഗാൻ പൗരൻനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പ്രതിയെ ലഭിച്ചേക്കുമെന്ന് എറണാകുളം എസിപി വൈ നിസാമുദീൻ പറഞ്ഞു. ഇയാൾക്ക് ജോലി ലഭിക്കാനും വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കാനും സഹായിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കും. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലിന്റെ നിർമ്മാണം പുരോഗമിക്കുന്ന കൊച്ചി കപ്പൽശാലയിൽ നടന്ന സംഭവം ഏറെ ഗൗരവമേറിയതാണെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ.

ഈദ് ഗുൾ ഒന്നരവർഷം ആൾമാറാട്ടം നടത്തി കപ്പൽശാലയിൽ തൊഴിലെടുത്തതിനെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും വിവരം ശേഖരിച്ചു. 2019ൽ വിമാനവാഹിനിയുടെ നിർമ്മാണത്തിനിടെ ഇതിന്റെ ഹാർഡ്ഡിസ്‌ക്, പ്രോസസർ എന്നിവ മോഷണം പോയത് വാർത്തയായിരുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിച്ച കേസിൽ ബിഹാർ, രാജസ്ഥാൻ സ്വദേശികൾ പണത്തിനുവേണ്ടിയാണ് ഇവ മോഷ്ടിച്ചതെന്നാണ് കണ്ടെത്തിയത്. കേന്ദ്ര വ്യവസായ സംരക്ഷണ സേനയ്ക്കാണ് കപ്പൽശാലയുടെ സുരക്ഷാ ചുമതല.