കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ ഒന്നരവയസ്സുകാരി നോറ മരിയയെ ജോൺ ബിനോയി ഡിക്രൂസ് കൊലപ്പെടുത്തിയത് കുഞ്ഞിന്റെ മുത്തശിയും തന്റെ കാമുകിയുമായ സിപ്‌സിയോടുള്ള പക തീർക്കാൻ. തന്നെക്കാൾ പ്രായത്തിൽ മുതിർന്ന സിപ്‌സി(50) യുമായി അകലാൻ ശ്രമിക്കുക ആയിരുന്നു ജോൺ ബിനോയി(28). ഇതോടെ ഇവർ ജോൺ ബിനോയിക്കെതിരെ കള്ളക്കേസുകൾ കൊടുത്തിരുന്നതായി പറയുന്നു. കൂടാതെ ജോൺ ബിനോയിയുടെ വീട്ടിലും നേരത്തെ ജോലി ചെയ്തിരുന്നപ്പോൾ അവിടെയും ഒക്കെ കുട്ടിയുമായി സിപ്‌സി ചെന്നിരുന്നു. കുട്ടിയെ ബിനോയിയിൽ നിന്ന് തനിക്ക് ഉണ്ടായതാണെന്ന് സിപ്‌സി ആരോപിച്ചത് ബിനോയിക്ക് നാണക്കേടായി എന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞു.

വൈരാഗ്യത്തിനൊപ്പം തന്റെ കാമുകിയായിരിക്കെ സിപ്‌സിയുടെ വഴിവിട്ട ജീവിത രീതിയോടുള്ള വിദ്വേഷവും കുട്ടിയെ കൊല ചെയ്യാൻ പ്രേരിപ്പിച്ചതായി എഫ്‌ഐആറിൽ പറയുന്നു.

ശനിയാഴ്ച രാത്രിയാണ് അങ്കമാലി സ്വദേശിനി സിപ്‌സി മകന്റെ രണ്ടു മക്കൾക്കും ജോൺ ബിനോയിക്കുമൊപ്പം കലൂരിലെ ഒലീഷിയ ഹോട്ടലിൽ മുറിയെടുത്തത്. എല്ലാ ദിവസവും രാത്രി സ്ത്രീ പുറത്ത് പോകുമായിരുന്നെന്നും ചൊവ്വാഴ്ച പുലർച്ചെ പരിഭ്രാന്തിയോടെയാണ് അവർ തിരിച്ചുവന്നതെന്നും ഹോട്ടൽ ജീവനക്കാരൻ പറയുന്നു. സിപ്‌സി പുറത്തുപോയിരുന്ന സമയത്ത് വൈരാഗ്യം തീർക്കാൻ കുട്ടിയെ ബാത്ത്‌റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ തല കുനിച്ച് നിർത്തി പിടിച്ച് പൈപ്പിന്റെ ടാപ്പ് തുറന്ന് ശ്വാസം മുട്ടിച്ച് വകവരുത്തുക ആയിരുന്നു.

ബിനോയിക്ക് മാത്രമാണ് കൊലപാതകത്തിൽ പങ്കെന്നാണ് പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന കാര്യം. കുഞ്ഞിന്റെ സംസ്‌ക്കാര ചടങ്ങുകൾ കൂടി നടക്കുന്ന പശ്ചാത്തലത്തിൽ മുത്തശ്ശിയെ പൊലീസ് വിട്ടയച്ചിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയും വിദേശത്തു നിന്നും എത്തിയിട്ടുണ്ട്.

സംഭവം ഇങ്ങനെ

കുഞ്ഞിന്റെ മുത്തശ്ശി സിപ്സിയുമായി ബിനോയിയുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്നുമാണ് റിപ്പോർട്ട്. ഇതു കൈപ്പറ്റാനാണ് വന്നത് എന്നാണ് പറയുന്നത്. ഇതിനിടെ ഈ സുഹൃത്തിന്റെ സുഹൃത്തുമായി തർക്കം ഉണ്ടായെന്നും പറയുന്നു. കുഞ്ഞു മരിക്കുമ്പൾ മുത്തശ്ശി മുറിയിലുണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന ഇവരെ ജോൺ ബിനോയ് അറിയിച്ചത് കുഞ്ഞു പാലുകുടിച്ചപ്പോൾ നെറുകയിൽ പോയി അബോധാവസ്ഥയിലായി എന്നായിരുന്നു. രാത്രി ഒന്നരയോടെ ഹോട്ടൽ മുറിയിലേയ്ക്ക് എത്തിയ ഇവർ ജീവനക്കാരോട് കുഞ്ഞിന് എന്തോ പറ്റി എന്നു പറഞ്ഞാണ് അകത്തേയ്ക്കു പോയത്. തിരികെ വരുമ്പോൾ തോളിൽ അബോധാവസ്ഥയിൽ കുഞ്ഞുണ്ടായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചു പറഞ്ഞതും ഇതു തന്നെയായിരുന്നു.

കുഞ്ഞിന്റെ മരണം സ്വാഭാവികമാണ് എന്നായിരുന്നു ആശുപത്രി അധികൃതരും കരുതിയത്. എന്നാൽ സംശയം തോന്നിയ കുഞ്ഞിന്റെ പിതാവ് ആവശ്യപ്പെട്ടതനുസരിച്ചു നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണം വെള്ളം അകത്തു ചെന്നാണ് എന്നു ബോധ്യപ്പെട്ടത്. ഇതോടെ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഹോട്ടൽ മുറിയിൽ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് വാക്ക്തർക്കമുണ്ടാക്കുകയും ഇതിനിടെ കുഞ്ഞിനെ ഹോട്ടൽ ബാത്ത്‌റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നുവെന്നുമാണ് ബിനോയ് ഡിക്രൂസ് പൊലീസിന് നൽകിയ മൊഴി. എന്നാൽ താൻ പുറത്തു പോയ സമയത്താണ് യുവാവ് പെൺകുഞ്ഞിനെ മുക്കി കൊന്നതെന്നാണ് സ്ത്രീയുടെ മൊഴി.

കുട്ടികളുടെ ബന്ധുക്കളുമായെല്ലാം പൊലീസ് ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടുന്നുണ്ട്. വിദേശത്തുള്ള കുഞ്ഞിന്റെ മാതാവും കൊച്ചിയിൽ എത്തി. ഇവർക്കൊപ്പം മൂത്ത മകനെ പറഞ്ഞു വിട്ടിരിക്കയാണ്. കുട്ടിയുടെ പിതാവ് ഒരു വാഹനാപകടത്തെതുടർന്ന് ഒരു വർഷമായി ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലാണെന്നാണ് വിവരം. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. കുട്ടിയുടെ സംസ്‌കാരം ഇന്ന് തന്നെ കൊച്ചിയിലെ പള്ളിയിൽ നടക്കും.

ശ്വാസകോശത്തിൽ വെള്ളം കയറിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ബന്ധുക്കളുമായി സംസാരിക്കുന്നുണ്ടെന്നും സംരക്ഷണം നൽകാൻ ബന്ധുക്കൾക്ക് സാധിക്കുന്നില്ലെങ്കിൽ നാല് വയസ്ലുള്ള ആണ്കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്നും എറണാകുളം ശിശുക്ഷേസമിതി അധ്യക്ഷക്ഷ പറഞ്ഞു. കേസിൽ പ്രതിയായ ബിനോയ് ഡിക്രൂസ് ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നാണ് മനസ്സിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ അറസ്റ്റിലായ ബിനോയി ഡിക്രൂസുമായി പൊലീസ് ഹോട്ടലിൽ തെളിവെടുപ്പു നടത്തി. ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ പിതാവിന്റെ മാതാവായ സിക്‌സി നാല് വയസ്സുള്ള ആൺകുഞ്ഞിനും ഒന്നര വയസ്സുകാരിയായ പെൺകുഞ്ഞിനുമൊപ്പം ബിനോയ് ഡിക്രൂസിനും ഒപ്പം കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ സ്ത്രീ അതിരാവിലെ പുറത്തേക്ക് പോകുകയും രാത്രിയോടെ മടങ്ങി വരികയുമാണ് ചെയ്തിരുന്നതെന്നും ഈ സമയത്തെല്ലാം യുവാവായിരുന്നു കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇവർ താമസിച്ച ഹോട്ടലിലെ ജീവനക്കാർ പറയുന്നു.

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഈ ഹോട്ടലിന്റെ റിസപ്ഷനിലേക്ക് സ്ത്രീ പെൺകുഞ്ഞുമായി എത്തി. കുട്ടി ഛർദ്ദിച്ച് അവശനിലയിലായെന്നും ഇപ്പോൾ അനക്കമില്ലെന്നും പരിഭ്രാന്തയായി പറഞ്ഞു. ഈ സമയം നാല് വയസ്സുള്ള ആൺകുഞ്ഞും ഈ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് സ്ത്രീ കുഞ്ഞുങ്ങളേയും കൊണ്ട് കലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി. എന്നാൽ ആശുപത്രിയിലെത്തിക്കും മുൻപേ തന്നെ കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് ഛർദ്ദിച്ച് അവശനിലയിലായെന്നാണ് സ്ത്രീ ഡോക്ടർമാരോട് പറഞ്ഞതെങ്കിലും പരിശോധനയിൽ കുട്ടി മുങ്ങിമരിച്ചതാണെന്ന് ഡോക്ടർമാർക്ക് മനസിലായി. ഇതോടെ ആശുപത്രി അധികൃതർ കൊച്ചി നോർത്ത് പൊലീസിൽ വിവരമറിയിച്ചു.

ആശുപത്രിയിലെത്തിയ പൊലീസുദ്യോഗസ്ഥർക്ക് യുവാവിന്റേയും സ്ത്രീയുടേയും മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്നതാണെന്ന് വ്യക്തമായത്. രാവിലെ പതിനൊന്ന് മണിയോടെ പൊലീസ് ഉദ്യോഗസ്ഥർ ഇവർ താമസിച്ച ഹോട്ടലിൽ എത്തുകയും മുറി പരിശോധിക്കുകയും ചെയ്തു. ഫോറൻസിക് ഉദ്യോഗസ്ഥരും മുറയിൽ എത്തി പരിശോധന നടത്തി.