കൊച്ചി: സിനിമാ സ്റ്റൈൽ മോഷണം എന്നൊക്കെ നിരവധി തവണ നമ്മൾ കേട്ടിട്ടുണ്ട്. പല സംഭവങ്ങളെയും അങ്ങനെ വിശേഷിപ്പിക്കാറുമുണ്ട്.

എന്നാലിതാ, സിനിമയിൽ മാല മോഷ്ടാവായി അഭിനയിച്ച ആൾ തന്നെ മാല മോഷണക്കേസിൽ പിടിയിലായിരിക്കുന്നു. കൊച്ചി ഷാഡോ പൊലീസാണ് 'സിനിമാതാരം' ഉൾപ്പെടെയുള്ള ആറംഗ സംഘത്തെ പിടികൂടിയത്.

റിലീസിനൊരുങ്ങുന്ന ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ അഭിനേതാവും കൂട്ടരുമാണ് പിടിയിലായത്. ചിത്രത്തിൽ മാലമോഷ്ടാവായിത്തന്നെയാണ് ഇയാൾ അഭിനയിച്ചത്.

സംസ്ഥാനത്തുടനീളം മാലമോഷണം നടത്തിയിരുന്ന ആറംഗ സംഘമാണ് കൊച്ചിയിൽ ഷാഡോ പൊലീസിന്റെ വലയിലായത്. 160 ഓളം മാലമോഷണ കേസുകളാണ് ഇവരുടെ പേരിലുള്ളത്.

ഇതിൽ 135 കേസുകളും കൊച്ചി നഗരം കേന്ദ്രീകരിച്ചായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇവരിൽ നിന്ന് 50 പവൻ സ്വർണവും പൊലീസ് കണ്ടെടുത്തു.