കാക്കനാട്: കേരളം മുഴുവൻ കൊട്ടിഘോഷിച്ച് കൊണ്ടു വന്ന സ്വപ്ന പദ്ധതിയായി സ്മാർട്ട് സിറ്റിക്ക് അകാല ചരമം. ദുബായിലെ ഓഫീസ് പ്രവർത്തനങ്ങൾ പൂർണ്ണമായി നിലച്ചതോടെയാണ് കേരള സർക്കാർ അഭിമാന പദ്ധതിയയി ഉയർത്തി കാട്ടിയ സ്മാർട്ട് സിറ്റിക്ക് താഴു വീണത്. കൊച്ചി സ്മാർട് സിറ്റി ദുബായ്  ഓഫിസിന്റെ പ്രവർത്തനം 2017ഓടെ പൂർണ്ണമായും നിലച്ചു.

കൂടാതെ കമ്പനിയുടെ മാനേജ്‌മെന്റും മാറിയതും ദുബായ്ക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാനും പറഞ്ഞതോടെയാണ് കേരളത്തിന്റെ സ്വപ്‌ന പദ്ധതിക്ക് നേരെ വാതിലുകൾ കൊട്ടിയടക്കപ്പെട്ടത്. പുതിയ നേതൃത്വത്തിന്റെ തീരുമാനം ദുബായ്്ക്ക് പുറത്തുള്ള എല്ലാ പദ്ധതികളും ഉപേക്ഷിക്കാനാണ്. ഇത് ഏറെ പ്രഹരമാകുക കേരളത്തിനാണ്. 78,000 തൊഴിലവസരങ്ങളും 90 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളും സംസ്ഥാനത്തിനു നഷ്ടമാകും. ദുബായ് ഹോൾഡിങ്‌സ് സൗദി അറേബ്യയിൽ തുടങ്ങിവച്ച സ്മാർട് സിറ്റി പദ്ധതിയും ഉപേക്ഷിച്ചു.

2004-ലാണ് ദുബായ് ഹോൾഡിങ്‌സ് തങ്ങളുടെ രാജ്യത്തിനു പുറത്തും പുതിയ പദ്ധതികൾ കൊണ്ടുവരാനുള്ള ആശയത്തിനു രൂപം കൊടുത്തത്. ഈ തീരുമാനം അനുസരിച്ച് ഇന്ത്യയിൽ ഗുർഗാവ്, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളിൽ എവിടെയെങ്കിലും പദ്ധതി തുടങ്ങാനായിരുന്നു ആദ്യതീരുമാനം. എന്നാൽ കോർ ടീമിൽ അംഗമായിരുന്ന ഏകമലയാളിയും ദുബായ് പ്രോപ്പർട്ടി മാനേജ്‌മെന്റ് തലവനുമായിരുന്ന ബാജു ജോർജ് കേരളത്തിൽ പദ്ധതി തുടങ്ങിയാൽ നന്നാവുമെന്ന് അധികൃതരെ ധരിപ്പിച്ചു. ഇതു പ്രകാരം 2004-ൽ ഇതുസംബന്ധിച്ച ആദ്യനിർദ്ദേശം സർക്കാരിനു സമർപ്പിച്ചതോടെയാണ് സ്മാർട്ട് സിറ്റി മോഹം കേരളത്തിലും പടർന്നു പിടിച്ചത്.

സർക്കാർ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ഇന്റഫോ പാർക്ക് വിലക്കു വാങ്ങി സ്മാർട്ട് സിറ്റി തുടങ്ങാനാണ് ആദ്യ ശ്രമം തുടങ്ങിയത്. 62 ഏക്കറിനു 300 കോടി രൂപ വില പറഞ്ഞെങ്കിലും ഇൻഫോപാർക്ക് വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തിൽ ഇടതുസർക്കാർ ഉറച്ചുനിന്നു.
തുടർന്നു 2004 ഡിസംബറിൽ ചീഫ് സെക്രട്ടറിയും ദുബായ് ഹോൾഡിങ്‌സും കൊച്ചി സ്മാർട് സിറ്റിക്കു കരാറൊപ്പിട്ടു. 2006-ൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽവന്നു.

ഇടതു സർക്കാരിന്റെ കടുംപിടുത്തത്തിനിടയിലും ചില ആശയക്കുഴപ്പങ്ങൾക്കിടയിലും കരാർ ഒപ്പിടാൻ ഹൈക്കോടതി വിധിയുണ്ടായെങ്കിലും ഒരുദിവസം മാത്രം ശേഷിക്കേ ദുബായ് സംഘത്തിനു കേരളത്തിലെത്താൻ കഴിഞ്ഞില്ല. സ്റ്റാമ്പ് ഡ്യൂട്ടി, ഫ്രീ-ഹോൾഡിങ് തുടങ്ങിയ വിഷയങ്ങളിൽ തർക്കങ്ങൾ ഉടലെടുത്തതോടെ കരാർ വീണ്ടും വൈകി. 2011 ഫെബ്രുവരിയിലാണു സ്മാർട് സിറ്റി കരാറിൽ സർക്കാരും ദുബായ് ഹോൾഡിങ്‌സും ഒപ്പിട്ടത്.

സർക്കാർ നിർദ്ദേശപ്രകാരം ഇൻഫോപാർക്ക് സിഇഒ, സ്മാർട് സിറ്റിയുടെയും ചുമതലയേറ്റു. 2013 മേയിൽ മാസ്റ്റർ പ്ലാൻ തയാറാക്കി, ജൂണിൽ നിർമ്മാണമാരംഭിച്ചെങ്കിലും പദ്ധതി വീണ്ടും മന്ദഗതിയിലായി. 2014 ഡിസംബറിൽ ആറരലക്ഷം ചതുരശ്രയടി കെട്ടിടം പൂർത്തീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല. 2015 ജൂണിലും നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാകാതിരുന്നതോടെ ഒന്നാംഘട്ടം ഉദ്ഘാടനം യഥാസമയം നടക്കില്ലെന്നു ദുബായ് കമ്പനിക്കു ബോധ്യമായി.

സർക്കാർ നിയോഗിച്ച സിഇഒയെ മാറ്റണമെന്ന ആവശ്യത്തേത്തുടർന്ന് സ്മാർട് സിറ്റി എം.ഡിയായി ബാജു ജോർജ് ചുമതലയേറ്റു. 2016-ൽ ഒന്നാംഘട്ടം പൂർത്തീകരിച്ച്, മാർച്ചിൽ ഉദ്ഘാടനവും നടന്നു. രണ്ടാംഘട്ടത്തിൽ പൂർത്തീകരിക്കേണ്ട 90,000 ചതുരശ്രയടി കെട്ടിടങ്ങളും 78,000 തൊഴിലവസരങ്ങളുമാണു പദ്ധതി വേണ്ടെന്നുവച്ചതോടെ കേരളത്തിനു നഷ്ടമാകുന്നത്.

സ്മാർട് സിറ്റി രണ്ടാംഘട്ടം നിർമ്മാണമേൽനോട്ടത്തിനായി പുതിയ സിഇഒയെ ദുബായ് ഹോൾഡിങ്‌സ് നിയമിച്ചെങ്കിലും പദ്ധതിയുടെ ദുബായ് ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. 100 കോടി രൂപ കടമുണ്ടായിരുന്നതിൽ 40 കോടി പഴയ എം.ഡിയുടെ കാലത്തു മടക്കിനൽകി. 10 കോടി രൂപ കാഷ് ബാലൻസ് ഉണ്ടെങ്കിലും കൊച്ചി സ്മാർട് സിറ്റിക്കു പിന്നീടു ദുബായ് കമ്പനി പ്രവർത്തന ഫണ്ട് കൈമാറിയിട്ടില്ല. കമ്പനിക്കു ഫ്രീ സോണിൽ ബാക്കിയുള്ളതു 115 ഏക്കറോളം ഭൂമിയാണ്. അതും വിൽക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്.