കൊച്ചി: വിവരാസാങ്കേതിക വിപ്ലവത്തിലൂടെ കേരളത്തിലെ തൊഴിൽ സാധ്യത ഉയർത്തുകയെന്ന ലക്ഷ്യം കൈവരിക്കാൻ സ്മാർട് സിറ്റിക്ക് കഴിയുമോ? ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തോടെ ആശങ്ക ശക്തമാവുകയാണ്. ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ സ്മാർട് സിറ്റിക്ക് വീഴ്ച വന്നുവെന്ന് തന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്മാർട്ട് സിറ്റിയുടെ ഉദ്ഘാടന ചടങ്ങിൽ ആദ്യഘട്ടത്തിൽ ഉണ്ടാകുമെന്ന് പറഞ്ഞ 27 കമ്പനികളുടെ പേരുകൾ പ്രഖ്യാപിച്ചില്ല. സംഘാടകരുടെ കൈവശമുള്ളത് 27നു പകരം 22 കമ്പനികളാണെന്നും, അഞ്ചു കമ്പനികളുമായുള്ള ചർച്ചകൾ പൂർത്തിയായില്ലെന്നുമാണ് ടീകോം ഇതിനു നൽകിയ വിശദീകരണം.

കാക്കനാട്ട് 246 ഏക്കർ വരുന്ന സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആറരലക്ഷം ചതുരശ്രയടിയിലുള്ള ഐ.ടി. ടവറിന്റെയും രണ്ടാംഘട്ടത്തിന്റെ നിർമ്മാണോദ്ഘാടനവുമാണ് ഇന്ന് നടന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രിയും ദുബൈ ഹോൾഡിങ് ചെയർമാനുമായ മുഹമ്മദ് അൽ ഗർഗാവി, ദുബൈ ഹോൾഡിങ് വൈസ് ചെയർമാനും എം.ഡിയുമായ അഹമ്മദ് ബിൻ ബ്യാത്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സ്മാർട്ട് സിറ്റി ഡയറക്ടർ ബോർഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസഫലി എന്നിവർ ചേർന്നാണ് സ്മാർട് സിറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന ചടങ്ങിൽ നിന്നും ഇടതുപക്ഷം വിട്ടുനിൽക്കുകയും, ഉദ്ഘാടനവേദിക്ക് പുറത്ത് ഇടതുപക്ഷം പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

വിമർശനങ്ങൾ ശരിവയ്ക്കുന്നതാണ് സ്മാർട് സിറ്റ് പുറത്തുവിട്ട കമ്പനികളുടെ പട്ടിക. പുറത്തുവിട്ട ലിസ്റ്റ് പ്രകാരം ഈ 22 കമ്പനികളിൽ പകുതിയിലധികവും ഐടി ഇതര കമ്പനികളാണ്. ആസ്റ്റർ മെഡിസിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്നിങ്ങനെ തുടങ്ങി തിരുവനന്തപുരം ടെക്‌നോപാർക്കിലെ ചെറുകിട ഇടത്തരം കമ്പനികൾ മാത്രമാണ് സ്മാർട്ട് സിറ്റിയുടെ ആദ്യഘട്ടത്തിൽ പ്രവർത്തന സജ്ജരായി വന്നിരിക്കുന്നത്. ആശുപത്രിയും ബാങ്കും എങ്ങനെ ഐടി കമ്പനികളാകുമെന്ന ചോദ്യമാണ് ഉയരുന്നത്. 5000 പേർക്ക് തൊഴിൽ എന്ന ലക്ഷ്യവും ഫലം കാണില്ലെന്നാണ് സൂചന. നാല് വിദേശ കമ്പനികൾ മാത്രമേ ലിസ്റ്റിലുള്ളൂ എന്നതും ശ്രദ്ധേയമാണ്.

സ്മാർട്ട് സിറ്റിയുടെ ആദ്യഘട്ടത്തിൽ ഉണ്ടാകുന്ന 22 കമ്പനികളുടെ പേരുകൾ

  • ലിറ്റിൽ ജെംസ്
  • ഫ്രഷ് ഫാസ്റ്റ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്
  • ഐഡിയ സെല്ലുലാർ ലിമിറ്റഡ്
  • ആസ്റ്റർ മെഡിസിറ്റി
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
  • ഐഎച്ച്‌ഐറ്റിഎസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്
  • ഡൈനാമിക്‌നെക്സ്റ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്
  • വിട്രിയോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
  • സിങ്‌നെറ്റ് സോഫ്റ്റ് വെയർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
  • എക്‌സാ സോഫ്റ്റ്‌വെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്
  • ലൊജിറ്റിക്‌സ് ടെക്‌നോ ലാബ്‌സ് എൽഎൽപി
  • സായി ബിപിഒ സർവീസസ് ലിമിറ്റഡ്
  • മുസ്തഫ ആൻഡ് അൽമന
  • 7 നോഡ്‌സ് ടെക്‌നോളജീ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
  • റ്റികെഎം ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്
  • എൻഡൈമെൻഷൻസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
  • മാരിയപ്പൻസ് മറൈൻ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
  • ഡിആർഡി കമ്മ്യൂണിക്കേഷൻസ് ആൻഡ് സോഫ്റ്റ്‌വെയർ പ്രൈവറ്റ് ലിമിറ്റഡ്
  • ഐബിഎസ് സോഫ്റ്റ് വെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്
  • പാത്ത് സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
  • അഗ്രിജെനോം ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്
  • ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ്

അതിനിടെ വലിയ വിമർശനമാണ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഉന്നയിക്കുന്നത്. സ്മാർട്‌സിറ്റി ഒരു റിയൽ എസ്റ്റേറ്റ് തട്ടിപ്പായെന്ന് സിപിഐ(എം) നേതാവ് എസ് ശർമ്മ പറയുന്നു. ഇൻഫോപാർക്ക് ഉൾപ്പെടെ മുന്നൂറോളം ഏക്കർ ഭൂമി ദുബായ് കമ്പനിക്ക് കൈമാറാനുള്ള നീക്കമാണ് നടന്നത്. 100ഏക്കർ ഭൂമി ഏക്കറിന് വർഷം ഒരു രൂപ പാട്ടനിരക്കിൽ നൽകുക. ഈ ഭൂമിയുടെ പാട്ടം മാറ്റി ഫ്രീ ഹോൾഡ് ആക്കാനുള്ള അവസരവും കമ്പനിക്ക് നൽകി. ഇതിനു ചുറ്റും 136 ഏക്കർ ഭൂമി സെന്റിന് വെറും 26,740 രൂപ നിരക്കിൽ 26 കോടിക്ക് വിൽക്കുക. ഇതിനും പുറമെസംസ്ഥാനത്തെ ഐടി വികസനരംഗത്തെ അഭിമാന സ്ഥാപനമായ ഇൻഫോപാർക്ക് സ്ഥിതി ചെയ്തിരുന്ന 62.27 ഏക്കർ ഭൂമിയും ഒരുലക്ഷം ചതുരശ്രയടി കെട്ടിടവും വെറും 109 കോടി രൂപയ്ക്ക് കൈമാറുക. യഥാർഥത്തിൽ 136 ഏക്കർ ഭൂമിയും ഇൻഫോപാർക്കും നിസ്സാര വിലയ്ക്ക് വിൽക്കാനായിരുന്നു യുഡിഎഫ് സർക്കാർ ശ്രമിച്ചത്. നേട്ടമായി പറഞ്ഞിരുന്നതോ ഗവൺമെന്റ് 9 ശതമാനം ലൂൗശ്യേ, അഞ്ചുവർഷംകൊണ്ട് 5000 പേർക്ക് തൊഴിൽ. അത് ഏഴുവർഷം ആകുമ്പോൾ 15000 ആയും 10 വർഷമാകുമ്പോൾ 33,000 ആയും ഉയരും. മറ്റ് ജില്ലകളിലൊന്നും ഐടി വ്യവസായം പാടില്ലായെന്നതായിരുന്നു ഏറ്റവും അപകടകരമായ വ്യവസ്ഥ. അതേസമയം വിജയകരമായി പ്രവർത്തിച്ചുവന്ന ഇൻഫോപാർക്ക് വിട്ടുകൊടുക്കാതെതന്നെ 90,000 പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനാണ് എൽഡിഎഫ് സർക്കാർ വ്യവസ്ഥ ചെയ്തതെന്നാണഅ ശർമ്മയുടെ വിമർശനം.

വി എസ് അച്യുതാനന്ദനാണ് സ്മാർട് സിറ്റിക്ക് തുടക്കമിടുന്ന കരാർ ഉണ്ടാക്കിയത്. ഇത് അട്ടിമറിക്കപ്പെട്ടുവെന്ന് സ്മാർട് സിറ്റിയുടെ മുൻ ചെയർമാൻ കൂടിയായ ശർമ്മ പറയുന്നു. 2005ലെ യുഡിഎഫ് ഗവൺമെന്റും 2006ൽ അധികാരമേറ്റ എൽഡിഎഫ് ഗവൺമെന്റും കൊണ്ടുവന്ന വ്യവസ്ഥകൾ തമ്മിൽ രാവും പകലുംപോലെ വ്യത്യാസമുണ്ട്. കേരള താൽപ്പര്യങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ടുള്ളതായിരുന്നു. യുഡിഎഫിന്റെകാലത്ത് കുറഞ്ഞവിലയ്ക്ക് നൂറുകണക്കിന് ഏക്കർ സ്വന്തമാക്കാമെന്ന് കരുതിവന്ന ടീകോം 39.5 ഏക്കർ വരുന്ന ഫ്രീ ഹോൾഡ് ഭൂമിക്ക് വിൽപ്പനാവകാശം വേണമെന്ന നിലനിൽക്കാത്ത അവകാശവാദം ഉയർത്തി പദ്ധതി വൈകിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, എൽഡിഎഫ് ഗവൺമെന്റ് എടുത്ത കർശന നിലപാടിലൂടെ വിൽപ്പനാവകാശം അനുവദിക്കാതെ തന്നെ ആ തർക്കങ്ങളും പരിഹരിച്ചു. ഈ കരാറുകളുടെ അടിസ്ഥാനത്തിൽ സ്മാർട്ട്‌സിറ്റി പദ്ധതി പൂർത്തീകരിക്കുകയാണ് ഉമ്മൻചാണ്ടീ നിങ്ങൾ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് നിങ്ങൾ ചെയ്തതെന്താണ്. 236 ഏക്കർ വരുന്ന സ്മാർട്ട്‌സിറ്റി പദ്ധതി ഭൂമിയുടെ നാലുശതമാനം മാത്രം വരുന്ന 10 ഏക്കറിൽ, 88 ലക്ഷം ചതുരശ്രയടി കെട്ടിടം നിർമ്മിക്കേണ്ടിടത്ത് വെറും ആറുലക്ഷം (7.5 ശതമാനം) ചതുരശ്രയടി കെട്ടിടം നിർമ്മിച്ചു എന്നതല്ലേ? തൊഴിലവസരങ്ങളിലും വൻ കുറവാണെന്നും ഇതിൽ നേട്ടമില്ലെന്നും ശർമ്മ വിശദീകരിക്കുന്നു.

എന്നാൽ സ്മാർട്ട് സിറ്റിയുടെ ആദ്യഘട്ട നിർമ്മാണത്തിൽ പൂർണ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നുു. പദ്ധതിക്കെതിരെയുള്ള സിപിഐ.എമ്മിന്റെ പ്രതിഷേധത്തിൽ കഴമ്പില്ല. സിപിഐ.എമ്മിന് നിറവേറ്റാനാകാത്തത് സർക്കാർ ഇപ്പോൾ നിറവേറ്റിയിരിക്കുകയാണ്. കേരളത്തിലെ യുവാക്കൾക്ക് സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്യാനുള്ള അവസരമാണ് വന്നിരിക്കുന്നതെന്നും, ലോകം കേരളത്തിലേക്ക് വരാൻ പോകുന്ന കാഴ്ചയാണ് ഇനി കാണാൻ പോകുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനൊപ്പം സ്മാർട്ട് സിറ്റിയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കും ഇന്ന് തുടക്കമായി. മൂന്ന് ഘട്ടങ്ങളായി നിർമ്മിക്കുന്ന പദ്ധതി 2020ൽ പൂർത്തീകരിക്കുമെന്നും വിശദീകരിക്കുന്നു. പുതിയ പദ്ധതിയെന്ന നിലയിൽ പ്രതിബന്ധങ്ങളുണ്ടായെങ്കിലും കൂട്ടായ പ്രവർത്തനഫലമായാണ് ഒന്നാം ഘട്ടം പൂർത്തിയാക്കാൻ കഴിഞ്ഞത്. പദ്ധതി നിർവഹണത്തിന് മുൻ മാതൃകകളില്ലാതിരുന്നതും റോഡ്, പാലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടിവന്നതും ഒന്നാം ഘട്ടം നിർമ്മാണപ്രവർത്തനങ്ങൾക്ക് തടസമായെന്ന് സ്മാർട് സിറ്റി കമ്പനി അധികൃതരും വിശദീകരിക്കുന്നു.