കൊച്ചി: സ്‌കൂൾ-കോളേജ് ഫീസുകൾ അടയ്ക്കുന്നത് ലളിതവും സൗകര്യപ്രദവുമാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച നൂതന ഡിജിറ്റൽ പോർട്ടൽ എൻഫീക്ക് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രചാരമേറുന്നു. നോട്ട് അസാധുവാക്കലിനെ തുടർന്ന് ആളുകൾ ബുദ്ധിമുട്ടുന്ന ഇന്നത്തെ സാഹചര്യത്തിൽ സ്‌കൂൾ ഫീസ് ഓൺലൈനായി അടക്കാനുള്ള സംവിധാനമാണ് പേയ്മെന്റ് ഗേറ്റ്‌വേ സഹിതമുള്ള പ്ലാനറ്റ് ഫീ എന്ന കമ്പനി വികസിപ്പിച്ച എൻഫീ.

ഫീസടയ്ക്കാൻ സ്‌കൂളിലോ ബാങ്കിലോ പോകുകയോ ക്യു നിൽക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം. ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ മൊബൈൽ ഫോണിലോ ലാപ്ടോപ്പിലോ ലോഗിൻ ചെയ്ത് കുട്ടികളുടെ ഫീസ് അടയ്ക്കാം.

ലോഗിൻ ചെയ്യുമ്പോൾ രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളുടെ ഫീസിന്റെ വിശദാംശങ്ങൾ ലഭിക്കും. ഫീസ് അടയ്ക്കേണ്ട നിശ്ചിത തീയതിക്ക് മുമ്പായി തന്നെ രക്ഷിതാക്കൾക്ക് പ്രത്യേക ലിങ്ക് എസ്എംഎസ് ആയി ലഭിക്കും. ഈ ലിങ്കിൽ ക്ലിക്കിൽ ചെയ്ത് ഫീസ് അടയ്ക്കാം.

കൊച്ചിയിലെ പ്രമുഖ സ്‌കൂളുകളായ ഭവൻസ്, ടോക് എച്ച്, അൽ അമീൻ ഉൾപ്പെടെ 45 സ്‌കൂളുകൾ നിലവിൽ ഫീസ് സ്വീകരിക്കാൻ 35,000 വിദ്യാർത്ഥികളുടെ ഫീസ് കൈകാര്യം ചെയ്യുന്ന ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇവിടങ്ങളിലെ 30-40% കുട്ടികളുടെ രക്ഷിതാക്കൾ ഫീസടയ്ക്കാൻ ഈ മാർഗമാണ് ഉപയോഗിക്കുന്നതെന്ന് പ്ലാനറ്റ് ഫീ സിഇഒ വിവേക് പ്രസന്നൻ പറഞ്ഞു. സ്‌കൂളുകളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. ബാങ്കുകൾക്കും ഈ സംവിധാനം ഏറെ ലാഭകരമാണെന്നും അദ്ദേഹം പറഞ്ഞു.

അക്കൗണ്ടിങ്ങും പേയ്മെന്റും നടത്താമെന്നതാണ് എൻഫീയുടെ സവിശേഷതകളിലൊന്ന്. എൻഫീയിൽ സൈൻഅപ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ സ്‌കൂളുകൾക്ക് ഓൺലൈനായി പേയ്മെന്റുകൾ സ്വീകരിക്കാവുന്നതാണ്. ഈ സംവിധാനം സ്‌കൂളുകൾക്ക് സൗജന്യമായാണ് ലഭ്യമാക്കുന്നത്. അതേസമയം രക്ഷിതാക്കളിൽ നിന്നും ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് നിരക്കുകൾക്ക് പുറമേ ഓരോ ഇടപാടിനും 32 രൂപ ഈടാക്കും.

പണം അടയ്ക്കാനും സ്വീകരിക്കാനും രാജ്യത്തെ പ്രമുഖ രണ്ട് പേയ്മെന്റ് ഗേറ്റ്‌വേ കമ്പനികളുടെയും കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കിന്റെയും സേവനമാണ് ഉപയോഗിക്കുന്നത്.

ജോലിത്തിരക്ക് മൂലം കഴിഞ്ഞ വർഷം തന്റെ മകന്റെ ഫീസടയ്ക്കുന്നതിൽ നേരിട്ട ബുദ്ധിമുട്ടാണ് വിവേക് പ്രസന്നനെ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിക്കാൻ പ്രേരിപ്പിച്ചത്. കേരളത്തിലെ പ്രധാനപ്പെട്ട മിക്ക സ്‌കൂളുകളിലും ഫീസ് സ്വീകരിക്കാൻ ഉപഭോക്തൃ സൗഹൃദ സംവിധാനമുണ്ടായിരുന്നില്ല എന്ന കാര്യം മനസ്സിലാക്കിയതിനെ തുടർന്നാണ് എൻഫീ പിറവിയെടുത്തതെന്ന് വിവേക് പറയുന്നു.

തൃക്കാക്കര മോഡൽ എഞ്ചിനീയറിങ് കോളേജിൽ നിന്നും എഞ്ചിനീയറിങ് ബിരുദമെടുത്ത വിവേക് പ്രസന്നനെകൂടാതെ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ നിന്നും ബിരുദമെടുത്ത ജെയ് കുളങ്ങര, കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജിൽ നിന്നുമുള്ള ചെറിയാൻ കുഞ്ഞ്, ഐസക്ക് ആന്റണി എന്നിവരും ചേർന്നാണ് പ്ലാനറ്റ് ഫീ എന്ന സ്റ്റാർട്ടപ്പ് രൂപീകരിച്ചത്. ബാങ്കിങ് ഫിനാൻഷ്യൽ സൊല്യൂഷൻസ് കമ്പനിയായ കാറ്റലിറ്റി ഡിജിറ്റൽ എന്ന കമ്പനിയും ഇവരുടേതായിട്ടുണ്ട്.