കൊച്ചി: സൂചിമുന കൊണ്ട് ത്വക്കിലേക്ക് മഷി ഇൻജക്ട് ചെയ്ത് ടാറ്റു പതിപ്പിക്കുന്നതിനൊപ്പം ചതിയും നടക്കുമോ?. തൊലിയിലെ രണ്ടാം പാളിയിലേക്കാണ് മഷി ഇറങ്ങുന്നത്. തുടർച്ചയായ സൂചിപ്രയോഗം മൂലം വേദനയും മരവിപ്പും ഉണ്ടാകുന്നതിനാൽ എന്തൊക്കെ ചെയ്യുന്നുവെന്ന് തിരിച്ചറിയാൻ പറ്റുന്നില്ലെന്നും പരാതിപ്പെട്ട യുവതികളിൽ ചിലർതന്നെ പറയുന്നുണ്ട്. ഇത് പൊലീസ് ഗൗരവത്തോടെ എടുക്കും. അതിനിടെ കൊച്ചിയിലെ ടാറ്റു സ്ഥാപനങ്ങളിൽ മയക്കുമരുന്ന് എത്താറുണ്ടോ എന്നും പരിശോധിക്കും.

മയക്കുമരുന്ന് ലോബിയുമായി ടാറ്റു മേഖലയിലെ പ്രമുഖർക്ക് പങ്കുണ്ടെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ന്യൂജെൻ മയക്കു മരുന്നുകളുടെ വിൽപ്പന കേന്ദ്രങ്ങളായി ഇത് മാറുന്നുണ്ടോ എനനും പൊലീസ് പരിശോധിക്കും. അതിനിടെ ടാറ്റു സ്റ്റുഡിയോകളുടെ കാര്യത്തിൽ വ്യക്തമായ മാർഗനിർദ്ദേശം അനിവാര്യമാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. മറ്റു മേഖലകളിലും ദുരുപയോഗം ഇല്ലാതാക്കാൻ വ്യക്തമായ നിബന്ധന പുറപ്പെടുവിച്ചിട്ടുണ്ട്. അത് ഈ മേഖലയിലും അനിവാര്യമാണെന്ന് കമ്മീഷണർ വിശദീകരിക്കുന്നു.

പച്ചകുത്തുന്നത് സുരക്ഷിതമായി നടത്തണമെന്ന് സർക്കാർ ഉത്തരവുണ്ട്. സുരക്ഷിതമല്ലാത്ത മാർഗങ്ങളിലൂടെ പച്ചകുത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയെ തുടർന്നായിരുന്നു സർക്കാർ കഴിഞ്ഞ വർഷം ഇടപെടൽ നടത്തിയത്. പൊതുസ്ഥലങ്ങൾ, ഉത്സവപ്പറമ്പുകൾ ,സ്ഥാപനങ്ങൾ, തെരുവോരങ്ങൾ എന്നിവിടങ്ങളിൽ പച്ചകുത്തുമ്പോൾ സുരക്ഷിതമല്ലാത്ത മാർഗങ്ങളിൽ പച്ചകുത്തുന്നുണ്ടെന്നായിരുന്നു പരാതി. ഹെപ്പറ്റെറ്റിസ്, എച്ച്.ഐ.വി പോലുള്ള രോഗങ്ങൾക്ക് കാരണമാകാമെന്നും വിലയിരുത്തൽ എത്തി.

ട്രാവൻകൂർ കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ടിലെ വകുപ്പുകൾ ഉപയോഗിച്ച് ഒരേ മഷിയും സൂചിയും ഉപയോഗിച്ചുള്ള പച്ചകുത്തൽ നിരോധിക്കുന്നതിനും , പച്ചകുത്തലിനു നിയന്ത്രണങ്ങൾ ഏർപെടുത്തുന്നതിനുമാണ് സർക്കാർ ഉത്തരവ്. പച്ചകുത്തുന്നതിന് ലൈസൻസുള്ള ഏജൻസിക്ക് മാത്രം അനുമതി നൽകുക, പച്ച കുത്തുന്ന വ്യക്തി ഗ്ലൗസ് ധരിക്കുക, പച്ച കുത്തുന്ന വ്യക്തികൾ ഹെപ്റ്റിപ്സ് ബി വാക്‌സിൻ എടുക്കുക, ഉപകരണങ്ങൾ അണുവിമുക്തമാക്കുക പച്ച കുത്തിയ ശേഷവും , അതിന് മുൻപും പച്ച കുത്തിയ ഭാഗം സോപ്പും ജലവും ഉപയോഗിച്ച് വൃത്തിയാക്കുക എന്നതാ.ിരുന്നു പ്രധാന നിർദ്ദേശം.

പച്ച കുത്തൽ തൊഴിലായി സ്വീകരിച്ചവർക്ക് ലൈസൻസ് ഏർപ്പെടുത്താനും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും നടന്നില്ലെന്നതാണ് വസ്തുത. ഉത്തരവിൽ മാത്രം എല്ലാം ഒതുങ്ങി. പച്ചകുത്തൽ മാഫിയയുടെ സ്വാധീനമായിരുന്നു ഇതിന് കാരണം. താൽക്കാലികം, സ്ഥിരമായുള്ളത് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ് ടാറ്റുവിലുള്ളത്. ഇതിൽ താൽക്കാലികത്തിന് ആവശ്യക്കാർ തുലോം കുറവാണ്. പേരു സൂചിപ്പിക്കുന്നത് പോലെ ഇതിനായുസ്സ് കുറവാണ്. സിനിമാ താരങ്ങൾ, മോഡലുകൾ എന്നിങ്ങനെ ഉള്ളവരാണ് താൽക്കാലികമായി ടാറ്റൂ ചെയ്യുന്നത്. ഷൂട്ടിംഗിനോ മോഡലിംഗിനോ വേണ്ടി മാത്രം ചെയ്യുന്ന ഈ ടാറ്റു രണ്ടു ദിവസം മുതൽ പതിനഞ്ചു ദിവസം വരെ നിർത്താനാകും.

സ്ഥിരമായി നിൽക്കുന്ന ടാറ്റൂ ഒരിക്കൽ ചെയ്താൽ പതിനെട്ടു വർഷം വരെ ശരീരത്തിൽ ഉണ്ടാവും. പക്ഷെ പെർമനന്റ് ടാറ്റു ചെയ്യുന്നതിന് ചില നിബന്ധനകൾ ഉണ്ട് (പലരും പാലിക്കുന്നില്ലെങ്കിലും). ടാറ്റു ചെയ്യുന്നയാൾക്ക് പതിനെട്ട് വയസ് കഴിഞ്ഞിട്ടുണ്ടെങ്കിൽ മാത്രമെ അംഗീകൃതമായ ടാറ്റു സ്റ്റുഡിയോകൾ ടാറ്റു പതിച്ചു നൽകുകയുള്ളൂ എന്നാണ് പുറത്തു പറയുന്നത്. എന്നാൽ ഇത് പാലിക്കപ്പെടാറില്ലെന്നതാണ് വസ്തുത.

ഇരുമ്പ് സംയുക്തങ്ങൾ അടങ്ങിയ മഷികൊണ്ടു പച്ച കുത്തപ്പെട്ട ശരീര ഭാഗങ്ങൾ ഏതെങ്കിലും കാരണവശാൽ വിവിധ രോഗ നിർണ്ണയങ്ങൾക്കായി എംആർഐ സ്‌കാൻ ചെയ്യേണ്ടി വരികയാണെങ്കിൽ ഈ ലോഹസംയുക്തങ്ങൾ കാന്തികവൽക്കരിക്കപ്പെടുകയും മാഗ്‌നറ്റിക് ഹിസ്റ്റെറിസിസ് എന്ന പ്രതിഭാസത്തിന്റെ ഫലമായി ഈ ഭാഗങ്ങൾ ചൂടാകാനും പൊള്ളലേൽക്കാനും സാദ്ധ്യതയുണ്ട്.

വിവിധ ലോഹങ്ങൾ അടങ്ങിയ മഷികൾ ഉപയോഗിച്ചുകൊണ്ടുള്ള പച്ചകുത്തലുകൾ ത്വക്കിലെ കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കും കാരണമാകാം.