- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലാന്റേഷൻ നയം സ്വാഗതാർഹം : കൊച്ചിൻ ചേംബർ
കൊച്ചി : കേരളത്തിനായി ഒരു പ്ലാന്റേഷൻ നയം അംഗീകരിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സ്വാഗതം ചെയ്തു. പ്ലാന്റേഷൻ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ ചേംബർ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ബജറ്റിന് മുന്നോടിയായി നൽകിയ നിർദേശത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
രാജ്യത്ത് ആകെ ഉത്പാദിപ്പിക്കുന്ന റബറിന്റെ 76.5 ശതമാനം , ഏലയ്ക്കയുടെ 88.6 ശതമാനം, കാപ്പിയുടെ 22.05 ശതമാനം, തേയിലയുടെ 4.54 ശതമാനം എന്നിവ കേരളത്തിൽ നിന്നാണ്. ഈ മേഖലയിൽ 3.3 ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവർക്കായി ലൈഫ് മിഷനു കീഴിൽ ഭവന സഹായം നൽകുന്നത് സ്വാഗതാർഹമാണ്. കഴിഞ്ഞ ഏറെ വർഷങ്ങളായി കൊച്ചിൻ ചേംബർ ഇത്തരമൊരു നയത്തിനായി ശക്തമായി സമ്മർദ്ദം ചെലുത്തിയിരുന്നതായി കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് കെ ഹരി കുമാർ പറഞ്ഞു.
റബ്ബർ, ഏലം, കാപ്പി തോട്ടങ്ങളിൽ ഇടവിള കൃഷിയും മിശ്രിത വിളകളും അനുവദിക്കുന്നത് ഏക്കറിന് വരുമാനം മെച്ചപ്പെടുത്തും. പുതിയ നയമനുസരിച്ച് പച്ചക്കറി ശാസ്ത്രീയമായി കൃഷി ചെയ്യുന്നത് സംസ്ഥാനത്തിന് സ്വയംപര്യാപ്തത കൈവരിക്കാൻ സഹായകമാകും. ഔഷധ സസ്യങ്ങളുടെ കൃഷി അനുവദിക്കുന്നത് ആയുർവേദ മേഖലയ്ക്ക് ഉത്തേജനം നൽകുമെന്നും കൊച്ചിൻ ചേംബർ ചൂണ്ടിക്കാട്ടി.
ഇക്കോ ടൂറിസം ശക്തി പ്രാപിക്കുന്നതിനാൽ, തോട്ടങ്ങളിൽ ടൂറിസം പ്രോജക്ടുകൾ അനുവദിക്കുന്നത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പ്ലാന്റേഷൻ മേഖലയ്ക്ക് മറ്റ് ഇനത്തിലുള്ള വരുമാനം മെച്ചപ്പെടുത്തുകയും ചെയ്യും. തോട്ടവിളകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയും സ്വാഗതാർഹമാണ്.
മൂല്യവർദ്ധനവ് പ്രോത്സാഹിപ്പിക്കുക, പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്നതിനായി കേരളത്തിൽ ഉൽപാദിപ്പിക്കുന്ന തേയിലയ്ക്ക് മുൻഗണന നൽകുക, കാർഷിക നിരക്കിൽ വൈദ്യുതി നിരക്ക്, തോട്ടം ജീവനക്കാർക്ക് ഇ.എസ്‌ഐ പരിരക്ഷ തുടങ്ങിയ ആവശ്യങ്ങൾ കൂടി പരിഗണിക്കണമെന്ന് ചേംബർ സർക്കാരിനോട് അഭ്യർത്ഥിച്ചു.