തിരുവനന്തപുരം: ഇന്നലെ കേരളത്തിൽ 12469 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രാജ്യ ശരാശരിയിൽ ഏറ്റവും ഉയർന്ന നിരക്ക്. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങളിലെ കണക്കുകൾ കേരളത്തിന് ഏറെ നിർണ്ണായകമാണ്. നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും പൊതുഗതാഗതം പുനരാരംഭിക്കുകയും ചെയ്തതോടെ കേരളം 'അൺലോക്കായി'. ലോക്ഡൗൺ ഇളവുകൾ ഇന്നും തുടരും.

എന്നാൽ നാളെയും മറ്റന്നാളും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. അവശ്യമേഖലകളിലുള്ളവർക്കും ആരോഗ്യ സേവനങ്ങൾക്കും മാത്രമാകും ഇളവ്. 2 ദിവസവും കെഎസ്ആർടിസി അവശ്യസർവീസുകൾ നടത്തും. ശനിയും ഞായറും മാത്രം അടച്ചിട്ടുള്ള പരീക്ഷണം വിജയിച്ചില്ലെങ്കിൽ കേരളത്തിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ വരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും. ഇളവുകൾ നിലവിൽ വന്നതോടെ പരിശോധന കുറഞ്ഞു. കെഎസ്ആർടിസി 1510 സർവീസുകൾ നടത്തി. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 4261 പേർക്കെതിരെ കേസെടുത്തു.

കേരളത്തിൽ ഇന്നലെ 12,469 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂർ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂർ 535, കോട്ടയം 464, ഇടുക്കി 417, കാസർഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,16,21,033 സാമ്പിളുകളാണ് പരിശോധിച്ചത്.

അതിനിടെ സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആർ. അടിസ്ഥാനമാക്കി കോവിഡ് പരിശോധന വർധിപ്പിക്കുന്നതിന് പരിശോധനാ മാർഗനിർദ്ദേശങ്ങൾ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒരാഴ്ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന നടത്തുന്നത്. ഒരാഴ്ചത്തെ ടി.പി.ആർ. 30 ശതമാനത്തിന് മുകളിലായാൽ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധനയാണ് നടത്തുന്നത്. അതായത് തുടർച്ചയായ 3 ദിവസം 100 കേസുകൾ വീതമുണ്ടെങ്കിൽ 300ന്റെ മൂന്ന് മടങ്ങായ 3000 പരിശോധനകളാണ് ദിവസവും നടത്തുക. ടി.പി.ആർ. കുറയുന്നതനുസരിച്ച് പരിശോധനയും മാറുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഒരാഴ്ചത്തെ ടി.പി.ആർ. 20നും 30 ശതമാനത്തിനും ഇടയ്ക്കായാൽ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ ആറിരട്ടി പരിശോധന നടത്തുന്നതാണ്. ഒരാഴ്ചത്തെ ടി.പി.ആർ. 2നും 20 ശതമാനത്തിനും ഇടയ്ക്കായാൽ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ മൂന്നിരട്ടി പരിശോധന നടത്തുന്നതാണ്. ഈ മൂന്ന് വിഭാഗങ്ങൾക്കും ആന്റിജൻ, ആർ.ടി.പി.സി.ആർ., മറ്റ് പരിശോധനകളാണ് നടത്തുന്നത്. ഒരാഴ്ചത്തെ ടി.പി.ആർ. 2 ശതമാനത്തിന് താഴെയായാൽ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ അഞ്ചിരട്ടി പരിശോധന നടത്തണം. ഒരു പൂളിൽ 5 സാമ്പിൾ എന്ന നിലയിൽ ആർ.ടി.പി.സി.ആർ. പൂൾഡ് പരിശോധനയാണ് നടത്തുക.

മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത്/ വാർഡ് എന്നിവിടങ്ങളിലെ സ്ഥിതി ജില്ലാ സർവയലൻസ് യൂണിറ്റ് വിശകലനം നടത്തുകയും പരിശോധനയ്ക്കുള്ള ടാർജറ്റ് നിശ്ചയിക്കുകയും ചെയ്യും. കൂടുതൽ നിരീക്ഷണം ആവശ്യമുള്ള സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ഫാക്ടറികൾ, സ്ഥാപനങ്ങൾ, പ്രത്യേക പ്രദേശങ്ങൾ തുടങ്ങിയവ നിരീക്ഷിക്കാൻ സമീപത്തുള്ള ആരോഗ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാം. ആവശ്യമെങ്കിൽ മൊബൈൽ ടെസ്റ്റിങ് ലാബുകളും ഉപയോഗിക്കാവുന്നതാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 88 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,743 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,700 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1595, കൊല്ലം 1405, എറണാകുളം 1257, മലപ്പുറം 1261, തൃശൂർ 1135, കോഴിക്കോട് 951, പാലക്കാട് 614, ആലപ്പുഴ 947, പത്തനംതിട്ട 576, കണ്ണൂർ 474, കോട്ടയം 437, ഇടുക്കി 396, കാസർഗോഡ് 410, വയനാട് 242 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

60 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 18, തിരുവനന്തപുരം 10, കൊല്ലം, തൃശൂർ 6 വീതം, എറണാകുളം, കാസർഗോഡ് 4 വീതം, പത്തനംതിട്ട, പാലക്കാട്, വയനാട് 3 വീതം, ഇടുക്കി 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.