- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിലുണ്ടായിരുന്നത് മൂന്നര കോടിയെന്ന് സുനിൽ നായിക്കും ധർമ്മരാജും സമ്മതിച്ചതോടെ ബിജെപി നേതൃത്വം വെട്ടിൽ; ആർഎസ്എസ് - ബിജെപി നേതാക്കളെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും; കള്ളപ്പണമെന്ന് സ്ഥിരീകരണം ആയതോടെ കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിട്ടേക്കും
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതൃത്വം വെട്ടിൽ. തെരഞ്ഞെടുപ്പു പ്രവർത്തനത്തിന് എത്തിച്ച കള്ളപ്പണമാണ് കാറിൽ ഉണ്ടായിരുന്നതെന്ന് വ്യക്തമായതോടെ അന്വേഷണം നേതൃത്വത്തിലേക്ക് നീളുകയാണ്. ഇന്ന് ആർഎസ്എസ്, ബിജെപി നേതാക്കളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് 3.5 കോടി രൂപ കവർച്ച ചെയ്യപ്പെട്ട കേസിലാണു നടപടി.
തൃശ്ശൂരിലെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെആർ ഹരി, ജില്ലാ ട്രഷറർ സുജയ് സേനൻ, ആർഎസ്എസ് മേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവരെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ശനിയാഴ്ച രാവിലെ ഹാജരാകാൻ മൂന്നു പേരോടും പൊലീസ് ആവശ്യപ്പെട്ടു. തൃശ്ശൂരിൽ ക്യാമ്പ് ചെയ്യുന്ന പ്രത്യേക അന്വേഷണസംഘമാണ് ഇവരെ ചോദ്യംചെയ്യുക.
അതേസമയം കാറിലുണ്ടായിരുന്നത് മൂന്നരക്കോടി രൂപയാണെന്ന് യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്ക്, ആർ.എസ്.എസ്. പ്രവർത്തകൻ ധർമരാജ് എന്നിവർ അന്വേഷണസംഘത്തിന് മൊഴി നൽകി. വെള്ളിയാഴ്ചയാണ് ഇവരെ തൃശ്ശൂരിൽ വിളിച്ചുവരുത്തി മൊഴിയെടുത്തത്. സുനിൽ നായിക്കിനെയും ധർമരാജിനെയും ഇനിയും വിളിപ്പിക്കുമെന്ന് അന്വേഷണസംഘം സൂചന നൽകി.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയും പിന്നീട് ഉച്ചകഴിഞ്ഞുമായിരുന്നു ഇരുവരെയും ചോദ്യംചെയ്തത്. പൊലീസ് ക്ളബ്ബിലായിരുന്നു തീരുമാനിച്ചതെങ്കിലും രഹസ്യകേന്ദ്രത്തിലെത്തിച്ചായിരുന്നു ചോദ്യംചെയ്യൽ. വാഹനാപകടമുണ്ടാക്കി കാറിൽനിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ധർമരാജ്, ഡ്രൈവർ ഷംജീറിനെതിരേ കൊടകര പൊലീസിന് പരാതി നൽകിയത്. എന്നാൽ, ബിജെപി. തിരഞ്ഞെടുപ്പ് ചെലവിനെത്തിച്ച മൂന്നരക്കോടിയാണ് കവർന്നതെന്നായിരുന്നു സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ആരോപണം. 19 പ്രതികളിൽനിന്നായി ഒരുകോടിയിലേറെ രൂപ അന്വേഷണസംഘം ഇതിനകം കണ്ടെടുത്തു.
ബിസിനസുമായി ബന്ധപ്പെട്ട് സുനിൽ നായിക്ക് നൽകിയ പണമാണ് ഇതെന്നായിരുന്നു ധർമരാജ് പൊലീസിനോട് പറഞ്ഞിരുന്നത്. ഇതിന് രേഖകളുണ്ടെന്നും അറിയിച്ചിരുന്നു. എന്നാൽ, രേഖകൾ ഇതുവരെയും എത്തിച്ചില്ല. പരാതിയേക്കാൾ കൂടുതൽ പണം കണ്ടെത്തിയതോടെ കള്ളപ്പണമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇതോടെ പണത്തിന്റെ ഉറവിടമറിയാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
പണം കർണാടകത്തിൽനിന്ന് എത്തിയതാണെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. ഇക്കാര്യവും രാഷ്ട്രീയബന്ധങ്ങളെക്കുറിച്ചും അറിയുന്നതിനാണ് ഇരുവരെയും ചോദ്യംചെയ്തത്. ചോദ്യംചെയ്യലിൽ ഇരുവരും കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നതായി സമ്മതിച്ചു. ഇതിന് രേഖകളില്ലാത്തതിനാലാണ് പരാതിയിൽ 25 ലക്ഷമെന്ന് പറഞ്ഞതെന്ന് ധർമരാജ് സമ്മതിച്ചു. പണം ആർക്ക് കൊടുക്കാൻ കൊണ്ടുപോവുകയായിരുന്നുവെന്നതിന് വ്യക്തത വന്നിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.
പണം കൊടുത്തുവിട്ടയാളെക്കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. അതേസമയം, കള്ളപ്പണമാണെന്ന് സ്ഥിരീകരണമായതോടെ കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിടുന്നതു സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. ഏപ്രിൽ മൂന്നിന് കൊടകര മേൽപ്പാലത്തിന് സമീപംവച്ചാണ് വാഹനാപകടമുണ്ടാക്കി പണം കവർന്നത്.
കേസിലെ മുഖ്യപ്രതികളായ രണ്ടു പേർ നേരത്തെ പിടിയിലായിരുന്നു. മുഹമ്മദ് അലി, അബ്ദുൽ റഷീദ് എന്നിവരാണു കണ്ണൂരിൽനിന്നു പിടിയിലായത്. 5 ലക്ഷം രൂപ വീതം പ്രതിഫലം കിട്ടിയെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു. കവർച്ചയ്ക്കുശേഷം പ്രതികൾ 45 ലക്ഷത്തിന്റെ ഇടപാട് നടത്തിയെന്നും കണ്ടെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ