തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിസിലെ പരാതിക്കാരൻ ധർമരാജനെ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പല തവണ ഫോണിൽ വിളിച്ചിരുന്നുവെന്ന് സമ്മതിച്ച് ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും. തിരഞ്ഞെടുപ്പ് ആവശ്യത്തിനാണ് വിളിച്ചതെന്നാണ് അന്വേഷണസംഘത്തിന് ഇരുവരും മൊഴി നൽകിയിരിക്കുന്നത്. എന്നാൽ കുഴൽപ്പണ ഇടപാടുമായി ബന്ധമില്ലെന്നും ദിപിനും ലിബീഷും മൊഴി നൽകി.

കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനേയും ഡ്രൈവർ ലിബീഷിനേയുമാണ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. ഇരുവരേയും ഏകദേശം രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
തൃശ്ശൂരിൽ വിളിച്ചു വരുത്തി പൊലീസ് ശേഖരിച്ച മൊഴിയിലാണ് ധർമ്മരാജനെ തങ്ങൾക്ക് പരിചയമുണ്ടെന്ന് കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും പറഞ്ഞത്.

ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രഹികൾ ധർമ്മജനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കെ.സുരേന്ദ്രനും ധർമ്മരാജനെ പരിചയമുണ്ടെന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ഇവർ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഡ്രൈവറും സെക്രട്ടറിയും പറയുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം ഇരുവരേയും പൊലീസ് ഇന്നത്തേക്ക് വിട്ടയച്ചു.

ഇവർ എല്ലാവരും ഒരേ മൊഴി തന്നെ നൽകുന്നതിനാൽ ഇത് പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. എല്ലാവരും കൂടിയാലോചിച്ച് മൊഴി നൽകുന്നു എന്ന സംശയത്തിലാണ് പൊലീസ്. പൊലീസ് അന്വേഷണത്തിൽ ധർമരാജന് തിരഞ്ഞെടുപ്പ് ചുമതലയില്ലെന്നാണ് കണ്ടെത്താൻ കഴിഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മൊഴികൾ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല എന്നാണ് പൊലീസിന്റെ നിലപാട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് മുന്നോട്ട് വെയ്ക്കുന്നു.

കേസുമായി മറ്റൊരു ഡിവൈഎഫ്ഐ പ്രവർത്തകന് ബന്ധമുണ്ടെന്ന കാര്യം പുറത്തുവരുന്നുണ്ട്. കവർച്ചാപണത്തിൽ നിന്ന് പങ്ക് പറ്റിയെന്ന് സംശയിക്കുന്ന രജിലിനെയാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഇയാളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച പൊലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയാണ്. ചോദ്യം ചെയ്യൽ തുടരുകയാണ്.

അതിനിടെ സി.കെ ജാനുവിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രനും ജെ.ആർ.പി നേതാവ് പ്രസീതയും തമ്മിൽ നടത്തിയ ആശയ വിനിമയത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശം മീഡിയവണിന് ലഭിച്ചു. ജാനുവുമായി സംസാരിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു സുരേന്ദ്രന്റെ വാദം.

രണ്ട് ദിവസം മുൻപാണ് എൻ.ഡി.എയിൽ ചേരാൻ സി.കെ ജാനുവിന് സുരേന്ദ്രൻ പത്ത് ലക്ഷം ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയത്. ജാനു പണം വാങ്ങിയെന്നും ഇതിന് പുറമെ തെരഞ്ഞെടുപ്പ് ചെലവിനായി ലഭിച്ച തുകയും സ്വന്തം കാര്യത്തിന് വകമാറ്റിയെന്നും സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് പറയുന്നു. ആരോപണങ്ങൾ തെറ്റെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നുമായിരുന്നു സി.കെ ജാനുവിന്റെ പ്രതികരണം. സുരേന്ദ്രനും ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

ജാനു പണം ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യവസ്ഥാപിതമായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നൽകിയിട്ടുണ്ടെന്നുമായിരുന്നു സുരേന്ദ്രന്റെ വാദം. ജാനുവിന് തന്നോട് സംസാരിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ നടക്കുന്നത് പോലെ സി കെ ജാനുവിനെതിരെ നടക്കുന്നതും അസത്യപ്രചരണങ്ങളാണെന്നും സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മാർച്ച് 7 ന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് പണം കൈമാറിയതെന്നാണ് പ്രസീത പറയുന്നത്. അവിടേക്കാണ് സുരേന്ദ്രൻ വന്നത്. തങ്ങളോട് റൂമിന് പുറത്ത് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രസീത പറഞ്ഞു. ഇവർ പോയതിന് ശേഷം പണം കിട്ടിയെന്ന് സി കെ ജാനുവും തങ്ങളോട് പറഞ്ഞതായി പ്രസീത വ്യക്തമാക്കിയിരുന്നു.

കൊടകര കുഴൽപ്പണവും സി കെ ജാനുവിഷയവുമടക്കമുള്ള വിവാദങ്ങളിൽ പാർട്ടിയും കെ.സുരേന്ദ്രനും പ്രതിരോധത്തിൽ നിൽക്കുന്നതിനിടെ ബിജെപി കോർകമ്മിറ്റിയോഗം നാളെ ചേരും. നാളെ ഉച്ച കഴിഞ്ഞ് കൊച്ചിയിലാണ് കോർകമ്മിറ്റി യോഗം ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഭാരവാഹികൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്, തെരഞ്ഞെടുപ്പ പരാജയം, കൊടകര കുഴൽപ്പണ കേസ് എന്നിവ യോഗത്തിൽ ചർച്ചയാകും.