- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധർമ്മരാജൻ കൊടുത്ത അയച്ച പണം എത്തേണ്ടിയിരുന്നത് കെജി കർത്തയുടെ കൈയിൽ; മൂന്നരക്കോടിയുടെ ഉറവിടം തേടിയുള്ള അന്വേഷണം എത്തുന്നത് ബിജെപിയുടെ ആലപ്പുഴ ട്രഷററിലേക്ക്; ആർ എസ് എസുകാരനായ കോൺട്രാക്ടർ കർത്തയുടെ പേരു പറഞ്ഞത് ഉന്നതരെ രക്ഷിക്കാനെന്നും പൊലീസിന് സംശയം; പ്രചാരകനായ സിഎക്കാരൻ ഗണേശ് ചോദ്യം ചെയ്യലിന് എത്താതെ ഒഴിഞ്ഞു മാറുമ്പോൾ
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ മൂന്നരക്കോടി എത്തിയത് ആലപ്പുഴ സ്വദേശി കർത്തയ്ക്ക് കൈമാറാനാണെന്ന് പൊലീസ് കണ്ടെത്തി. ആലപ്പുഴയിലെ ബിജെപി ജില്ലാ ട്രഷററാണ് കെജി കർത്ത. ഈ കർത്തയ്ക്കാണ് പണം കൊണ്ടു വന്നതാണെന്നാണ് സൂചന. ഇടപാടിന് ഇടനില നിന്ന ധർമരാജൻ, സുനിൽ നായിക് എന്നിവരിൽ നിന്നാണ് പൊലീസിന് ഈ മൊഴി കിട്ടിയത്. കർത്ത ആർക്കാണ് ഈ പണം കൈമാറുന്നതെന്ന് അറിയില്ലെന്നും ഇവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
ഇയാളെ ചോദ്യം ചെയ്യാൻ പൊലീസ് ഉടനെ നോട്ടീസ് നൽകും. ധർമ്മരാജന്റേയും സുനിൽ നായികിന്റേയും മൊഴി പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. പാർട്ടി ഭാരവാഹിയുടെ പേര് ഇവർ പറഞ്ഞത് മറ്റാരെയോ രക്ഷിക്കാനാണെന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ കെജി കർത്തയെ ചോദ്യം ചെയ്യുന്നത് നിർണ്ണായകമാകും.
മൂന്നരക്കോടി കുഴൽപ്പണം വന്നത് കർണാടകയിൽ നിന്നാണെന്നും ബിജെപിയുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നു തന്നെയാണ് പണം വന്നതെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം കൊടകര കുഴൽപ്പണ കവർച്ചാകേസിൽ അന്വേഷണസംഘത്തിന് മുൻപാകെ ബിജെപി സംസ്ഥാന നേതാക്കൾ ചോദ്യം ചെയ്യല്ലിന് ഹാജരാകില്ല. ചോദ്യം ചെയ്യല്ലിന് ഇന്ന് ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശം നൽകിയിരുന്നു.
ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ഗണേശൻ, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോടാണ് തൃശ്ശൂരിൽ ഹാജരാകാൻ നിർദ്ദേശം നൽകിയത്. ഫോണിലൂടെയാണ് അന്വേഷണ സംഘം ഇരുവർക്കും നിർദ്ദേശം നൽകിയത്. എന്നാൽ അസൗകര്യങ്ങൾ മൂലം ചോദ്യം ചെയ്യല്ലിന് ഹാജരാകാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഗണേശനും ഗിരീഷും അറിയിച്ചതായാണ് വിവരം. ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന ഗണേശ് ആർഎസ്എസ് പ്രചാരകനും കൂടിയാണ്.
കൊടകരയിൽ വച്ചു കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ എവിടെനിന്ന് ആർക്ക് കൊണ്ടുപോവുകയാണെന്ന് അറിയുന്നതിനാണ് പൊലീസ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത്. പണം വന്ന വിവരം അറിയില്ലെന്നും കവർച്ച കേസിലെ പ്രതികളെ അറിയില്ലെന്നുമാണ് ബിജെപി ജില്ലാ നേതാക്കളുടെ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. ബിജെപിയിലേക്ക് അന്വേഷണം ചുരുക്കാനാണ് ശ്രമമെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉന്നയിച്ചിട്ടുണ്ട്.
തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ. ആർ ഹരി, ട്രഷറർ സുജയ് സേനൻ ബിജെപി മേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവർക്ക് പിന്നാലെയാണ് സംസ്ഥാന നേതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കാറിൽ കൊണ്ടുവന്ന മൂന്നരകോടി അനധികൃധ പണമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ പണം കൊണ്ടുവന്നത് ആർക്കാണെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. 3 ജില്ലാ നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതാക്കളിലേക്ക് കൂടി അന്വേഷണം എത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ സുരേന്ദ്രനേയും ചോദ്യം ചെയ്യും.
തെരഞ്ഞെടുപ്പ് ഫണ്ട് വന്ന വിവരം അറിയില്ലെന്നും കവർച്ച കേസിലെ പ്രതികളെ അറിയില്ലെന്നുമാണ് ജില്ലാ നേതാക്കളുടെ മൊഴി. പണം തൃശൂർ വഴി കൊണ്ടു പോകുന്ന കാര്യം പോലും അറിയില്ലായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് യുവമോർച്ച നേതാവ് സുനിൽ നായിക്കും ആർഎസ്എസ് പ്രവർത്തകൻ ധർമ്മരാജനും നേരത്തെ മൊഴി നൽകിയിരുന്നു.
വാഹനാപകടമുണ്ടാക്കി കാറിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആർഎസ്എസ് പ്രവർത്തകൻ ധർമ്മരാജിന്റെ ഡ്രൈവർ ഷംജീർ നൽകിയ പരാതി. പരാതിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ പണം കണ്ടെത്തിയതോടെ കള്ളപ്പണമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പണം കൊടുത്തുവിട്ട ആളെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ