മലപ്പുറം: വിലകൊടുത്തു വാങ്ങിയ വീടും പറമ്പും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് തിരുന്നാവായ കൊടക്കലിലെ 85 കുടുംബങ്ങൾ. ബ്രിട്ടീഷ് കമ്പനിയുടെ കീഴിലുണ്ടായിരുന്ന കൊടക്കൽ ഓട്ടുകമ്പനിയുടെ 45 ഏക്കർ ഭൂമി പിടിച്ചെടുക്കുന്നതിനായി റവന്യു വകുപ്പ് നടപടികൾ ആരംഭിച്ചതാണ് കുടുംബങ്ങളെ ആശങ്കയിലാക്കുന്നത്.

ഇപ്പോൾ ഒരു ഗ്രാമം ഒന്നടങ്കം കുടിയൊഴിയേണ്ട സ്ഥിതിയാണ്. ഇവിടെ തമാസിക്കുന്നവരെല്ലാം സാധാരമക്കാരായ കർഷകരും കൂലിപ്പണിക്കാരുമാണ്. പതിറ്റാണ്ടുകൾക്കു മുമ്പ് വിലകൊടുത്ത് വാങ്ങിയതായിരുന്നു ഇവരെല്ലാം. തിരുന്നാവായയിൽ 100 ഏക്കർ ഭൂമിയായിരുന്നു ബ്രിട്ടീഷ് കമ്പനിക്കുണ്ടായിരുന്നത്. ബ്രിട്ടനിലെ കോമൺവെൽത്ത് കമ്പനിയുടെ കീഴിലായിരുന്ന കൊടക്കൽ ഓട്ടുകമ്പനിക്ക് ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ് സ്ഥലംലീസിനു നൽകിയിരുന്നത്. ഭൂപരിഷ്‌ക്കരണ നിയമം വന്നപ്പോൾ ഈ ഭൂമി സർക്കാർ അധീനതയിലായി.ഇതിൽ നിന്ന് 35 ഏക്കർ മിച്ചഭൂമിയായി പലർക്കായി പതിച്ചു നൽകി.15 ഏക്കർ കമ്പനി മാനേജർക്കും നൽകി.

ശേഷിക്കുന്ന ഭൂമി കമ്പനി പ്രവർത്തനം നിർത്തിയാൽ സർക്കാരിനു തന്നെ തിരിച്ചു നൽകണമെന്ന വ്യവസ്ഥയിൽ കമ്പനിക്കു നൽകുകയായിരുന്നു. ഇതിനിടയിൽ കമ്പനി പ്രവർത്തനം നിർത്തി പൊളിച്ചുമാറ്റുകയായിരുന്നു. അപ്പോഴേക്കും ഭൂമിയൊക്കെ പലർക്കും വിറ്റു കഴിഞ്ഞിരുന്നു. ഇതാണ് പ്രശ്നമായത്, ഇതേ തുടർന്ന് ഈ ഭൂമിയിൽ താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കുന്നത് റവന്യു അധികൃതർ നിർത്തിവെച്ചിരുന്നു. തുടർന്ന് നിവേദനങ്ങളും സമരങ്ങളും നടത്തിയിരുന്നെങ്കിലും റവന്യു അധികൃതർ നോട്ടീസ് നൽകിയിരിക്കുകയാണ് . ഇനിയെന്തു ചെയ്യുമെന്ന വേവലാതിയിലാണ് തദ്ദേശീയർ. ഏറെ ചരിത്രപ്രസിദ്ധമായ മാമാങ്ക സ്മാരകങ്ങളുടെ അവശേഷിപ്പുകൾ നിലകൊള്ളുന്നതുകൊടക്കല്ലിലെ ഓട്ട് കമ്പനിയോട് ചേർന്നാണ്.

30 വർഷം മുമ്പ് ഭൂമി വിലകൊടുത്തു വാങ്ങി വീടുവച്ചു താമസിക്കുന്നവരാണ് കൊടക്കല്ലിലെ ഭൂരിഭാഗം കുടുംബങ്ങളും . ഭൂമിയുടെ രേഖകൾ ഇവരുടെ പേരിലാണ്. ഭൂമിക്ക് കാലങ്ങളായി നികുതി നൽകിയിരുന്നെങ്കിലും ഏഴ് വർഷം മുമ്പ് റവന്യു ഇവരിൽ നിന്നു നികുതി സ്വീകരിക്കുന്നത് നിർത്തി. ഇതോടെ സർക്കാറിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാതായി. ഇതിനെതിരെ പലതവണ സമരങ്ങൾ നടത്തി. കൊടക്കല്ലിലെ ഭൂമി പ്രശ്നം പരിഹരിക്കാൻ നടപടി ആരംഭിച്ചതായി മുൻ എൽ.ഡി.എഫ് സർക്കാറും മന്ത്രിയും അറിയിച്ചിരുന്നു. എന്നാൽ പിന്നീട് വന്ന യു.ഡി.എ.ഫ് ഭരണകാലത്തും നികുതി സ്വീകരിക്കാൻ നടപടിയുണ്ടായില്ല.

നികുതി സ്വീകരിക്കുന്നതിനായി കുടുംബങ്ങൾ ഓഫീസുകൾ കയറിയിറങ്ങുന്നതിനിടെയാണ് ഭൂമി പിടിച്ചെടുക്കാനുള്ള സർക്കാർ നടപടി. നടപടിക്കായി മൂന്നു മാസം മുമ്പ് റവന്യു വകുപ്പ് നോട്ടീസ് നൽകുകയും ഇതിനു പിന്നാലെ ആർ.ഡി.ഒ സ്ഥല പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ഏത് നിമിഷവും ഒഴിപ്പിക്കൽ ഭീഷണിയിലാണ് പ്രദേശ വാസികൾ. ഇവിടെ തങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. സർക്കാർ ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടു പോയാൽ ഗ്രാമവാസികൾ ഒന്നടങ്കം സമരത്തിനിറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.