കോയമ്പത്തൂർ: ചെന്നൈയിൽനിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോയ 3.90 കോടിയുടെ ഹവാലാ പണം തട്ടിയെടുത്തതിന് പിന്നിലെ സൂത്രധാരൻ കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരൻ.

പൊലീസുമായി ഒത്തുകളിച്ചായിരുന്നു പണം തട്ടിയെടുക്കൽ. കേസിൽ കരൂർ പരമത്തി പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറടക്കം നാലുപേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് പരമത്തി പൊലീസ് സ്റ്റേഷനിലെ എസ്.ഐ. ശരവണൻ, ഹെഡ്‌കോൺസ്റ്റബിൾ ധർമേന്ദ്ര എന്നിവരെ പൊലീസ് തിരയുന്നു. കോടാലി ശ്രീധരൻ, മകൻ അരുൺ എന്നിവരെയും പൊലീസ് തിരയുന്നുണ്ട്.

കോടാലി ശ്രീധരനാണ് ഹവാലാ പണവുമായി സംഘം വരുന്ന കാര്യം പൊലീസിനെ അറിയിച്ചത് അത് തട്ടിയെടുത്താൽ കമ്മിഷൻ തരാമെന്നും പറഞ്ഞു. ഇതനുസരിച്ചായിരുന്നു പൊലീസ് ഓപ്പറേഷൻ. പരമത്തി പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ മുത്തുകുമാർ, തൃശ്ശൂർ സ്വദേശികളായ സുഭാഷ് (42), സുധീർ (33) മലപ്പുറം സ്വദേശി ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്ത് 25നാണ് കോയമ്പത്തൂർ എൽ.എൻ.ടി. ബൈപ്പാസ് റോഡിൽ ഇൻസ്‌പെക്ടർ മുത്തുകുമാർ, എസ്.ഐ. ശരവണൻ, ഹെഡ്‌കോൺസ്റ്റബിൾ ധർമേന്ദ്ര എന്നിവർ ചേർന്നാണ് പണം തട്ടിയത്.

സ്വർണവ്യപാരിയായ മലപ്പുറം സ്വദേശി അൻസാർ സാദത്ത് (35), ജീവനക്കാരായ മുഹമ്മദ് (33), മുഷീർ (35), ശിതോഷ് (32) എന്നിവർ ചെന്നൈയിൽനിന്ന് കാറിൽ കൊണ്ടുവരികയായിരുന്ന ഹവാലാ പണമാണ് തട്ടിയെടുത്തത്. പരാതി നൽകില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇത്. പൊലീസ് ആയതിനാൽ ആർക്കും സംശയം തോന്നില്ലെന്നും കരുതി. എന്നാൽ ഇതെല്ലാം പൊളിഞ്ഞ്‌പ്പോൾ കള്ളി പുറത്തായി.

മധുക്കര നീലാംമ്പൂർ ബൈപ്പാസ് റോഡിൽ ടോൾ ബൂത്തിന് സമീപത്ത് ഇവർ പൊലീസ് വേഷത്തിൽത്തന്നെ കാർ തടഞ്ഞ് യാത്രക്കാരെ ഇറക്കി പണം കൈക്കലാക്കി. തുടർന്ന് കാറുമായി പാലക്കാട്ടേക്കുപോയി പണം കോടാലി ശ്രീധരൻ പറഞ്ഞപ്രകാരം ഇപ്പോൾ അറസ്റ്റിലായ സുബാഷ്, സുധീർ, ഷഫീഖ് എന്നിവർക്ക് കൈമാറി. അതിനുശേഷം സംഘം പാലക്കാട്ടെ ലോഡ്ജിൽ കോടാലി ശ്രീധരനെ കണ്ടു. മൂന്നുപേരടങ്ങുന്ന പൊലീസ് സംഘത്തിന് ഒന്നരക്കോടിയും അവശേഷിക്കുന്ന സംഘാംഗങ്ങൾക്ക് 10 ലക്ഷം വീതവും നൽകി.

പണം പൊലീസ് സംഘം തട്ടിയെടുത്ത ഉടൻ അൻസാർ സാദത്ത് മധുക്കര പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയിരുന്നു. തുടർന്ന് എസ്‌പി. രമ്യഭാരതിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. ഹവാലാ പണം കൊണ്ടുവന്ന കാർ പാലക്കാട്ടെ ചിതലിയിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടത്തി. ഇൻസ്‌പെക്ടറടക്കമുള്ള പൊലീസുകാരെ തിരുച്ചി ഡി.ഐ.ജി. അരുൺ സസ്‌പെൻഡ് ചെയ്തു.