കോതമംഗലം: തട്ടിക്കൊണ്ടുപോകൽ കേസ്സിന്റെ ചുരുളഴിക്കാനായത് നേട്ടമായി. ഇനി മുഖ്യപരിഗണന ഒളിത്താവളത്തിൽ നിന്നും കോടാലി ശ്രീധരന്റെ മകൻ അരുണിനെ കണ്ടെത്തുന്നതിനെന്നും അന്വേഷകസംഘം. അരുണിനെ കണ്ടെത്തിയാൽ മൂന്നു സംസ്ഥാനങ്ങളിലായി നിരവധികേസുകളിൽ പൊലീസ് തിരയുന്ന കോടാലി ശ്രീധരൻ അഴിക്കുള്ളിലാവുമെന്നുറപ്പ് .തമിഴ്‌നാട് മധുക്കര സ്റ്റേഷനിൽ നാലു കോടിയോളം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ അച്ഛനും മകനും പ്രതികളെന്നും പൊലീസ്.

കുപ്രസിദ്ധ കുഴൽപ്പണമാഫിയ തലവൻ കോടാലി ശ്രീധരന്റെ മകൻ അരുണിനെ കടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസ്സിൽ നിർണ്ണായക നേട്ടം സ്വന്തമാക്കാനായതിന്റെ ആശ്വാസത്തിലും സംഭവത്തിന്റെ ഗതിവിഗതികൾ പൊലീസിനെ വട്ടം ചുറ്റിക്കുകയാണെന്നതാണ് വാസ്തവം. തൃശൂരിലെ ബന്ധുവീട്ടിൽ ശ്രീധരനും മകനും ഒത്തുകൂടിയെന്നും ഇവിടെ നിന്നും ഇവർ മുങ്ങിയെന്നുമാണ് കോതമംഗലം സി ഐ വി റ്റി ഷാജന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘത്തിന്റെ കണ്ടെത്തൽ.

മൈസൂരിൽ നിന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷക സംഘം കസ്റ്റഡിയിലെടുത്ത തദ്ദേശവാസികളായ യദുകൃഷ്ണ, ശിവാനന്ദ് തുടങ്ങിയവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശ്രീധരന്റെ ബന്ധുക്കളുടെ വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ചും ഇവരുടെ ഫോൺകോൾ ലിസ്റ്റ് പരിശോധിച്ചുമാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. ശ്രീധരനും മകനും ഒളിവിൽക്കഴിയുന്നത് സംസ്ഥാനത്തിനകത്തുതന്നെയാകാമെന്നും ഇതിന് ബന്ധുക്കളിൽ ചിലരുടെ ഒത്താശയുണ്ടെന്നുമാണ് പൊലീസിന്റെ സംശയം. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷക സംഘം വിപുലമായ കർമ്മപദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. അതീവ രഹസ്യമായിട്ടാണ് ഇപ്പോൾ ഇതിനുള്ള നീക്കങ്ങൾ നടക്കുന്നത്.

കർണ്ണാടക, തമിഴ്‌നാട് , കേരളം തുടങ്ങി മൂന്ന് സംസ്ഥാനങ്ങളിലായി പണാപഹരണം, ഗുണ്ടാആക്രമണം തുടങ്ങി നിരവധികേസുകളിൽ പ്രതിയാണ് ശ്രീധരനെന്നും ഇതിൽ പലതിലും അറസ്റ്റുവാറണ്ട് നിലനിൽക്കുന്നുണ്ടെന്നുമാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ കോതമംഗലം പൊലീസ് തട്ടിക്കൊണ്ടുപോകൽ കേസിൽ ഇയാളെ കസ്റ്റഡിയിലെത്താൽ വാറണ്ട്് നിലനിൽക്കുന്ന കേസുകളിൽ കോടതിയിൽ ഹാജരാക്കേണ്ടിയും വരും.അറസ്റ്റ് വാറണ്ട് നിലവിലുള്ള കേസുകളിൽ പലതും ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഉൾപ്പെടുത്തി ചാർജ്ജ് ചെയ്യപ്പെട്ടതാണെന്നും ഈ കേസ്സുകളിൽ കോടതികളിൽ ഹാജരാക്കിയാൽ ശ്രീധരന് ജയിൽവാസം ഉറപ്പാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

മലപ്പുറം സ്വദേശിയുടെ 3 കോടി 90 ലക്ഷം രൂപതട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ മധുക്കര സ്റ്റേഷനിൽ ചാർജ്ജ് ചെയ്യപ്പെട്ട കേസ്സിൽ ശ്രീധരനൊപ്പം 30-കാരനായ അരുൺകുമാറും പ്രതിയാണ്. അരുൺകുമാർ നിലവിൽ ഈ ഒരുകേസിൽ മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്. ഈ കേസിൽ ഇനിയും മേൽനടപടികൾ പൂർത്തിയായിട്ടില്ല. കേസ്സ് ഫയൽ കോടതിക്ക് കൈമാറാത്ത സാഹചര്യത്തിൽ അരുണിനെ പൊലീസ് എളുപ്പത്തിൽ അറസ്റ്റുചെയ്യുന്നതിന് സാദ്ധ്യതയില്ലെന്നാണ് സൂചന.

കോതമംഗലം സി ഐ വി റ്റി ഷാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോഴിക്കോട് നിന്നും ഈ കേസിൽ അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൈസൂരിൽ നിന്നും യദുകൃഷ്ണയെയും ശിവാനന്ദിനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി.164 -പ്രകാരം മൊഴി രേഖപ്പെടുത്തുന്നതിനാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഇവരെ ഹാജരാക്കിയത്.ഇരുവരും കേസിൽ സാക്ഷികളാവുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഒക്ടോബർ 31-നാണ് ഏട്ടുപേടങ്ങുന്ന സംഘം അരുണിനെ കോതമംഗലം കുടമണ്ടയിലെ വീട്ടിൽ നിന്നും കടത്തിയത്.ഈ സംഘത്തിൽപ്പെട്ട കോഴിക്കോട് കൊടുവള്ളി സ്വദേശികളായ തോട്ടങ്കര മുഹമ്മദ് റഫീക്ക് (35) അരിയിൽ മുസ്തഫ (42) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റുചെയ്തിരുന്നു.4 കോടിയോളം രൂപ തട്ടിയെടുത്തിന്റെ പ്രതികാരമായി മലപ്പുറം സ്വദേശീയുടെ നിർദ്ദേശ പ്രകാരമാണ് എട്ടംഗസംഘം അരുണിനെ തട്ടിക്കൊണ്ടുപോയതെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ വ്യക്തമായിട്ടുള്ളത്.

ഈമാസം രണ്ടിന് പ്രദേശവാസികളെുകരുതുന്ന ഏതാനും പേർ മൈസൂരിലെ ഒളിസങ്കേതത്തിൽ വെള്ളം ചോദിച്ചെത്തിയെന്നും പിന്നെ തങ്ങളെ ആക്രമിച്ച് അകത്തുകടന്ന് ബന്ധിയാക്കിയിരുന്ന അരുണുമായി ഇവർ ആശയവിനിമയം നടത്തിയെന്നും അതോടെ അവർ അയാളെ മോചിപ്പിച്ചെന്നും തുടർന്ന് തങ്ങളെ ബന്ധികളാക്കി സുഹൃത്തുക്കളോട് മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്നും ഇത് ലഭിക്കാതായതോടെ രണ്ടുദിവസം കഠിനമായ ദേഹോപദ്രവം ഏൽപ്പിച്ച ശേഷം തങ്ങളെ പാതവക്കിൽ തള്ളിയെുന്നമായിരുന്നു റഫീക്കും മുസ്തഫയും പൊലീസിൽ വെളിപ്പെടുത്തിയിരുന്നത്.