കോതമംഗലം: കുപ്രസിദ്ധ ഗുണ്ട കോടാലി ശ്രീധരന്റെ മകൻ അരുണിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണം നീങ്ങുന്നത് 'കോടാലി' തുറന്നിട്ട വഴികളിലൂടെയെന്ന് സൂചന. സംഭവത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പുറമേ നിന്നുണ്ടായ ഇടപെടൽ ഇക്കാര്യം അടിവരയിട്ടുറപ്പിക്കുന്നതാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അരുണിനെ കാറിൽ കടത്തുന്നതും പിടിയിലായ പ്രതികളിലൊരാൾ രഹസ്യകേന്ദ്രത്തിലിരുന്ന് കാര്യങ്ങൾ വ്യക്തമാക്കുന്നതുമായ രണ്ടു വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇത് കൈമാറിയത് വീട്ടുകാരാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ബാഹ്യഇടപെടലില്ലാതെ ഇത്തരത്തിലൊരു വീഡിയോ ദൃശ്യം നിലവിലെ സാഹചര്യത്തിൽ പരാതിക്കാർക്ക് ലഭിക്കില്ലെന്നാണ് പൊലീസിന്റെ ഉറച്ച വിശ്വാസം.

കേസ്സിൽ പൊലീസ് പിടിയിലായ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ റഫീക്കും മുസ്തഫയും ഇരുവശങ്ങളിലും കണ്ണുമൂടിക്കെട്ടിയ നിലയിലും അരുൺ നടുക്കും ഇരിക്കുന്നതാണ് ആദ്യം പുറത്തുവന്ന വീഡിയോദൃശ്യം. പിന്നാലെ രഹസ്യകേന്ദ്രത്തിലിരുന്ന് പ്രതികളിലൊരാൾ ദൃശ്യത്തിലില്ലാത്ത ഒരാളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് വിശദീകരിക്കുന്ന ദൃശ്യവും പുറത്തുവന്നു. തട്ടിക്കൊണ്ടുപോകൽ കാറിനുള്ളിൽ നിന്നാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് പകൽപോലെ വ്യക്തമാണ്.

കടത്തൽ സംഘം ചിത്രീകരിച്ച ദൃശ്യം ശ്രീധരന്റെ വീട്ടുകാർക്ക് ലഭിച്ചത് എങ്ങനെയെന്ന കാര്യത്തിൽ പലതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ദൃശ്യം പൊലീസിന് കൈമാറാൻ വീട്ടുകാരെ ഏൽപ്പിച്ചത് ശ്രീധരനാണെന്നും മകനെ കടത്തിയ സംഘത്തെ കീഴ്‌പ്പെടുത്തി, അവരുടെ ഫോണിൽ നിന്നും ഇയാൾ ദൃശ്യങ്ങൾ തരപ്പെടുത്തിയതാണെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം. തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തവരുൾപ്പെടെയുള്ള മുഴുവൻ പ്രതികളും അകത്താവും വരെ ശ്രീധരനും മകനും ഒളിവ് ജീവിതം തുടരുമെന്നാണ് പരക്കെയുള്ള വിലയിരുത്തൽ. പണം കൊണ്ടും ആൾബലം കൊണ്ടും നിലവിലെ സാഹചര്യത്തിൽ ഇവരെ നേരിടുക എളുപ്പമല്ലെന്ന തിരിച്ചറിവിലാണ് ശ്രീധരൻ ഈ കള്ളനും പൊലീസും കളിക്ക് ഇറങ്ങിയതെന്നാണ് കരുതുന്നത്.

അരുണിനെ കണ്ടെത്തുകയും കടത്തൽ സംഘത്തിൽപ്പെട്ട ബാക്കിയുള്ളവരെ പിടികൂടുകയാണ് മുഖ്യലക്ഷ്യമെന്നും ബാക്കിയുള്ള കാര്യങ്ങൾ ഇപ്പോൾ കണക്കിലെടുക്കുന്നില്ലെന്നുമാണ് കേസന്വേഷണവുമായി ബന്ധപ്പെട്ട് മൈസൂരിൽ എത്തിയിട്ടുള്ള കോതംഗലം സി ഐ വി റ്റി ഷാജന്റെ നിലപാട്.

ഈ മാസം 31-നാണ് കുപ്രസിദ്ധ കുഴൽ പണമിടപാടുകാരനും ഗുണ്ടാനേതാവുമായ കോടാലി ശ്രീധരന്റെ മകൻ അരുൺകുമാറിനെ (30 ) കോതമംഗലത്തിനടുത്ത് കുടമുണ്ടയിലെ താമസസ്ഥത്തു നിന്നും എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയത്. കേസ്സിൽ ഇതുവരെ 4 പേർ പൊലീസ് പിടിയിലായി. സംഭവം നടന്ന് ഒരുമാസത്തോളം എത്തുമ്പോഴും അരുൺകുമാർ എവിടെയുണ്ടന്ന കാര്യത്തിൽ ഇതുവരെ യാതൊരു സൂചനകളുമില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ശ്രീധരന്റെ ഭാര്യ പണിക്കവളപ്പിൽ വീട്ടിൽ വത്സ നൽകിയ പരാതിയിലാണ് ഇതു സംബന്ധിച്ച് കോതമംഗലം പൊലീസ് കേസെടുത്തിട്ടുള്ളത്.

ഈ മാസം 4-ന് മറുനാടൻ വാർത്തയിൽ ശ്രീധരന്റെ നേതൃത്വത്തിൽ മലപ്പുറം സ്വദേശികളുടെ 4 കോടിയോളം രൂപ തട്ടിയെടുത്തതിന്റെ പ്രതികാരമാണ് മകനെ തട്ടിക്കൊണ്ടുപോയതിന്റെ പിന്നിലെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് ഈ മാസം 23-ന് ശ്രീധരന്റെ നേതൃത്വത്തിൽ കടത്തൽ സംഘത്തിൽ നിന്നും അരുണിനെ രക്ഷപ്പെടുത്തിയതായും അന്വേഷണ സംഘത്തിൽ നിന്നും ചോർന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടു ചെയ്തിരുന്നു.

ഏഴുപേരടങ്ങുന്ന സംഘം വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയെന്നും മുപ്പതുകാരനായ മകൻ അരുണിനെ ബലമായി പിടിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയെന്നുമാണ് വത്സയുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഒരുമാസം മുമ്പാണ് ശ്രീധരനും കുടുംബവും കോതമംഗലത്തുനിന്നും അഞ്ചുകിലോമീറ്റർ അകലെ കുടമണ്ടയിൽ താമസമാക്കിയത്. വത്സയും മകനും മകന്റെ ഭാര്യയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശ്രീധരനെ അന്വേഷിച്ചെത്തിയവർ ഇയാളെ കിട്ടാത്ത ദേഷ്യത്തിൽ മകനെ കടത്തിയതാവാമെന്നാണ് പൊലീസ് അനുമാനം. റോഡിൽ നിന്നുനോക്കിയാൽ പെട്ടെന്നു കാണാത്ത ഭാഗത്താണ് വീട് സ്ഥിതി ചെയ്യുന്നത്. പരാതിയുമായി വത്സ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് കൊടുംകുറ്റവാളിയായ കോടാലി ശ്രീധരൻ ഇവിടെ താമസമാക്കിയ കാര്യം പൊലീസ് അറിയുന്നത്.

പോൾ മുത്തൂറ്റ് കൊലയുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിച്ചിരുന്ന ശ്രീധരൻ ബാംഗ്ലൂരിൽ നിരവധി കവർച്ച കേസ്സുകളിൽ പ്രതിയാണ്. ചെന്നൈയിൽനിന്ന് മലപ്പുറത്തേക്ക് കൊണ്ടുവരികയായിരുന്ന 3.90 കോടിയുടെ ഹവാലാ പണം പൊലീസ് സഹായത്തോടെ ഇയാൾ തട്ടിയെടുത്തിരുന്നു. കേസിൽ കോയമ്പത്തൂർ കരൂർ പരമത്തി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറടക്കം നാലുപേർ അറസ്റ്റിലായിരുന്നു. പരമത്തി പൊലീസ് സ്റ്റേഷനിലെ എസ്.ഐ. ശരവണൻ, ഹെഡ്കോൺസ്റ്റബിൾ ധർമേന്ദ്ര എന്നിവരും പ്രതികളായുള്ള സംഭവത്തിൽ കോടാലി ശ്രീധരനും മകൻ അരുണും ഉൾപ്പെട്ടിരുന്നെന്നാണ് പുറത്തായ വിവരം.

ഹവാലാ പണവുമായി സംഘം വരുന്ന കാര്യം ശ്രീധരൻ പൊലീസിനെ അറിയിച്ചെന്നും അത് തട്ടിയെടുത്താൽ കമ്മിഷൻ തരാമെന്ന് പൊലീസിനെ അറിയിച്ചെന്നും ഇതുപ്രകാരം പൊലീസ് ശ്രീധരന് ഒത്താശ ചെയ്‌തെന്നുമാണ് ഉന്നതതല അന്വേഷണത്തിൽ വ്യക്തമായത്. പരമത്തി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മുത്തുകുമാർ, തൃശ്ശൂർ സ്വദേശികളായ സുഭാഷ് (42), സുധീർ (33) മലപ്പുറം സ്വദേശി ഷഫീഖ് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കോയമ്പത്തൂർ എൽ.എൻ.ടി. ബൈപ്പാസ് റോഡിൽ ഇൻസ്പെക്ടർ മുത്തുകുമാർ, എസ്.ഐ. ശരവണൻ, ഹെഡ്കോൺസ്റ്റബിൾ ധർമേന്ദ്ര എന്നിവർ ചേർന്നാണ് പണം തട്ടിയത്.ഇവർ പൊലീസ് വേഷത്തിൽത്തന്നെ കാർ തടഞ്ഞ് യാത്രക്കാരെ ഇറക്കി പണം കൈക്കലാക്കുകയായിരുന്നു.

സ്വർണവ്യപാരിയായ മലപ്പുറം സ്വദേശി അൻവർ സാദത്ത് (35), ജീവനക്കാരായ മുഹമ്മദ് (33), മുഷീർ (35), ശിതോഷ് (32) എന്നിവർ ചെന്നൈയിൽനിന്ന് കാറിൽ കൊണ്ടുവരികയായിരുന്ന ഹവാലാ പണമാണ് തട്ടിയെടുത്തത്. പണം പൊലീസ് സംഘം തട്ടിയെടുത്ത ഉടൻ അൻസാർ സാദത്ത് കോയമ്പത്തൂർ മധുക്കര പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയിരുന്നു. തുടർന്ന് എസ്‌പി. രമ്യഭാരതിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാർ അറസ്റ്റിലായത്.

ഹവാലാ പണം കൊണ്ടുവന്ന കാർ പാലക്കാട്ടെ ചിതലിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്തി. തുടർന്നുള്ള അന്വേഷണത്തിൽ കുറ്റക്കാരെന്നുകണ്ട ഇൻസ്പെക്ടറടക്കമുള്ള പൊലീസുകാരെ തിരുച്ചി ഡി.ഐ.ജി. അരുൺ സസ്പെൻഡ് ചെയ്യുകയായിരുന്നു. നേരത്തെ ബാംഗ്ലൂരിലെ ചിക്പെട്ടിൽ വച്ച് ശ്രീധരനെ ബാംഗ്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നടന്ന നിരവധി കവർച്ച കേസുകളുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

താൻ കേരളത്തിലെ നിരവധി നേതാക്കൾക്കു തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുള്ളതായി ഇയാൾ ബാംഗ്ലൂർ പൊലീസിൽ വെളിപ്പെടുത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതേത്തുടർന്ന് കോടാലി ശ്രീധരന് കോൺഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്നും വി എം സുധീരന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടാലി ശ്രീധരൻ പണം നൽകി എന്നും മറ്റും അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ആരോപിച്ചിരുന്നു.

കോൺഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർത്തിയത് സിപിഐ(എം) നേതാവിന്റെയും പാർട്ടി ഉടമസ്ഥതയിലുള്ള ചാനൽ പ്രവർത്തകന്റെയും പ്രലോഭനത്തിന് വഴങ്ങിയാണെന്ന് താമസിയാതെ ശ്രീധരൻ വെളിപ്പെടുത്തിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോൺഗ്രസ് നേതാക്കൾക്ക് തെരഞ്ഞെടുപ്പ് ഫണ്ട്് നൽകിയെന്ന് പറഞ്ഞാൽ ഗുണ്ടാ ലിസ്റ്റിൽനിന്ന് ഒഴിവാക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരത്തിൽ ആരോപണം ഉന്നയിച്ചതെന്നും ഇതിന് പൊലീസിന്റെ സമ്മർദവും ഉണ്ടായിരുന്നെന്നും വി എം സുധീരനെ തനിക്കറിയില്ല എന്നും മറ്റും ശ്രീധരൻ വെളിപ്പെടുത്തിയതായും പിന്നീട് മാദ്ധ്യമ വാർത്തകൾ പുറത്തുവന്നിരുന്നു.