കോയമ്പത്തൂർ: കോടനാട് എസ്റ്റേറ്റിൽ വീണ്ടും ആത്മഹത്യ. എസ്റ്റേറ്റ് ജീവനക്കാരനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ദിനേശ് (29) എന്നയാളെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. 

അഞ്ച് വർഷമായി കോടനാട് എസ്‌റ്റേറ്റിൽ ജോലി ചെയ്ത് വരികയാണ് ഇയാൾ. അവിവാഹിതനായ ഇയാൾ രണ്ടു മാസം മുൻപ് രണ്ടു കണ്ണുകൾക്കും ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്നു ദിവസമായി ഇയാൾ ജോലിക്ക് ഹാജരായിരുന്നുമില്ല.അതേസമയം കോടനാട് കവർച്ചയുമായി ദിനേശിന്റെ മരണത്തിന് ബന്ധമില്ലെന്ന് നീലഗിരി എസ്‌പി മുരളി രംഭ പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി.

മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് പിന്നാലെ അവരുടെ കോടനാട് എസ്റ്റേറ്റ് വസതിയിൽ കവർച്ച നടന്നിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണം അവസാനിച്ചത് കേരളത്തിലുള്ള ചില പ്രതികളിലാണ്. മുഖ്യപ്രതിയായ കനകരാജ് വാഹനാപകടത്തിൽ മരിച്ചിരുന്നു. മറ്റൊരു പ്രതിയായ സയന്റെ ഭാര്യയും മകനും വാഹനാപകടത്തിലും മരിച്ചു.