കോഴിക്കോട്: ഡിവൈഎഫ്‌ഐ നേതാവ് ഷെജിനും ജോയ്‌സനയും തമ്മിൽ പ്രണയത്തിലായിട്ട് ഏഴ് മാസത്തോളമായി. ഇത് വീട്ടുകാർ അറിയുന്നത് പെൺകുട്ടി നേതാവിനൊപ്പം ഒളിച്ചോടിയതോടെയാണെന്ന് മാത്രം. ഗൾഫിലായിരുന്ന ജോയ്‌സന നാട്ടിലെത്തി രണ്ടാഴ്‌ച്ച കഴിഞ്ഞപ്പോഴാണ് ഷെജിനൊപ്പെ ഇറങ്ങിപ്പോയി വിവാഹം കഴിച്ചത്. ഇതറിഞ്ഞ ബന്ധുക്കൾക്ക് ഉണ്ടായത് ഞെട്ടലും. ഇതോടെ ലൗ ജിഹാദ് ആരോപണവും ശക്തമായി, ഇടവകയും പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് കോടഞ്ചേരിയിലെ മിശ്ര വിവാഹം ലൗ ജിഹാദായി മാറുന്നത്.

നാട്ടിൽ നിന്ന് മാറിനിന്നത് ജാഗ്രതക്കുറവെന്ന് സിപിഎം നേതാക്കൾ പറഞ്ഞെന്നും ഷെജിനും പറയുന്നത്. അതേസമയം പെൺകുട്ടി കോടതിയിൽ ഭർത്താവിനൊപ്പം പോകണം എന്നു പറഞ്ഞതോടെ വിഷയം അവസാനിച്ചതാണ്. എങ്കിലും മുൻ എംഎൽഎ ജോർജ്ജ് എം തോമസിന്റെ വാക്കുകൾ കൂടി ആയതോടെ വിഷയം കൈവിട്ടു പോകുകയായിരുന്നു.

അതേസമയം കോടഞ്ചേരി പൊലീസിനെതിരെ ഷെജിൻ ആരോപണം ഉന്നയിച്ചു. കോടതിയിൽ വച്ച് എസ്‌ഐ മോശമായി പെരുമാറി. തങ്ങളോട് അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി. ജോയ്‌സ്‌നയെ തടഞ്ഞുവച്ചു. കോടതി ജോയ്‌സ്‌നയെ തനിക്കൊപ്പം വിട്ടിട്ടും നടപടികൾ വൈകിപ്പിച്ചു. വീട്ടുകാരെ കാണാൻ ജോയ്‌സ്‌നയെ നിർബന്ധിച്ചു. എസ്‌ഐയും രണ്ട് സിപിഒമാരുമാണ് മോശമായി പെരുമാറിയത്. മറ്റാരുടെയോ താല്പര്യം സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത് എന്നും ഷെജിൻ പറഞ്ഞു. വിവാഹത്തിനായി ആരുടെയും സമ്മർദ്ദമില്ലായിരുന്നെന്നും ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ജോയ്‌സ്‌നയും മാധ്യമങ്ങളിടൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ലൗ ജിഹാദ് ഒരു നിർമ്മിത കള്ളം; ജോർജ് എം തോമസിനെ തള്ളി ഡിവൈഎഫ്‌ഐ

അതേസമയം ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷെജിന്റെ പ്രണയ വിവാഹത്തെതുടർന്നുള്ള വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഡിവൈഎഫ്ഐ രംഗത്തുവന്നു. കേരളത്തിന്റെ മത നിരപേക്ഷ പൈതൃകത്തിൽ വിള്ളൽ വീഴ്‌ത്താൻ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലൗ ജിഹാദെന്നും ഷെജിനും ജോയ്സ്‌നയും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയാണെന്നും ഡിവൈഎഫ്ഐ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ വ്യക്തമാക്കി.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎ‍ൽഎയുമായ ജോർജ് എം തോമസ് ഷെജിന്റെയും ജോയ്‌സനയുടെയും വിവാഹത്തെ തള്ളിപ്പറഞ്ഞും പ്രണയത്തിൽ സംശയം ഉന്നയിച്ചും നേരത്തെ രംഗത്തെത്തിയിരുന്നു. ലൗജിഹാദ് ഉണ്ടെന്ന് സിപിഎമ്മിന്റെ പാർട്ടി രേഖകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഷെജിന്റെയും ജോയ്‌സനയുടെയും വിവാഹത്തിനെതിരെ കോഴിക്കോട് കോടഞ്ചേരിയിൽ കന്യാസ്ത്രീകളടക്കം പങ്കെടുത്ത പ്രതിഷേധ പ്രകടനമടക്കം നടന്ന സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം.

ജോർജ് എം തോമസിന്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ഡിവൈഎഫ്ഐ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഷെജിൻ പാർട്ടിക്ക് വലിയ ഡാമേജ് ഉണ്ടാക്കി എന്നായിരുന്നു ജോർജ് എം തോമസ് പറഞ്ഞത്. എന്നാൽ, ഷെജിൻ പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയാണെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്.

ഡിവൈഎഫ്ഐ പ്രസിദ്ധീകരിച്ച കുറിപ്പ് പൂർണ രൂപത്തിൽ

ഡിവൈഎഫ്‌ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എം.എസും പങ്കാളി ജോയ്സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണ്. പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീർത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപിത നിലപാട്. മതേതര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ സെക്കുലർ മാട്രിമോണി വെബ് സൈറ്റ് തുടങ്ങുകയും മതേതര വിവാഹങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ.

മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകൾ കാട്ടി തന്ന അനേകം നേതാക്കൾ ഡിവൈഎഫ്‌ഐക്ക് കേരളത്തിൽ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്‌കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്‌ത്താൻ സ്ഥാപിത ശക്തികൾ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലൗ ജിഹാദ് എന്ന പ്രയോഗം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി

പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലൗ ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം. സ്ഥാപിത വർഗ്ഗീയ താത്പര്യക്കാർ പൊതു ബോധമായി ഇത്തരം വിഷയങ്ങൾ നിർമ്മിച്ചെടുക്കാൻ

ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണണം. കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതം തീവ്രവാദം പിടി മുറുക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് സഖാവ് ഷെജിനും ജോയ്സ്‌നയും മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയുമാണ്. ഇരുവർക്കും ഡിവൈഎഫ്ഐ എല്ലാവിധ പിന്തുണയും നൽകും.

ഡിവൈഎഫ്ഐ നേതാവ് ഷിജിന്റെ പ്രണയം കലാപത്തിന് ഇടവരുത്തുന്നതെന്ന് ജോർജ് എം തോമസ്

ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായ ഷിജിന്റെ പ്രണയ വിവാഹം രണ്ട് സമുദായങ്ങൾ തമ്മിൽ കലാപമുണ്ടാക്കാനോ ശത്രുത വളർത്താനോ ഇടവരുത്തുന്ന നടപടിയാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുൻ എംഎ‍ൽഎയുമായ ജോർജ് എം. തോമസ്. അങ്ങിനെയൊരു പ്രണയ ബന്ധമുണ്ടെങ്കിൽ മിശ്രവിവാഹം കഴിക്കാൻ പാർട്ടിയോട് ആലോചിച്ച്, പാർട്ടി സഖാക്കളുമായി സംസാരിച്ച്, ഉപദേശവും നിർദ്ദേശവുമെല്ലാം സ്വീകരിച്ച് വേണമായിരുന്നു ചെയ്യാൻ. പാർട്ടിയിൽ ആരോടും ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി ഘടകത്തിൽ പോലും ചർച്ച ചെയ്തിട്ടില്ല. ഓടിപോകുക എന്നത് പാർട്ടിക്ക് ഡാമേജ് ഉണ്ടാക്കുന്നതാണ്. അങ്ങിനെ ഡാമേജ് ഉണ്ടാക്കിയ ആളെ താലോലിക്കാൻ കഴിയില്ല. നടപടി ഇപ്പോൾ ആലോചിച്ചിട്ടില്ല. എന്നാൽ, നടപടി ആലോചിക്കേണ്ടി വരുമെന്നും ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജോർജ് എം. തോമസ് പറഞ്ഞു.

പ്രണയത്തിലായിരുന്ന കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവ് ഷിജിനെയും ജോയ്‌സ്‌നയെയും കാണാതാവുകയും സംഭവത്തിൽ ലൗജിഹാദടക്കം ആരോപിച്ച് ചിലർ രംഗത്തുവരികയും ചെയ്തിരുന്നു. മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള ഷിജിനും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ജോയ്‌സനയും തമ്മിലുള്ള ബന്ധത്തിൽ പ്രതിഷേധിച്ച് കോടഞ്ചേരിയിൽ കന്യാസ്ത്രീകളടക്കം പങ്കെടുത്ത പ്രതിഷേധ പ്രകടനം നടക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് സിപിഎം അടുത്ത ദിവസം വിശദീകരണം യോഗം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് ജോർജ് എം. തോമസിന്റെ തുറന്നു പറച്ചിൽ.

ലൗജിഹാദ് ഉണ്ട് എന്നും വിദ്യാസമ്പന്നരായ യുവതികൾ അതിനെതിരെ ജാഗ്രത പുലർത്തണമെന്നും സിപിഎം പാർട്ടി രേഖകളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മതസൗഹാർദ്ദം തകരാൻ സിപിഎം ആഗ്രഹിക്കുന്നില്ലെന്നും ജോർജ് എം തോമസ് പറഞ്ഞു. ആത്മാർത്ഥമായ പ്രണയമാണോയെന്ന് പഠിക്കേണ്ടതുണ്ട്. ആ കുട്ടി 15 ദിവസം മുൻപ് വരെ ഗൾഫിൽ ജോലിയായിരുന്നു. ഇത്ര പെട്ടെന്നൊരു ഡീപ്പായ പ്രണയം രൂപപ്പെടുമോയെന്ന് എനക്കറിഞ്ഞുകൂട -അദ്ദേഹം തുടർന്നു.

'ലൗ ജിഹാദ് എന്ന ഒരു സംഗതിയുണ്ടെന്ന് ഞങ്ങളുടെ പാർട്ടി രേഖകളിൽ വ്യക്തമാക്കിയ കാര്യമാണ്. ഞങ്ങളുടെ ഡോക്യുമെന്റ്‌സിൽ പറഞ്ഞത് Educated women in the proffessional colleges and Institutions are being attacked by these things. Love jihad or whatsoever. (പ്രൊഫഷണൽ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഭ്യസ്ഥ വിദ്യരായ യുവതികൾ ലൗ ജിഹാദ് പോലുള്ള കാര്യങ്ങളാൽ ആക്രമിക്കപ്പെടുന്നു.)' -അദ്ദേഹം പറഞ്ഞു.

'അങ്ങിനെയൊന്ന് കേരളത്തിലുണ്ടെന്ന് പാർട്ടി ജേണലുകളിലും റെസൊല്യൂഷനുകളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. ലൗ ജിഹാദ് നടക്കുന്നുണ്ട്, അപൂർവമായിട്ട്. വലിയ ഡിസ്‌പ്രൊപോർഷനായിട്ട് വിശദീകരിക്കേണ്ട കാര്യമില്ല. പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികളെ ലൗ ജിഹാദ് എന്നോ മറ്റോ പേര് പറഞ്ഞ് മിശ്രവിവാഹങ്ങളിലേക്ക് പ്രേരിപ്പിക്കുന്നുണ്ട്.' -അദ്ദേഹം തുടർന്നു

'ലൗ ജിഹാദ് എന്ന പേര് ആർഎസ്എസ് ഉണ്ടാക്കിയതാണെന്നതിൽ തർക്കമില്ല. അങ്ങിനെയൊരു പേരിന്റെ ലക്ഷ്യം സാമുദായിക മൈത്രി തകർക്കുക എന്നു തന്നെയാണ്. എന്നാൽ അതിനെ കണ്ണടച്ച് എതിർക്കുക അല്ലെങ്കിൽ അങ്ങനെയൊരു പ്രതിഭാസമേ ഇല്ലെന്ന് പറയാൻ കഴിയാത്ത അനുഭവങ്ങൾ കേരളത്തിൽ അറ്റയും തെറ്റയുമായിട്ടുണ്ട്. തിരുവമ്പാടി ഭാഗത്ത് ഇല്ല. സിപിഎം രേഖകളിൽ പറയുന്നത് പ്രൊഫഷണൽ കോളേജുകളിലെ ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികളെ ഇത്തരം കാര്യങ്ങൾക്ക് വേണ്ടി പ്രേരിപ്പിച്ച് തട്ടിക്കൊണ്ടുപോയി ഐസിസ് പോലുള്ളവക്കെല്ലാം ട്രെയിനിങ് കൊടുക്കുന്ന അനുഭവങ്ങളെല്ലാം നമ്മുടെ കേരളത്തിലെല്ലാം പത്രത്തിൽ വന്നതാണല്ലോ. അങ്ങിനെയൊരു വസ്തുതയുണ്ട്, അതിനെ കരുതണം. അങ്ങിനെയുള്ള പ്രശ്‌നങ്ങളിൽ ആളുകൾ കുടുങ്ങാതിരിക്കാൻ ശ്രദ്ധ വേണം, ജാഗ്രത പുലർത്തണമെന്ന് സിപിഎം ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞിട്ടുള്ള കാര്യമാണ്.'

'സിപിഎം ഇക്കാര്യം പരസ്യമായി പറഞ്ഞോ ഇല്ലേയെന്നത് എനിക്കറിയില്ല. പക്ഷെ ഇങ്ങിനെയൊരു വസ്തുതയുണ്ട്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐ പോലുള്ള സംഘടനകളും ക്യാംപസ് ഫ്രണ്ട് പോലുള്ള സംഘനകളുമെല്ലാം ഇതിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഇത് പത്രങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.' - ജോർജ് എം. തോമസ് പറഞ്ഞു.

സിപിഎം വിശദീകരണ യോഗം സംബന്ധിച്ച് ജോർജ് എം. തോമസ് പറഞ്ഞത്

ഇത് സാധാരണ പ്രണയവിവാഹം പോലെ കരുതാവുന്നതാണ്. എന്നാൽ, ചിലർ ലൗ ജിഹാദ് പരിവേഷം നൽകി പ്രതിഷേധംനടത്തുന്നുണ്ട്. കന്യാസ്ത്രീകൾ ഉൾപ്പെടെ മുന്നൂറിലേറെ പേർ പങ്കെടുത്ത പ്രതിഷേധം കോടഞ്ചേരി അങ്ങാടിയിൽ നടന്നു. ഡിവൈഎഫ്‌ഐക്കാരൻ നേതാവ് ധൈര്യമുണ്ടെങ്കിൽ പുറത്തുവാടാ എന്നൊക്കെയുള്ള മുദ്രാവാക്യമാണ് വിളിച്ചത്.

വിവാഹത്തിന് സിപിഎമ്മാണ് മുൻകൈയെടുത്തത്, പാർട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണ് വിവാഹം നടന്നത് എന്നൊക്കെയുള്ള പ്രചാരണം പാർട്ടിക്കെതിരെ വ്യാപകമാണ്. സാന്ദർഭികമായി ഷെജിൻ പാർട്ടി ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമാണ്. അതുകൊണ്ട് ആളുകൾ ഇത് വിശ്വാസത്തിലെടുക്കും. ഇത് വിശദീകരിക്കേണ്ട ബാധ്യത പാർട്ടിക്കുണ്ട്. ഇല്ലെങ്കിൽ ആളുകൾ പാർട്ടിയെ സംശയത്തോടെയാണ് നോക്കുക.

ക്രിസ്ത്യൻ വിഭാഗം നല്ല നിലയിൽ പാർട്ടിയുമായി സഹകരിച്ചുവരുന്ന ഘട്ടമാണ്. ബിഷപ്പടക്കമുള്ളവർ സർക്കാരിനെയും പാർട്ടിയെയും അംഗീകരിക്കുന്ന നില വന്നിട്ടുണ്ട്. ഈ ഘട്ടത്തിൽ ക്രിസ്ത്യൻ വിഭാഗത്തെ ഞങ്ങൾക്കെതിരാക്കേണ്ടത് യുഡിഎഫിന്റെയും വിശേഷിച്ച് കോൺഗ്രസിന്റെയും ആവശ്യമാണ്. ഇവരാണ് ഇതിന് പിന്നിലുള്ളത്.

ജനത്തെ ബോധവത്കരിക്കേണ്ടത് സിപിഎമ്മിന്റെ അടിയന്തിര കടമയായതിനാലാണ് വിശദീകരണ യോഗം വെക്കാൻ തീരുമാനിച്ചത്. ലൗ ജിഹാദാണ് ഇതെന്നാണ് പ്രചാരണം. ലൗ ജിഹാദും പ്രണയ വിവാഹവും വേറെയാണ്. ഇതിനോട് രണ്ടിനോടുമുള്ള സിപിഎം നിലപാട് എന്താണ്, ഇത്തരം വിവാദങ്ങൾ എന്തിനാണ് എന്നെല്ലാം വിശദീകരിക്കാനാണ് യോഗം വിളിച്ചു ചേർത്തത് -ജോർജ് എം. തോമസ് വിശദീകരിച്ചു.