കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹത്തിൽ മുൻ തിരുവമ്പാടി എംഎൽഎയുടെ നിലപാട് തള്ളി സിപിഎം ജില്ലാ നേതൃത്വം. ഡിവൈഎഫ്ഐ നേതാവ് ഷെജിനെയും ജോയ്‌സ്‌നയുടെയും വിവാഹം ലൗജിഹാദ് അല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചു. സംഭവത്തിൽ അസ്വഭാവികയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം വ്യക്തിപരമാണ്. പാർട്ടിയെ ബാധിക്കുന്നതല്ല. എന്നാൽ അവർ ഒളിച്ചോടിയെന്ന് പത്രങ്ങൾ പറയുന്നു. അത് വേണ്ടിയിരുന്നില്ല. എല്ലാവരെയും ബോധ്യപ്പെടുത്തി വിവാഹം കഴിക്കാൻ ശ്രമിക്കേണ്ടതായിരുന്നു. യുവതിയുടെ നിലപാട് കോടതിയും അംഗീകരിച്ചു. അതോടെ ആ അധ്യായം അടഞ്ഞുവെഞ്ഞും മോഹനൻ പറഞ്ഞു.

രാഷ്ട്രീയ താത്പര്യം വെച്ച് സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. അത് അംഗീകരിക്കില്ല. പാർട്ടി അതിനെ ശക്തമായി എതിർക്കും. ജോർജ് എം. തോമസ് ചില പരാമർശങ്ങൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടു. ലൗ ജിഹാദ് ഉൾപ്പെട്ടിട്ടില്ല. മതന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ ആർ. എസ്.എസ് നിർമ്മിക്കുന്നതാണ് ലൗ ജിഹാദ്. ജോർജ് എം. തോമസിന് പിശക് പറ്റി. പിശക് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. പാർട്ടിയെ അത് അറിയിച്ചിട്ടുണ്ട്. നാക്കുപിഴയായി കണക്കാക്കിയാൽ മതി. ആ അധ്യായം അവസാനിച്ചു. സംഭവത്തിൽ ഷെജിനോട് വിശദീകരണം ചോദിക്കേണ്ട ആവശ്യമൊന്നുമില്ല. നേരത്തെ അറിയിച്ചിരുന്നെങ്കിൽ പെൺകുട്ടിയുടെ വീട്ടുകാരെ പാർട്ടി ബോധ്യപ്പെടുത്തുമായിരുന്നു. ഷെജിനെതിരെ നടപടിയെടുക്കുന്നത് ഇപ്പോൾ പാർട്ടിയുടെ മുന്നിൽ ഇല്ലെന്നും മോഹനൻ പറഞ്ഞു.

സമുദായങ്ങളെ അകറ്റാനുള്ള നീക്കത്തെ പ്രതിരോധിക്കാനാണ് വിശദീകരണം യോഗം നടത്തിയത്. ലൗ ജിഹാദിൽ സിപിഎം നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു തരത്തിലുള്ള ഭീഷണിയും ഷെജിനും ജ്യോത്സനക്കും ഉണ്ടാകില്ല. ന്യായമായ വിഷയങ്ങളിൽ എല്ലാവർക്കും പാർട്ടിയുടെ സംരക്ഷണമുണ്ടാകുമെന്നും മോഹനൻ മാസ്റ്റർ പറഞ്ഞു.

അതേസമയം മിശ്രവിഹാഹം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന വാദം ശരിയല്ലെന്ന് ലിന്റോ ജോസഫ് എംഎ‍ൽഎയും പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഷെജിനുമായി ബന്ധപ്പെടാൻ സാധിക്കാത്തതാണ് നേതാക്കൾക്ക് അവവ്യക്തത ഉണ്ടാവാൻ കാരണം. സംഭവത്തെ ലൗ ജിഹാദുമായി കൂട്ടിക്കെട്ടുന്നത് ശരിയല്ലെന്നും ലിന്റോ ജോസഫ് പറഞ്ഞു. സംഭവത്തെ ലൗ ജിഹാദുമായി കൂട്ടിക്കെട്ടുന്നതും ശരിയല്ല. ലൗജിഹാദ് പരാമർശത്തിൽ കൂടുതൽ വിശദീകരണം നൽകേണ്ടത് ജോർജ്ജ് എം.തോമസാണ്. ആദ്യഘട്ടത്തിൽ ഷെജിനുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്നും ലിന്റോ ജോസഫ് പറഞ്ഞു.

ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായ ഷെജിന്റെ പ്രണയ വിവാഹം രണ്ട് സമുദായങ്ങൾ തമ്മിൽ കലാപമുണ്ടാക്കാനോ ശത്രുത വളർത്താനോ ഇടവരുത്തുന്ന നടപടിയാണെന്നായിരുന്നു ജോർജ് എം. തോമസിന്റെ പ്രസ്താവന. അങ്ങിനെയൊരു പ്രണയ ബന്ധമുണ്ടെങ്കിൽ മിശ്രവിവാഹം കഴിക്കാൻ പാർട്ടിയോട് ആലോചിച്ച്, പാർട്ടി സഖാക്കളുമായി സംസാരിച്ച്, ഉപദേശവും നിർദ്ദേശവുമെല്ലാം സ്വീകരിച്ച് വേണമായിരുന്നു ചെയ്യാൻ.

പാർട്ടിയിൽ ആരോടും ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി ഘടകത്തിൽ പോലും ചർച്ച ചെയ്തിട്ടില്ല. ഓടിപോകുക എന്നത് പാർട്ടിക്ക് ഡാമേജ് ഉണ്ടാക്കുന്നതാണ്. അങ്ങിനെ ഡാമേജ് ഉണ്ടാക്കിയ ആളെ താലോലിക്കാൻ കഴിയില്ല. നടപടി ഇപ്പോൾ ആലോചിച്ചിട്ടില്ല. എന്നാൽ, നടപടി ആലോചിക്കേണ്ടി വരുമെന്നും ജോർജ് എം. തോമസ് പറഞ്ഞിരുന്നു. ലൗജിഹാദ് ഉണ്ട് എന്നും വിദ്യാസമ്പന്നരായ യുവതികൾ അതിനെതിരെ ജാഗ്രത പുലർത്തണമെന്നും സിപിഎം പാർട്ടി രേഖകളിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്രണയത്തിലായിരുന്ന കോട??ഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവ് ഷെജിനെയും ജോയ്‌സ്‌നയെയും കാണാതാവുകയും സംഭവത്തിൽ ലൗജിഹാദടക്കം ആരോപിച്ച് ചിലർ രംഗത്തുവരികയും ചെയ്തിരുന്നു. മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള ഷിജിനും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ജോയ്‌സനയും തമ്മിലുള്ള ബന്ധത്തിൽ പ്രതിഷേധിച്ച് കോടഞ്ചേരിയിൽ കന്യാസ്ത്രീകളടക്കം പങ്കെടുത്ത പ്രതിഷേധ പ്രകടനം നടക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് സിപിഎം അടുത്ത ദിവസം വിശദീകരണം യോഗം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് ജോർജ് എം. തോമസിന്റെ തുറന്നു പറച്ചിൽ. അതേസമയം, ജോർജ്ജ് എം.തോമസിന്റെ പ്രസ്താവന തള്ളി ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.