ആലപ്പുഴ: കോഴിക്കോട് കോടഞ്ചേരിയിലെ മിശ്രവിവാഹത്തെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുവേ തങ്ങളുടെ ഭാഗം വിശദീകരിച്ചു നവദമ്പതികൾ രംഗത്തെത്തി. പരസ്പ്പരം ഇഷ്ടമുള്ളതു കൊണ്ട് ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് ഒളിച്ചോടിയതെന്നാണ് ഡിവൈഎഫ്ഐ നേതാവ് എം.എസ് ഷെജിനും ജോയ്സ്ന മേരി ജോസഫും പ്രതികരിച്ചത്. പ്രണയിക്കുന്ന ആളുമായി ഒന്നിച്ച് ജീവിക്കാനായി സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടിൽ നിന്ന് ഇറങ്ങിവന്നതെന്ന് ജോയ്‌സ്‌ന പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ജോയ്‌സ്‌ന ഇറങ്ങിവന്നതെങ്കിൽ വിവാഹം ചെയ്യാനും ഒന്നിച്ച് ജീവിക്കാനും പാർട്ടിയുടെ പിന്തുണയും സംരക്ഷണവും ഉണ്ടാവുമെന്നാണ് പ്രാദേശിക നേതൃത്വം ഉറപ്പുനൽകിയതെന്ന് ഷെജിനും വ്യക്തമാക്കി. മാതൃഭൂമി ന്യൂസ് ചാനലിനോടായിരുന്നു ഇരുവരുടെയും പ്രതികരണങ്ങൾ.

ഷെജിനെ നേരത്തെ പരിചയമുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപാണ് പരസ്പരം പ്രണയത്തിലായത്. ഒന്നിച്ച് ജീവിക്കാനായി വീട്ടിൽ നിന്ന് ഇറങ്ങിവരികയായിരുന്നു. പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് കരുതിയിരുന്നു. ഇത്ര രൂക്ഷമായ പ്രശ്നം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. മതം മാറാൻ ഷെജിൻ തന്നോട് ആവശ്യപ്പെട്ടിട്ടില്ല. മരിക്കുന്നത് വരെ എന്റെ മതത്തിൽ വിശ്വസിക്കാനുള്ള അവകാശവും സ്വതന്ത്ര്യവും എനിക്കുണ്ടെന്നും ജോയ്‌സ്‌ന പറഞ്ഞു.

അതേസമയം തനിക്കെതിരെ മൃഗീയമായ സൈബർ ആക്രമണം നടക്കുന്നുണ്ടെന്ന് ഷെജിൻ പറഞ്ഞു. ലൗ ജിഹാദ് എന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. ജോയ്‌സ്‌ന അവളുടേയും ഞാൻ എന്റേയും മതത്തിൽ തുടരും. സാഹചര്യം മുതലെടുത്ത് വ്യക്തിഹത്യ നടത്തി വിദ്വേഷപ്രചാരണം നടത്താനാണ് ചിലരുടെ ശ്രമം. തീവ്രസ്വഭാവമുള്ള ചില സംഘടനകളും ആളുകളുമാണ് ഇതിന് പിന്നിലുള്ളത്. പരസ്പരം സ്നേഹിക്കുന്ന രണ്ട് പേർ ഒന്നിച്ച് ജീവിക്കുന്നതിനെതിരെ ഇത്തരം പ്രതിഷേധങ്ങൾ നടക്കുന്നത് അപരിഷ്‌കൃതമാണെന്നു ഷെജിൻ പറയുന്നു.

വിവാഹത്തെ തുടർന്ന് കുറച്ച് ദിവസം മാറിനിന്നത് എന്തിനാണെന്ന് ആദ്യഘട്ടത്തിൽ പാർട്ടി നേതാക്കൾക്ക് മനസ്സിലായിരുന്നില്ല. എന്നാൽ കോടതിയിൽ ഹാജരായി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ നേതാക്കളുമായി ബന്ധപ്പെട്ടു. ജോയ്‌സ്‌നയെ വിവാഹം ചെയ്ത് ജീവിക്കുന്നതിനോട് പോസിറ്റീവ് ആയാണ് പാർട്ടി നേതാക്കൾ പ്രതികരിച്ചത്. സംരക്ഷണം തരുമെന്ന് ഉറപ്പ് നൽകി. ആളുകൾ പലതും പറയുന്നുണ്ട്. അത് കാര്യമാക്കുന്നില്ല. വധഭീഷണി ഉൾപ്പെടെ നിലനിൽക്കുന്നുണ്ട്. നാട്ടിലേക്ക് തിരിച്ചുപോകുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും ഷെജിൻ പറഞ്ഞു.

ഡിവൈഎഫ്ഐ. കണ്ണോത്ത് മേഖലാ സെക്രട്ടറിയും സിപിഎം. ലോക്കൽ കമ്മിറ്റിയംഗവുമായ എം.എസ്. ഷെജിനും തെയ്യപ്പാറ സ്വദേശിനി ജോയ്‌സ്‌ന മേരി ജോസഫും തമ്മിലുള്ള വിവാഹമാണ് പ്രദേശത്തും പാർട്ടിക്കുള്ളിലും ചർച്ചയ്ക്ക് വഴിയൊരുക്കിയത്. വിവാഹത്തെ ലൗ ജിഹാദെന്ന് വിശേഷിപ്പിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.

കോടഞ്ചേരിയിലേത് ലൗ ജിഹാദായി കാണുന്നില്ലെങ്കിലും അത് പ്രദേശത്ത് മതമൈത്രിക്ക് അപകടമുണ്ടാക്കിയെന്നാണ് നിരീക്ഷണമെന്ന സിപിഎം. ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ തിരുവമ്പാടി എംഎ‍ൽഎ.യുമായ ജോർജ് എം. തോമസിന്റെ പരാമർശമാണ് സംഭവത്തെ രാഷ്ട്രീയവിഷയമാക്കി മാറ്റിയത്. സമൂഹത്തിൽ ലൗ ജിഹാദ് എന്ന പ്രക്രിയ നടക്കുന്നുണ്ടെന്ന് സിപിഎമ്മിന്റെ പാർട്ടിരേഖകളിൽ വ്യക്തമായി പറയുന്നുണ്ടെന്നും പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാസമ്പന്നരായ പെൺകുട്ടികളെ മിശ്രവിവാഹത്തിന് പ്രേരിപ്പിക്കുന്നത് അപൂർവമായി നടക്കുന്നുണ്ടെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ജോർജ്.എം.തോമസ് അഭിപ്രായപ്പെട്ടു.

അതേസലമയം ജോർജ്ജ് എം തോമസിനെ തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയും രംഗത്തുവന്നു. കോടഞ്ചേരിയിലെ മിശ്രവിവാഹത്തിൽ മുൻ തിരുവമ്പാടി എംഎൽഎയുടെ നിലപാട് തള്ളി സിപിഎം ജില്ലാ നേതൃത്വം. ഡിവൈഎഫ്‌ഐ നേതാവ് ഷെജിനെയും ജോയ്സ്നയുടെയും വിവാഹം ലൗജിഹാദ് അല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചു. സംഭവത്തിൽ അസ്വഭാവികയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം വ്യക്തിപരമാണ്. പാർട്ടിയെ ബാധിക്കുന്നതല്ല. എന്നാൽ അവർ ഒളിച്ചോടിയെന്ന് പത്രങ്ങൾ പറയുന്നു. അത് വേണ്ടിയിരുന്നില്ല. എല്ലാവരെയും ബോധ്യപ്പെടുത്തി വിവാഹം കഴിക്കാൻ ശ്രമിക്കേണ്ടതായിരുന്നു. യുവതിയുടെ നിലപാട് കോടതിയും അംഗീകരിച്ചു. അതോടെ ആ അധ്യായം അടഞ്ഞുവെഞ്ഞും മോഹനൻ പറഞ്ഞു.

രാഷ്ട്രീയ താത്പര്യം വെച്ച് സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. അത് അംഗീകരിക്കില്ല. പാർട്ടി അതിനെ ശക്തമായി എതിർക്കും. ജോർജ് എം. തോമസ് ചില പരാമർശങ്ങൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടു. ലൗ ജിഹാദ് ഉൾപ്പെട്ടിട്ടില്ല. മതന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ ആർ. എസ്.എസ് നിർമ്മിക്കുന്നതാണ് ലൗ ജിഹാദ്. ജോർജ് എം. തോമസിന് പിശക് പറ്റി. പിശക് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. പാർട്ടിയെ അത് അറിയിച്ചിട്ടുണ്ട്. നാക്കുപിഴയായി കണക്കാക്കിയാൽ മതി. ആ അധ്യായം അവസാനിച്ചു. സംഭവത്തിൽ ഷെജിനോട് വിശദീകരണം ചോദിക്കേണ്ട ആവശ്യമൊന്നുമില്ല. നേരത്തെ അറിയിച്ചിരുന്നെങ്കിൽ പെൺകുട്ടിയുടെ വീട്ടുകാരെ പാർട്ടി ബോധ്യപ്പെടുത്തുമായിരുന്നു. ഷെജിനെതിരെ നടപടിയെടുക്കുന്നത് ഇപ്പോൾ പാർട്ടിയുടെ മുന്നിൽ ഇല്ലെന്നും മോഹനൻ പറഞ്ഞു.

സമുദായങ്ങളെ അകറ്റാനുള്ള നീക്കത്തെ പ്രതിരോധിക്കാനാണ് വിശദീകരണം യോഗം നടത്തിയത്. ലൗ ജിഹാദിൽ സിപിഎം നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു തരത്തിലുള്ള ഭീഷണിയും ഷെജിനും ജ്യോത്സനക്കും ഉണ്ടാകില്ല. ന്യായമായ വിഷയങ്ങളിൽ എല്ലാവർക്കും പാർട്ടിയുടെ സംരക്ഷണമുണ്ടാകുമെന്നും മോഹനൻ മാസ്റ്റർ പറഞ്ഞു.