- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ഇഷ്ടപ്രകാരമായിരുന്നു 'ഒളിച്ചോട്ടം' എന്ന് പറയുന്ന മകൾ; കാണാതാകലിൽ ദുരൂഹത ഇപ്പോഴും കാണുന്ന അച്ഛൻ; കോടഞ്ചേരിയിലെ പ്രണയ വിവാഹം ഹൈക്കോടതിയും കയറുന്നു; ഹേബിയസ് കോർപ്പസ് ഹർജിയിൽ ജോയ്സ്ന എടുക്കുന്ന നിലപാട് നിർണ്ണായകം; ലൗ ജിഹാദ് ചർച്ചയാക്കുന്നത് സിബിഐയെ എത്തിക്കാനോ?
കൊച്ചി: ഏറെ ചർച്ചയായ കോടഞ്ചേരിയിലെ പ്രണയവിവാഹത്തിലെ വധു ജോയ്സ്നയെ 19-ന് ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദ്ദേശം. ജോയ്സ്നയെ കാണാനില്ലെന്നാരോപിച്ച് പിതാവ് പൊലീസിൽ പരാതിനൽകിയിരുന്നു. കണ്ടെത്താനായില്ലെന്നു വ്യക്തമാക്കി നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ച ദിവസം ജോയ്സ്ന ഭർത്താവ് ഷെജിനൊപ്പം താമരശ്ശേരി കോടതിയിൽ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും വ്യക്തമാക്കി. ഷെജിനൊപ്പം പോകാൻ കോടതി അനുമതിനൽകി. അതിന് ശേഷം പല വിവാദങ്ങളും ഉയർന്നു.
ലൗ ജിഹാദിന്റെ സംശയം സിപിഎം നേതാക്കൾ തന്നെ ഉയർത്തി. പിന്നീട് പാർട്ടി അത് നിഷേധിക്കുകയും ചെയ്തു. ജോയ്സ്നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഇതിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദ്ദേശം. ഈ ഹർജിയിൽ ഈ മാസം 12-നാണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിഐ.യ്ക്കും ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്.
താമരശ്ശേരി കോടതിയിൽ ഹാജരായപ്പോൾ തനിക്കു കാണാൻ കഴിഞ്ഞില്ലെന്നാണ് പിതാവിന്റെ വാദം. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഹേബിയസ് കോർപ്പസ് ഹർജിയിൽ വധൂവരന്മാർ ഹാജരാകുമ്പോൾ എടുക്കുന്ന നിലപാട് നിർണ്ണായകമാകും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോടഞ്ചേരിയിൽ ജോയ്‌സനയുടെ വീട്ടിലെത്തി രക്ഷിതാക്കളുമായി ചർച്ച നടത്തിയിരുന്നു.
പെൺകുട്ടിയെ എസ്ഡിപിഐ കേന്ദ്രങ്ങളിലാണോ പാർപ്പിച്ചിരിക്കുന്നത് എന്ന് സംശയിക്കുന്നതായി സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്ര അന്വേഷണം വേണമെന്നാണ് വീട്ടുകാരുടെ ആവശ്യമെങ്കിൽ അതിന് പിന്തുണ നൽകും. തെയ്യപ്പാറ സെന്റ് തോമസ് പള്ളി വികാരിയുമായും താമരശേരി ബിഷപ്പ് റെമജീയോസ് ഇഞ്ചനാനിയിലുമായും സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. കോടഞ്ചേരിയിൽ ഡിവൈഎഫ്‌ഐ നേതാവായ ഷിജിനെ വിവാഹം ചെയ്ത ജോയ്‌സ്‌നയെ 'കാണാതായതിന്' പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പിതാവിന്റെ ആരോപണം. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം. സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും ജോസഫ് പറഞ്ഞിട്ടുണ്ട്.
തിരോധാനത്തിന് പിന്നിലെ കാര്യങ്ങളെപ്പറ്റി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ജോയ്സ്നയുടെ പിതാവ് ജോർജ് ആവശ്യപ്പെട്ടു. ഇത്ര ദിവസമായിട്ടും മകളെ തന്റെ മുന്നിൽ കൊണ്ടു വരാൻ കേരള പൊലീസിനായില്ല. അതുകൊണ്ടു തന്നെ സംസ്ഥാന പൊലീസിൽ വിശ്വാസമില്ല. സിപിഎം സഹായിച്ചില്ല. വിവാഹത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ കേന്ദ്ര ഏജൻസി അന്വേഷിക്കണെമന്നും ജോർജ് ആവശ്യപ്പെട്ടു. സിബിഐയോ എൻഐഎയോ പോലുള്ള ഏജൻസികൾ അന്വേഷിക്കണം. വിവാഹത്തിന് ശേഷം മകൾ ജോയ്സ്നയെ കാണാത്തതിൽ ദുരൂഹതയുണ്ടെന്നും ജോർജ് പറഞ്ഞു. കോടതിയിൽ വെച്ചും മകളെ കണ്ടില്ല. തങ്ങൾ എത്തുന്നതിന് മുമ്പേ തന്നെ അവർ പോയി എന്ന് ജോർജ് പറയുന്നു.
എന്നാൽ, തന്റെ സ്വന്തം ഇഷ്ടപ്രകാരം ഷിജിനൊപ്പം വിവാഹിതയായി ജീവിക്കാൻ തീരുമാനിച്ചതാണെന്ന് ജോയ്‌സ്‌ന മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ്. ഇത് താമരശ്ശേരി ജില്ലാ കോടതിയിൽ ജോയ്‌സ്‌ന എത്തി ബോധിപ്പിക്കുകയും ചെയ്തിരുന്നു. കോടഞ്ചേരി വിവാഹ വിവാദത്തിൽ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ രംഗത്തെത്തിയിരുന്നു. മതസൗഹാർദ്ദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്നും സമീപകാലത്തെ പ്രതിസന്ധികൾ മനസ്സുകളെ തമ്മിൽ അകറ്റുന്നതാണെന്നും ബിഷപ്പ് പറഞ്ഞു.
താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ പെസഹാ വ്യാഴത്തിന്റെ ഭാഗമായി നടന്ന ശുശ്രൂഷകൾക്ക് ശേഷമാണ് ബിഷപ്പ് മാർ റെമജീയോസ് ഇഞ്ചനാനിയിൽ രൂപതയ്ക്ക് കീഴിൽ സമീപകാലത്തുണ്ടായ സംഭവങ്ങളിലുള്ള അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചത്. മതസൗഹാർദ്ദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്നും അത്തരം ശക്തികൾക്ക് കീഴടങ്ങരുതെന്നുമായിരുന്നു ബിഷപ്പിന്റെ വാക്കുകൾ. ജോയ്‌സനയെ കാണാതായ ദിവസം താമരശേരി രൂപത നേതൃത്വം സിപിഎം നേതാക്കളെ ബന്ധപ്പെട്ട് ഷെജിനെയും ജ്യോയ്‌സ്‌നയെയും കണ്ടെത്താൻ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ ഇതിന് വിപരീതമായി ഇരുവർക്കും മൂന്ന് ദിവസം ഒളിവിൽ കഴിയാൻ സിപിഎമ്മിലെ ഒരു വിഭാഗം തന്നെ കൂട്ടുനിന്നെന്ന പരാതി രൂപതാ നേതൃത്വത്തിനുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിന്റെ വികാരം പാർട്ടി കണക്കിലെടുത്തില്ലെന്ന വിമർശനവും രൂപതാ നേതൃത്വം പങ്കുവയ്ക്കുന്നു. ഈ വികാരം ഉൾക്കൊള്ളുന്ന നിലയിലായിരുന്നു കോടഞ്ചേരിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സിപിഎം നേതാക്കളുടെ പ്രതികരണം. വിഷയം വഷളാക്കിയത് കോൺഗ്രസ് ആണെന്നും സിപിഎം ആരോപിച്ചിരുന്നു.
ഇതിനെതിരെ കോടഞ്ചേരിയിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്താനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം കോടഞ്ചേരി വിവാഹ വിവാദത്തിലും ജോർജ്ജ് എം തോമസിന്റെ ലൗ ജിഹാദ് പരാമർശത്തിലും കോൺഗ്രസ് നേതൃത്വം മൗനം തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ