- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെ.. പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള സഖാക്കളുണ്ട് കൂടെ.. തരത്തിൽ പോയി കളിക്ക് മക്കളെ..; ഇത് ആള് വേറെയാണ്....; കൊടി സുനിക്ക് പിന്തുണയുമായി ആകാശ് തില്ലങ്കേരി; വെല്ലുവളി സിപിഎമ്മിന് നേരേയോ?
കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടിസുനിക്ക് പിന്തുണയുമായി ആകാശ് തില്ലങ്കേരി. ഏതാനും ദിവസം മുമ്പ് ടി.പി. കൊലപാതകക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഖ്യപ്രതി കൊടിസുനിയുടെ സെല്ലിൽനിന്ന് മൊബൈൽ ഫോണും കഞ്ചാവും പിടികൂടിയിരുന്നു. ഇതിന് പിന്നാലെ കൊടി സുനിക്കു സിപിഎം ഇനി പിന്തുണ നൽകില്ലെന്നും റിപ്പോർട്ടുകളെത്തി. കണ്ണൂരിൽ പിജെ ആർമിക്ക് തിരിച്ചടിയുണ്ടാകുമെന്നും സിപിഎം ഔദ്യോഗിക നേതൃത്വം സൂചനകൾ നൽകി.
വെള്ളിയാഴ്ച അതിരാവിലെയാണ് ജയിലധികൃതർ പരിശോധന നടത്തിയത്. അപ്പോൾ ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഫോൺ വിളിക്കുകയായിരുന്നു കൊടിസുനി. കത്രിക, മൊബൈൽ ചാർജർ എന്നിവയും പിടികൂടി. സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. മൊബൈൽ ഫോൺ കണ്ടെത്തിയതിനെത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കെത്തിയ ജയിൽ ഉദ്യോഗസ്ഥരെ കൊടിസുനി ഭീഷണിപ്പെടുത്തിയെന്നും വാർത്തയുണ്ടായിരുന്നു.
ഏറെനേരത്തെ ബലപ്രയോഗത്തിനുശേഷമാണ് സുനിയെ കീഴ്‌പ്പെടുത്തി കൂടുതൽ പരിശോധന നടത്തി വസ്തുക്കൾ കണ്ടെത്തിയത്. പരിശോധന നടക്കുമ്പോൾ തൊട്ടടുത്തുള്ള സെല്ലുകളിലെ തടവുകാരും ജയിലധികൃതർക്കെതിരേ രംഗത്തുവന്നതായി പറയുന്നു. ഫോണും മറ്റു വസ്തുക്കളും എവിടെനിന്ന് കിട്ടിയെന്നതു സംബന്ധിച്ച് ജയിലധികൃതർ അന്വേഷണം ആരംഭിച്ചു എന്നും സൂചനകളുണ്ട്. മുമ്പ് പ്രശ്‌നങ്ങളുണ്ടാകുമ്പോൾ സിപിഎമ്മിലെ ചിലർ കൊടി സുനിയെ രക്ഷിക്കാൻ എത്തുമായിരുന്നു. ഇത്തവണ അതുണ്ടായില്ല.
ജയിലിൽ സി ബ്ലോക്കിലെ സെല്ലിൽ കൊടിസുനി ഒറ്റയ്ക്കാണ് കഴിയുന്നത്. നേരത്തേയും കൊടിസുനിയും ടി.പി. കേസിലെ മറ്റു പ്രതികളും ജയിലിൽ ഫോൺ ഉപയോഗിച്ചിരുന്നത് കണ്ടെത്തിയിരുന്നു. അന്നൊന്നും അത് വലിയ വിവാദമായിരുന്നില്ല. അർജുൻ ആയങ്കിയുടെ സ്വർണ്ണ കടത്ത് കേസ് ചർച്ചയായതോടെ ക്വട്ടേഷൻ ഗുണ്ടകളുമായി ബന്ധം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദ്ദേശം കൊടുത്തിരുന്നു.
ഇതിനിടെയാണ് കൊടി സുനിയെ പിന്തുണച്ച് അർജുൻ ആയങ്കി രംഗത്ത് വരുന്നത്. സ്വർണ്ണ കടത്ത് ക്വട്ടേഷനുകൾ ജയിലിനുള്ളിൽ കിടന്ന് കൊടി സുനി ഏറ്റെടുക്കുന്നുവെന്നും ആരോപണമുണ്ട്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
നാല് തോക്കിന്റെയും പത്ത് വണ്ടി ഗുണ്ടകളുടെയും ബലത്തിൽ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തിന്റെ ഗുണ്ടകൾ തരത്തിൽ പോയി കളിക്കണം..
ഇത് ആള് വേറെയാണ്, ചെങ്കൊടിക്ക് ചോപ്പ് കൂട്ടാൻ ചോര ചിന്തിയ ധീരന്മാരുടെ വിപ്ലവമണ്ണിൽ രക്തസാക്ഷികൾക്ക് വേണ്ടി കണക്കു ചോദിക്കുന്നവൻ, വർഗീയ വാദികളുടെ ബോംബിനെയും കഠാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവൻ, അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെ.. പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള സഖാക്കളുണ്ട് കൂടെ.. തരത്തിൽ പോയി കളിക്ക് മക്കളെ..
മറുനാടന് മലയാളി ബ്യൂറോ