തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് വീണ്ടും ചർച്ചകളിലേക്ക്. 2014ലെ വിചാരണക്കോടതി വിധിക്കെതിരായ ഹർജികൾ അടുത്ത മാസം അഞ്ചിന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഈ കേസിൽ ആരാകും സർക്കാരിന് വേണ്ടി ഹാജരാകുക എന്നതാണ് നിർണ്ണായകം, കേസിലെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറും മുൻ കാസർകോട് ഡിസിസി പ്രസിഡന്റുമായ അഡ്വ.സി.കെ.ശ്രീധരൻ തനിക്ക് ആരോഗ്യ കാരണങ്ങളാൽ തുടരാനാകില്ലെന്നറിയിച്ച് ആഭ്യന്തര സെക്രട്ടറിക്കു കത്തു നൽകി. ഇതാണ് പ്രതിസന്ധിയാകുന്നത്. പകരം ഏത് പ്രോസിക്യൂട്ടറെ നിയമിക്കുമെന്നതാണ് പ്രധാനം.

ഡൽഹിയിൽ നിന്ന് കപിൽ സിബലിനെയോ അതുപോലെ വിദഗ്ധരായ അഭിഭാഷകരെയോ പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ടിപിയുടെ ഭാര്യ കെ.കെ.രമ എംഎൽഎ സർക്കാരിനെ ഉടൻ സമീപിക്കും. വിചാരണക്കോടതി വെറുതെവിട്ട പി.മോഹനൻ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയും കെ.കെ.രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമാണിപ്പോൾ. അതുകൊണ്ട് തന്നെ ഈ കേസ് അട്ടിമറിക്കാൻ ഹൈക്കോടതിയിൽ വേദി ഒരുങ്ങുമെന്ന സൂചന അതിശക്തമാണ്.

ടിപി കേസിൽ സിപിഎം നേതാക്കളെ അറസ്റ്റുചെയ്തതിനു പിന്നാലെ അന്വേഷണ സംഘാംഗങ്ങൾക്കും യുഡിഎഫ് സർക്കാരിനും എതിരെ വിമർശനം ഉന്നയിച്ച വ്യക്തിയാണ് പിണറായി വിജയൻ. ഈ മുഖ്യമന്ത്രിയിൽ നിന്നും നീതി കിട്ടുമോ എന്ന ആശങ്ക ടിപിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമുണ്ട്. അന്നു പ്രതികൾക്കായി കോടതിയിൽ വാദിച്ച കെ.ഗോപാലകൃഷ്ണക്കുറുപ്പാണ് ഇപ്പോൾ അഡ്വക്കറ്റ് ജനറൽ. അദ്ദേഹത്തിന്റെ നിലപാടും കേസിൽ നിർണായകമാണ്.

അപ്പീൽ കേസിന്റെ നടത്തിപ്പിൽ സർക്കാർ തന്ത്രപരമായ പിന്നോട്ടു പോക്കിന് ഒരുങ്ങിയേക്കുമെന്ന ആശങ്കയിലാണ് രമയും ആർഎംപി എന്ന പാർട്ടിയും. പെരിയ ഇരട്ടക്കൊല, ഷുഹൈബ് വധം തുടങ്ങി സർക്കാരിനു രാഷ്ട്രീയ താൽപര്യമുള്ള കേസുകൾ വാദിക്കാൻ കോടികൾ മുടക്കി ഡൽഹിയിൽ നിന്ന് അഭിഭാഷകരെ ഇറക്കുമതി ചെയ്ത സർക്കാർ ടിപി കേസിൽ രമയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ യുഡിഎഫിന്റെ വലിയ പ്രതിഷേധവും ഉയരാം.

അപ്പീലുകൾ 3 എണ്ണമാണ് ഹൈക്കോടതിക്ക് മുമ്പിൽ വരിക. ഇതിൽ ഒന്ന് രമയുടേതാണ്. വിചാരണക്കോടതി വെറുതെവിട്ട സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ അടക്കമുള്ളവരെ ശിക്ഷിക്കണം. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേർക്ക് വധശിക്ഷ നൽകണം എന്നതാണ് ആവശ്യം. നിരപരാധികളാണെന്ന് കാട്ടി പ്രതികളും അപ്പീൽ നൽകിയിട്ടുണ്ട്.

ടിപി കേസിൽ കെ.കെ.രാഗേഷ് അന്ന് പ്രധാന പ്രതികളെ ഒളിപ്പിക്കാൻ സഹായിച്ചെന്ന കുറ്റത്തിനു പ്രതിയായിരുന്നു. ഇടക്കാല വിധിയിലൂടെ വിചാരണക്കോടതി വെറുതെവിട്ടു. ഇന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. പി.മോഹനൻ ഗൂഢാലോചനക്കുറ്റത്തിന് പ്രതിയായിരുന്നു. കോടതി വെറുതെവിട്ടു. ഇപ്പോൾ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ് മോഹനൻ.

സിപിഎം വിട്ട് റവല്യൂഷനറി മാർക്‌സിസ്റ്റ് പാർട്ടി രൂപീകരിച്ച ടി.പി.ചന്ദ്രശേഖരനെ (52) 2012 മെയ്‌ 4ന് രാത്രി 10ന് ബൈക്കിൽ സഞ്ചരിക്കവെ വടകരയിലെ വള്ളിക്കാട്ട് വച്ച് കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം വെട്ടിക്കൊന്നു. യുഡിഎഫ് സർക്കാർ പ്രത്യേക സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചു. കോഴിക്കോട് അഡിഷനൽ സെഷൻസ് കോടതിയിലെ വിചാരണയ്ക്കു ശേഷം 2014 ജനുവരി 22ന് 11 പേരെ ജീവപര്യന്തം തടവിനും ഒരാളെ 3 വർഷം തടവിനും ശിക്ഷിച്ചു.

ഇതിൽ സിപിഎം മുൻ പാനൂർ ഏരിയ കമ്മിറ്റിയംഗം പി.കെ.കുഞ്ഞനന്ദൻ ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂൺ 11ന് മരിച്ചു. ഒരാൾ ശിക്ഷാ കാലാവധി കഴിഞ്ഞു ജയിൽ വിട്ടു. ബാക്കി 10 പേർ ശിക്ഷ അനുഭവിച്ചു വരികയാണെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്തുകൊടി സുനി ഒഴികെയുള്ളവർ 3 മാസത്തിലേറെയായി പരോളിലാണ്.