- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിൽ സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായി പ്രവർത്തിച്ചിരുന്ന ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ് തന്നെ കൊല്ലാൻ ശ്രമിച്ചു; ക്വട്ടേഷൻ കൊടുത്തതുകൊടുവള്ളി സംഘം; എല്ലാം അറിഞ്ഞത് ഫോൺ വഴി; കടുവായെ കിടുവാ പിടിച്ചതിന് സമാനമായ പരാതിയുമായി കൊടി സുനി; തില്ലങ്കേരിക്കും ആയങ്കിക്കും പിന്നാലെ കൊടി സുനിയും സിപിഎമ്മുമായി അകലുന്നു
തിരുവനന്തപുരം: ആകാശ് തില്ലങ്കേരിയേയും അർജുൻ ആയങ്കിയേയും കൈവിട്ട സിപിഎമ്മിനെ തള്ളിപ്പറയാൻ കൊടി സുനിയും. സിപിഎമ്മിലെ സമ്മേളനകാലത്താണ് കൊടി സുനി പാർട്ടിയുമായി അകൽച്ച വ്യക്തമാക്കുന്നത്. കടുവയെ പിടിച്ച കിടുവ എന്ന് പറയും പോലെയാണ് കാര്യങ്ങൾ. വിയ്യൂർ സെൻട്രൽ ജയിലിൽ തന്നെ കൊലപ്പെടുത്താൻ 2 സഹ തടവുകാർക്ക് 5 കോടി രൂപയുടെ ക്വട്ടേഷൻ കൊടുത്തെന്നു ടിപി കേസ് പ്രതി കൊടി സുനിയുടെ മൊഴി വാർത്ത പുറത്തു വിടുന്നത് മനോരമയാണ്.
ഈ മൊഴി അനുസരിച്ച് കരിപ്പൂരിലെ സ്വർണ്ണ കടത്ത് വലിയ പ്രത്യാഘാതങ്ങൾ കൊടി സുനിക്കും നൽകിയെന്നാണ് വിലയിരുത്തേണ്ടത്. ഉന്നത ജയിൽ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കൊടുവള്ളിയിലെ സ്വർണക്കടത്ത് സംഘമാണു ക്വട്ടേഷൻ ഏൽപിച്ചതെന്നും താൻ ഇത് അറിഞ്ഞതിനാൽ പ്ലാൻ നടപ്പായില്ലെന്നും വിയ്യൂർ ജയിലിലെ വിവാദ ഫോൺ വിളികളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഉത്തര മേഖലാ ജയിൽ ഡിഐജിക്കു കൊടി സുനി മൊഴി നൽകി. വിയ്യൂർ ജയിലിലെ കൊടി സുനിയുടെ ഫോൺ വിളിയിൽ സർക്കാർ അതിശക്തമായ നടപടികൾക്ക് ഒരുങ്ങുകയാണ്. കൊടുവള്ളി ടീമും കണ്ണൂർ സംഘവും തമ്മിലെ തർക്കാണ് കരിപ്പൂർ കടത്തിലെ യഥാർത്ഥ ചർച്ചാ വിഷയമായി മാറിയത്.
ഇത് ശരിവയ്ക്കും വിധമാണ് കൊടി സുനിയുടെ മൊഴി. തിരുവനന്തപുരം സെന്റ്ട്രൽ ജയിൽ ആയിരുന്ന കൊടി സുനി രണ്ടാം പിണറായി സർക്കാർ അധികാരം ഏറ്റതിന് പിന്നാലെയാണ് വിയ്യൂരിലേക്ക് എത്തിയത്. കൊടി സുനിയെ വിയ്യൂരിൽ മാറ്റുന്നതിനെതിരെ ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് മാറ്റിയത്. പിന്നീട് സിപിഎമ്മും കൊടി സുനിയും തെറ്റി. കൊടുവള്ളി കേസോടെയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ക്വട്ടേഷൻ ആരോപണം കൊടി സുനി ഉന്നയിക്കുന്നത്.
ജയിൽ സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായി പ്രവർത്തിച്ചിരുന്ന ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ്, മറ്റൊരു കൊലക്കേസ് പ്രതി അനൂപ് എന്നിവരെയാണു കൊടുവള്ളി സംഘം ക്വട്ടേഷൻ ഏൽപിച്ചതെന്നാണു സുനിയുടെ മൊഴി. തന്നെ വകവരുത്താനുള്ള നീക്കത്തെക്കുറിച്ചു സുനിക്കു വിവരം ലഭിച്ചതും ഫോൺ വഴിയാണ്. ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ സുനിയെ അതീവ സുരക്ഷാ ജയിലിലേക്കും റഷീദിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റിയിരിക്കുകയാണ്.
അനൂപ് ഏതാനും മാസമായി കണ്ണൂർ സെൻട്രൽ ജയിലിലാണ്. ഉത്തരമേഖലാ ജയിൽ ഡിഐജി എം.കെ.വിനോദ് കുമാർ നാളെ പൂജപ്പുരയിലെത്തി റഷീദിന്റെ മൊഴിയെടുക്കും. ഒരു മാസത്തിനിടെ 223 പേരുടെ ഫോണുകളിലേക്ക് 1346 തവണ റഷീദ് ഫോൺ ചെയ്‌തെന്ന സ്‌പെഷൽ ബ്രാഞ്ച് കണ്ടെത്തലിനെക്കുറിച്ചും വിവരം ശേഖരിക്കും. അതിനിടെ വിയ്യൂർ സെൻട്രൽ ജയിലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി ബന്ധപ്പെട്ടവരെ കടുത്ത അതൃപ്തി അറിയിച്ചു. ജയിൽ ഡിജിപി ഷേക് ദർവേഷ് സാഹേബിനോടു നേരിൽ കണ്ടു വിശദീകരണം നൽകാൻ ആവശ്യപ്പെട്ടതായാണു വിവരം.
ജയിലിൽ തടവുകാരുടെ ഫോൺ ഉപയോഗം ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്നു ജയിൽ ഡിജിപി ഷേക്ക് ദർവേഷ് സാഹിബ് പറഞ്ഞു. കൊടി സുനി, റഷീദ് എന്നിവരുടെ ഫോൺവിളികൾ വിവാദമായതിന്റെ പശ്ചാത്തലത്തിൽ വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിക്കുന്നതിനിടെ സൂപ്രണ്ടുമാരുടെ യോഗത്തിലാണു ഡിജിപിയുടെ വിമർശനം. ഈ ഫോൺ ഉപയോഗം പിടികൂടിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും. തടവുകാരുടെ സ്വാധീനം ഭയന്നു മൃദുസമീപനം സ്വീകരിക്കാൻ പാടില്ല ഡിജിപി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ