തിരുവനന്തപുരം: കൊടി സുനിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിയ്യൂർ സെൻട്രൽ ജയിലിലെ വിവാദ ഫോൺ വിളികളുടെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ജയിൽ വകുപ്പിന്റെ ശുപാർശയിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന് ആഭ്യന്തര സെക്രട്ടറിയാണു നിർദ്ദേശം നൽകിയത്. തൃശൂരിലെ ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ്, ടിപി കേസ് പ്രതി കൊടി സുനി തുടങ്ങിയവരുടെ ആയിരത്തിലധികം ഫോൺവിളികൾ സംബന്ധിച്ചാണ് അന്വേഷണം.

ഇതിനിടെ ഇതേ വിഷയത്തിൽ ഉത്തരമേഖലാ ജയിൽ ഡിഐജി എം.കെ.വിനോദ്കുമാർ നടത്തിവന്ന വകുപ്പുതല അന്വേഷണം പൂർത്തിയായി. വിയ്യൂർ ജയിലിലെ അച്ചടക്കം തകർന്നുവെന്നാണു കണ്ടെത്തൽ. തടവുകാരുടെ ബാഹ്യബന്ധം നിയന്ത്രിക്കാനാകുന്നില്ല. ഇത്രയധികം സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും തടവുകാർ തുടർച്ചയായി ഫോൺ ഉപയോഗിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്. തടവുകാർ സ്വാധീനമുപയോഗിച്ചു ഭീഷണിപ്പെടുത്തുന്നുവെന്നും, സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കു സൂപ്രണ്ടിന്റെ പിന്തുണ കിട്ടുന്നില്ലെന്നും ഉദ്യോഗസ്ഥർ നൽകിയ മൊഴി റിപ്പോർട്ടിലുണ്ട്.

കോൺഗ്രസ് ബന്ധമുള്ള ഉദ്യോഗസ്ഥനാണ് ഇപ്പോൾ വിയ്യൂർ ജയിലിലുള്ളത്. ഈ സാഹചര്യത്തിൽ ഈ റിപ്പോർട്ട് ഗൗരവത്തോടെ കാണാൻ ഖഴിയും. ചില ഉദ്യോഗസ്ഥരും തടവുകാരും സൂപ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ ശുദ്ധീകരണ പ്രക്രിയ നടത്തും. സംസ്ഥാനത്തെ ജയിലുകളിൽ നിന്ന് ഇരുനൂറിലധികം മൊബൈൽ ഫോണുകൾ പിടികൂടിയ കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം രണ്ടു വർഷമായിട്ടും എങ്ങുമെത്തിയിട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ ഈ അന്വേഷണത്തിന് എ്ന്തു സംഭവിക്കുമെന്നത് നിർണ്ണായകമാണ്.

വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺവിളി വിവാദത്തിന് പിന്നിൽ കൊടി സുനിയെ വധിക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലേക്ക് ജയിൽ വകുപ്പ് എത്തിയിട്ടുണ്ട്. കൊടി സുനിയും സഹതടവുകാരനും ജയിൽ സൂപ്രണ്ടിനും ഐ.ജിക്കും നൽകിയ പരാതി പൂഴ്‌ത്തിയെന്ന വിവരം പുറത്തുവന്നതോടെയാണ് ജയിൽ വകുപ്പ് അന്വേഷണം ആരംഭിച്ചത്. അയ്യന്തോൾ ഫ്ളാറ്റ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് റഷീദും തീവ്രവാദ കേസ് പ്രതി അനൂപുമാണ് കൊലപാതകത്തിന് ക്വട്ടേഷൻ എടുത്തത്. പുറത്ത് നിന്നുള്ള സ്വർണക്കടത്ത് സംഘമാണ് പിന്നിലെന്നാണ് സംശയം. ജയിലിലിരുന്ന് കൊടി സുനിയും റഷീദും പുറത്തെ നിരവധി ക്വട്ടേഷൻ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഇടപ്പെട്ടതിന്റെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു.

ഡിഐജി എം.കെ.വിനോദ്കുമാർ കൊലക്കേസ് പ്രതി റഷീദിന്റെയും വിയ്യൂരിൽ നിന്നു സ്ഥലം മാറി എത്തിയ 4 ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ, സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായ കൊലക്കേസ് പ്രതി റഷീദ് ഒരു മാസത്തിനിടെ ആയിരത്തിലധികം തവണ ഫോൺ വിളിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ പൂജപ്പുരയിലേക്കു മാറ്റിയത്. ടിപി കേസ് പ്രതി കൊടി സുനി, തന്നെ വകവരുത്താൻ റഷീദ് 5 കോടി രൂപയുടെ ക്വട്ടേഷൻ ഏറ്റെടുത്തതായി ഡിഐജിക്കു മൊഴി നൽകിയിരുന്നു. റഷീദ് ക്വട്ടേഷൻ ആരോപണം നിഷേധിച്ചെങ്കിലും ഇതിന്റെ തെളിവുകൾ ജയിൽ വകു്പ്പിനും കിട്ടിയിട്ടുണ്ട്.

സുനിയുടെ പരാതിയെത്തുടർന്നാണ് ജയിൽ സൂപ്രണ്ട് ബിൻഷാദിന്റെ മൊഴി രേഖപ്പെടുത്തിയത്. പക്ഷേ, ഇത് പൊലീസിന് കൈമാറുകയോ കേസെടുക്കുകയോ ചെയ്തില്ല. മറ്റൊരാളുടെ ഫോൺ വഴി വിവരം പുറത്തറിയിക്കാൻ ശ്രമിച്ചപ്പോഴാണ് മൊബൈൽ ഫോൺ പിടികൂടിയതെന്നും സുനി പറയുന്നു. തുടർന്നാണ് അതിസുരക്ഷാ ജയിലിലേക്ക് സുനിയെ മാറ്റിയത്. റഷീദ് ജയിലിൽ പൂർണസ്വാതന്ത്ര്യമാണ് അനുഭവിച്ചിരുന്നതെന്ന് മറ്റു തടവുകാർ പറയുന്നു. ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഇവിടെ അനധികൃത ഫോൺ ഉപയോഗിക്കുന്നത്.

കാസർഗോട് പുജ വിവാദത്തിൽ കുടുങ്ങിയ ഉദ്യോഗസ്ഥനാണ് വിയ്യൂർ ജയിലിലെ സൂപ്രണ്ട്. കുള്ളൻ പശുവിനെ കൊണ്ടു വന്ന സ്വാമിയെ കൊണ്ട് ജയിലിൽ പൂജ നടത്തിയത് ഏറെ ചർച്ചയായിരുന്നു. കാസർഗോട്ടെ ചീമേനി തുറന്ന ജയിലിൽ നടന്ന ഗോപൂജ നിയമലംഘനമാണെന്ന് അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പിന്നാലെ സസ്‌പെൻഷനും വന്നു. അതിന് ശേഷം ഹൈടെക് ജയിലിലെത്തി. അവിടെ നിന്നാണ് വിയ്യൂരിലേക്ക് മാറിയത്.

2017 നുവരി ഒന്നാം തീയതിയായിരുന്നു ചീമേനി ജയിലിൽ ഗോപൂജ നടന്നത്. കർണാകയിലെ ഹൊസനഗര മഠം അധികൃതർ ജയിലിലേക്ക് പശുക്കളെ കൈമാറുന്ന ചടങ്ങിനിടെയായിരുന്നു ഗോപൂജ. ഹൊസനഗര രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതി സ്വാമിയുടെ നേതൃത്വത്തിലായിരുന്നു വിളക്കു കത്തിച്ച് പൂജ നടത്തിയത്. അവരുടെ തന്നിഷ്ട പ്രകാരമാണ് പൂജ നടന്നതെന്നായിരുന്നു ജയിൽ സൂപ്രണ്ട് പ്രതികരിച്ചിരുന്നത്. വിവാദത്തിൽ മുഖ്യമന്ത്രി ഇതാദ്യമായാണ് പ്രതികരിക്കുന്നത്. ജയിലിലെ കൃഷിത്തോട്ടത്തിനായി രണ്ട് ലക്ഷം രൂപ വിലവരുന്ന 20 കുള്ളൻ പശുക്കളെയാണ് മഠം സംഭാവന ചെയ്തത്.