- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈസൻസില്ലാതെ തോക്ക് കൈവശം വച്ചതിനു ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാനേതാവ് 5 മാസത്തിനിടെ വിളിച്ചത് 2000ലേറെ കോളുകൾ; പണം ആവശ്യപ്പെട്ട് ചിലരെ ജയിലിലും വിളിച്ചു വരുത്തി; വിയ്യൂരിൽ തടവ് പുള്ളികൾക്ക് ക്വട്ടേഷൻ സുഖവാസം; കൊടി സുനിയെ കൊല്ലാനുള്ള ക്വട്ടേഷന് പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വസ്തുതകൾ
തൃശൂർ: ജയിലിൽ ഫോൺ വിളിയേ ഇല്ലെന്ന് പറഞ്ഞാണ് സിങ്കം എന്ന് വിളിപ്പേരുള്ള ഋഷിരാജ് സിങ് വിരമിച്ചത്. എന്നാൽ സിങ്കം പറഞ്ഞതായിരുന്നില്ല യഥാർത്ഥ വസ്തുത. കരിപ്പൂർ സ്വർണ്ണ കടത്തിൽ തെളിഞ്ഞതെല്ലാം വസ്തുത മാത്രമായിരുന്നു. ടിപി കേസുകളിലെ പ്രതികൾ നിയന്ത്രിക്കുന്ന ജയിലുകളിൽ ആർക്കും എന്തുമാകാം. ക്വട്ടേഷൻ പോലും ജയിലിൽ കിടന്ന് പ്രതികൾക്ക് ഏറ്റെടുക്കും. കുത്തഴിഞ്ഞ അവസ്ഥയിലാണ് ജയിലുകൾ എന്ന വിവരമാണഅ വ്യക്തമാകുന്നത്.
വിയ്യൂർ അടക്കം വിവിധ ജയിലുകൾ കേന്ദ്രീകരിച്ചു തടവുപുള്ളികളുടെ സംഘങ്ങൾ 'ബ്ലാക്‌മെയിൽ' ക്വട്ടേഷനുകൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതായി വിവരം. ലൈസൻസില്ലാതെ തോക്ക് കൈവശം വച്ചതിനു വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാനേതാവ് 5 മാസത്തിനിടെ 2000ലേറെ ഫോൺവിളികൾ നടത്തിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെയാണ് ഇക്കാര്യം വ്യക്തമായത്.
പണം ആവശ്യപ്പെട്ടു ചിലരെ ജയിലിലേക്കു വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തിയ സംഭവങ്ങൾ പോലുമുണ്ടെന്നും വ്യക്തമായി. വ്യാപാരികളും വ്യവസായികളുമൊക്കെയാണ് ഇവരുടെ ലക്ഷ്യം. ജയിലിൽ നിന്നാണു വിളിക്കുന്നതെന്നു വ്യക്തമായി പരിചയപ്പെടുത്തുന്നതോടെ മിക്കവരും ഭയന്നു പണം നൽകാൻ തയാറാകും. അല്ലാത്തവരെ വിരട്ടാൻ ഗുണ്ടാസംഘങ്ങളെ അയയ്ക്കും. ഭീഷണി വളരുമ്പോൾ പണം നൽകാൻ ഇവർ തയാറാകുമെന്നാണ് റിപ്പോർട്ട്.
കരിപ്പൂർ കടത്തിൽ വിയ്യൂരിലുള്ള കൊടി സുനിയുടെ ഇടപെടലുകൾ വ്യക്തമായിരുന്നു. ഇതിനിടെയാണ് കൊടി സുനിയെ കൊല്ലാൻ കൊടുവള്ളിയിലെ ഗ്യാങ് ജയിലിലെ തടവു പുള്ളിക്ക് ക്വട്ടേഷൻ നൽകിയത്. കോൺഗ്രസുകാരനായ ഇയാളുടെ കൈയിലായിരുന്നു വിയ്യൂർ ജയിൽ. ടിപി കേസിലെ മറ്റ് പ്രതികൾ പരോളിൽ പോയി. ഇതോടെ കൊടി സുനി മാത്രമായി. ഈ സാഹചര്യം മുതലെടുത്തായിരുന്നു കോൺഗ്രസുകാരനായ റഷീദ് വിയ്യൂർ പിടിച്ചെടുത്തത്.
കൊടി സുനിയ്‌ക്കെതിരെയുള്ള ക്വട്ടേഷൻ പരാതിയായി ഇതോടെയാണ് അന്വേഷണം തുടങ്ങുന്നതും ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തുന്നതും. ജയിൽ എന്തുമാകാമെന്ന അവസ്ഥ ഇതോടെ ഇപ്പോഴത്തെ ജയിൽ മേധാവ് ദർബേഷ് സാഹിബ് കണ്ടെത്തി. സിപിഎം കൊടി സുനിയെ കൈവിട്ടിട്ടുണ്ട്. കരിപ്പൂർ കടത്തിൽ അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഉൾപ്പെട്ടതോടെയാണ് ഇത്. ഈ സാഹചര്യത്തിലാണ് ജയിലുകളിൽ റെയ്ഡ് നടക്കുന്നതും.
കണ്ണൂരിലും റെയ്ഡിൽ പലതും കണ്ടെടുത്തു. സെൻട്രൽ ജയിലിലേക്കു പുറത്തു നിന്ന് എറിഞ്ഞു കൊടുത്ത 2 എണ്ണം അടക്കം 3 മൊബൈൽ ഫോണുകളും ബ്ലൂടൂത്ത് ഹെഡ്‌സെറ്റും പവർബാങ്കും ബീഡിയും കഞ്ചാവിനോടു സാമ്യമുള്ള ഇലകളും ഇന്നലെ പുലർച്ചെ 2 മണിക്കു നടത്തിയ പരിശോധനയിൽ അധികൃതർ പിടിച്ചെടുത്തു. തടവുകാർക്കുള്ള ഭക്ഷണം ഉണ്ടാക്കാനായി 5 തടവുകാരെ സെല്ലിൽ നിന്നു പുറത്തിറക്കിയപ്പോഴായിരുന്നു സംഭവം.
അടുക്കളയിൽ ഇവരിലൊരാളെ കാണാതിരുന്നതിനെത്തുടർന്നു മറ്റു തടവുകാരോടു ജയിൽ അധികൃതർ തിരക്കിയപ്പോൾ, ശുചിമുറിയിൽ പോയെന്നായിരുന്നു മറുപടി. കുറച്ചു നേരം കഴിഞ്ഞിട്ടും ഇയാളെ കാണാതായപ്പോൾ അധികൃതർ സിസിടിവി പരിശോധിച്ചു. അടുക്കളയുടെ മതിൽ ചാടി ഇയാൾ കിഴക്കു ഭാഗത്ത് ജയിലിന്റെ ഏറ്റവും പുറകു വശത്തെ പുറം മതിലിനു സമീപത്തെത്തിയതായി വ്യക്തമായി.
ഇവിടെ വച്ച് ഇയാൾ ഫോൺ ചെയ്യുന്നതായും കണ്ടെത്തി. ഇയാളുടെ സെല്ലിൽ നിന്നാണു 2 മൊബൈൽ ഫോണുകൾ കണ്ടെത്തിയത്. രണ്ടും സിം ഉള്ള ഫോണുകളാണ് ഇവ. ഇതിലൊന്നു സ്മാർട് ഫോൺ ആണ്. ഇയാൾ ഉപയോഗിച്ച ഫോണും ഉണക്കമീനും പിടിച്ചെടുത്തു. 4 പേരാണു ഫോണും മറ്റു സാധനങ്ങളും എറിഞ്ഞു കൊടുത്തതെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിട്ടുണ്ട്. ഇവർ ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
സെൻട്രൽ ജയിൽ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. പിടിയിലായ തടവുകാരനെ ചോദ്യം െചയ്തപ്പോൾ മറ്റൊരു തടവുകാരൻ പറഞ്ഞിട്ടു ചെയ്തതാണെന്നായിരുന്നു മറുപടി. തുടർന്ന് 2 പേരെയും പത്താം ബ്ലോക്കിലേക്കു മാറ്റി.
മറുനാടന് മലയാളി ബ്യൂറോ