തൃശൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവനുഭവിക്കുന്ന കൊടി സുനി ജയിലിൽ അടിപളി ജീവതമാണ് നയിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിരുന്ന് കവർച്ച പോലും ആസൂത്രണംചെയ്ത് നടപ്പാക്കുന്നു. ഫോൺ വിളിയും ഫെയ്‌സ് ബുക്ക് ഉപയോഗത്തിനും ഒപ്പമാണ് മോഷണവും ജയിലിൽ ഇരുന്ന് സുനി നടത്തിയെന്ന് വ്യക്തമാകുന്നത്. ജയിലിൽ സർവ്വതന്ത്ര സ്വതന്ത്രനാണ് സുനിയെന്നതാണ് ഉയരുന്ന വാദം. അങ്ങനെ ജയിലിനുള്ളിൽ ഇരുന്ന മോഷണം നടത്തിച്ചെന്ന അപൂർവ്വ കേസും കൊടി സുനിക്കെതിരെ വരികയാണ്. ജയിലിലെ പരിതാപകരമായ അവസ്ഥയാണ് ഇത് വക്തമാക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും കോഴിക്കോട്ടെ പൊലീസും സമാന്തരമായി അന്വേഷണം നടത്തുന്ന കേസാണ് ഇത്. അതുകൊണ്ട് തന്നെ പൊലീസ് ഒത്തുകളിക്ക് നിന്നിട്ടും കാര്യമില്ല. കേന്ദ്ര ഏജൻസിയുടെ ഇടപെടൽ ഉണ്ടാകും.

ടി.പി. വധക്കേസിലെ കൊലയാളിസംഘാംഗവും മൂന്നാം പ്രതിയുമാണ് കണ്ണൂർ നിടുമ്പ്രം ചൊക്ലി മീത്തലെചാലിൽ വീട്ടിൽ എൻ.കെ. സുനിൽകുമാർ എന്ന കൊടി സുനി (31). രാപകൽ വ്യത്യാസമില്ലാതെ ജയിലിനുള്ളിൽ മൊബൈൽ ഉപയോഗിക്കുന്നതിനു പുറമേ പല കുപ്രസിദ്ധ ക്രിമിനലുകളുമായും ഉയർന്ന രാഷ്ട്രീയനേതാക്കളുമായും ഇയാൾ ഇടതടവില്ലാതെ സംസാരിക്കുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊടി സുനിയുടെ നാട്ടുകാരനായ ഒരാളുടെ പേരിലെടുത്ത മൊബൈൽ കണക്ഷൻ ഉപയോഗിച്ചാണ് ഈ ഫോൺവിളികളെല്ലാമെന്നാണ് സൂചന. എന്നാൽ ഉന്നത രാഷ്ട്രീയ നബന്ധങ്ങൾ കാരണം കൊടി സുനിക്കെതിരെ ചെറുവിൽ അനക്കാൻ പോലും പൊലീസിന് കഴിയുന്നില്ല. സംസ്ഥാനത്തെ എല്ലാ പ്രധാന സെൻട്രൽ ജയിലുകളിലും ടിപി കേസിലെ ഒരു പ്രതിയെങ്കിലുമുണ്ട്. അവർ തന്നെയാണ് ജയിലുകളിൽ കാര്യങ്ങൾ നിശ്ചയിക്കുന്നതെന്ന വാദം ശക്തമാണ്. ഇതിനിടെയാണ് സുനിയുടെ കവർച്ചാ കേസും എത്തുന്നത്.

കോഴിക്കോട്ട് കാർ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വർണം കവർന്നതാണ് കേസ്. അതിനിടെ കേസിൽ ഇയാളെ സെൻട്രൽ ജയിലിലെത്തി ചോദ്യം ചെയ്യാൻ കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (5) കോടതി പൊലീസിന് അനുമതി നൽകി. 2016 ജൂലായ് 16-ന് രാവിലെ ആറോടെ ദേശീയപാതയിൽ നല്ലളം മോഡേൺ സ്റ്റോപ്പിനുസമീപം കാർ യാത്രക്കാരനെ ആക്രമിച്ചാണ് സ്വർണം കവർന്നത്. കവർച്ചചെയ്യാനും സ്വർണം മറിച്ചുവിൽക്കാനും സുനി ജയിലിൽനിന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച് ആസൂത്രണം നടത്തിയെന്നാണ് നല്ലളം പൊലീസ് കണ്ടെത്തിയത്. കേസിൽ പിടിയിലായ പ്രതിയും കൊടി സുനിയുടെ ഇടപെടലിനെ കുറിച്ച് സൂചന നൽകിയിട്ടുണ്ട്. ഇക്കാര്യം പൊലീസ് പ്രാഥമികാന്വേഷണത്തിൽ സ്ഥിരീകരിച്ചു. അപ്പോഴും സുനിക്കായി ഉന്നതതല ഇടപെടൽ നടക്കുന്നതാണ് സൂചന.

ഒട്ടേറെ പിടിച്ചുപറിക്കേസുകളിൽ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത് (34), കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേർന്നാണ് സുനി പദ്ധതി നടപ്പാക്കിയത്. ഈ കേസിൽ കാക്ക രഞ്ജിത്തിന്റെ കുറ്റസമ്മത മൊഴിയിലും കൊടി സുനിയുടെ ബന്ധം വെളിപ്പെടുത്തുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ പൊലീസ് വിയ്യൂർ ജയിലിലെത്തി സുനിയെ ചോദ്യംചെയ്യും. രാജേഷ് ഖന്നയെ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചിരുന്നു. കവർച്ചക്കേസ് അന്വേഷിച്ച സംഘം 2016 ഓഗസ്റ്റ് 29-ന് കാക്ക രഞ്ജിത്തിനെ അറസ്റ്റുചെയ്തിരുന്നു. പിറ്റേന്ന് രാജേഷ് ഖന്ന വിയ്യൂർ സെൻട്രൽ ജയിലിലെത്തി കൊടി സുനിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചു. ഇതാണ് കേസിൽ അതിനിർണ്ണായക തെളിവാകുന്നത്.

കാക്ക രഞ്ജിത്ത് ഉൾപ്പെടെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. നാലുപേർ പിടിച്ചുപറി നടത്തിയ സംഘത്തിൽപ്പെട്ടവരാണ്. അവർ കവർന്ന സ്വർണം ഗുരുവായൂരിലെത്തി കാക്ക രഞ്ജിത്തിന് കൈമാറി. കാക്ക രഞ്ജിത്ത് അതുകൊല്ലത്തെത്തി രാജേഷ് ഖന്നയ്ക്ക് നൽകി. ടി.പി.കേസിൽ പ്രതികൾക്കുവേണ്ടി ഹാജരായ ഒരു അഭിഭാഷകൻ ഈ കേസിലെ ഒരു പ്രതിക്കുവേണ്ടിയും ഹാജരായി്. ഈ അഭിഭാഷകനെ ഏർപ്പെടുത്തിയതും സുനിയാണെന്ന് പൊലീസ് കരുതുന്നു. നേരത്തെ വിയ്യൂരിൽ തടവുശിക്ഷ അനുഭവിക്കുന്ന കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരിൽനിന്നു മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു. ഇന്റർനെറ്റ് സൗകര്യമുള്ള രണ്ടു വിലയേറിയ സ്മാർട് ഫോണുകൾ, ഇവ ചാർജ് ചെയ്യാനുള്ള രണ്ടു പവർ ബാങ്കുകൾ, ഡേറ്റ കേബിളുകൾ, മൂന്നു സിം കാർഡുകൾ എന്നിവയാണു ജയിലറുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിൽ പിടിച്ചത്.

ഫോൺ ഒളിപ്പിച്ചു വയ്ക്കുന്നതിനു പകരം പവർ ബാങ്കുമായി ബന്ധിപ്പിച്ചു പരസ്യമായി ചാർജ് ചെയ്യാനിട്ട നിലയിലായിരുന്നു സുനിയുടെ ഫോൺ. മുഹമ്മദ് ഷാഫിയുടെ ഫോൺ സെല്ലിനുള്ളിൽ അലസമായി കിടക്കുന്ന അവസ്ഥയിലും. വിശദമായ തിരച്ചിലിൽ രണ്ടു പവർ ബാങ്കുകളും രണ്ടു ഡേറ്റ കേബിളുകളും മൂന്നു സിം കാർഡുകളും പിടിച്ചെടുത്തിരുന്നു. രണ്ടു വർഷം മുൻപു കോഴിക്കോട് ജില്ലാ ജയിലിൽ ഷാഫി സ്മാർട് ഫോൺ ഉപയോഗിച്ചതു കയ്യോടെ പിടിക്കപ്പെട്ടിരുന്നു. ടിപി കേസ് പ്രതികൾ ഒന്നിച്ചെടുത്ത സെൽഫി ജയിലിനുള്ളിൽനിന്നുതന്നെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതാണു വിവാദത്തിനിടയാക്കിയത്. ജയിലിനുള്ളിൽനിന്നു ഫോൺ പിടികൂടിയ സംഭവം ആദ്യത്തേതല്ലെങ്കിലും ഡേറ്റ കേബിൾ പിടിക്കപ്പെട്ടത് അത്യപൂർവമായിരുന്നു.

ഈ കേസുകളിലൊന്നും കൂടുതൽ അന്വേഷണത്തിന് അധികൃതർ തയ്യാറായിട്ടില്ല. ഇത്തരം അത്യാധുനിക സംവിധാനങ്ങളുടെ കരുത്തിലാണ് സുനി കവർച്ചയും ആസൂത്രണം ചെയ്‌തെന്നാണ് വിലയിരുത്തൽ.