- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടി സുനി പരോൾ കഴിഞ്ഞ് ജയിലിലേക്ക് മടങ്ങിയത് ഷുഹൈബ് കൊല്ലപ്പെട്ട ദിവസം വൈകിട്ട്; കിർമാണി മനോജ് ആ ദിവസം പുറത്ത് തന്നെ വിലസി; ഒന്നാം പ്രതി അനൂപ് പിറ്റേന്ന് തന്നെ പരോളിൽ ഇറങ്ങി; ടിപിയെ കൊന്ന കേസിൽ തടവ് അനുഭവിക്കുന്ന മൂന്ന് കൊടും കുറ്റവാളികളും യൂത്ത് കോൺഗ്രസ് നേതാവിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ? സംശയിക്കാൻ പോലും അനുവദിക്കാതെ പൊലീസ്
കണ്ണൂർ: ടിപി ചന്ദ്രശേഖരനെ കൊന്നത് 51 വെട്ട് വെട്ടിയാണ്. വേണമെങ്കിൽ ഒരു കൊലപാതകം ഒറ്റ വെട്ടിലും ചെയ്യാം. പക്ഷേ ചില കുറ്റവാളികളുടെ മാനസിക വൈകൃതമാണ് 51 വെട്ടിൽ നിറഞ്ഞത്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന് കിട്ടിയത് 37 വെട്ട്. അതുകൊണ്ട് തന്നെ ടിപിയെ കൊന്നതിന് സമാനമായ കൊലയാണ് ഇതെന്നും വ്യക്തം. ഈ 37 വെട്ടുകളാണ് ഇപ്പോൾ ചർച്ച. ഒപ്പം ചിലരുടെ പരോളും. ഷുഹൈബ് കൊല്ലപ്പെട്ട ദിവസത്തിനു തലേന്നും പിറ്റേന്നുമായി പരോളിൽ ജയിലിനു പുറത്തുണ്ടായിരുന്നതു ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മൂന്നു കുറ്റവാളികൾ. കൊലപാതകം നടന്ന 12നു ടിപി കേസിലെ രണ്ടാംപ്രതി കിർമാണി മനോജ് പരോളിലായിരുന്നു. മൂന്നാംപ്രതി കൊടി സുനി പരോൾ വാസത്തിനു ശേഷം ജയിലിൽ തിരിച്ചെത്തുന്നതു 12നു വൈകിട്ട്. ഒന്നാംപ്രതി എം.സി.അനൂപ് പിറ്റേന്നു രാവിലെ പരോളിൽ പുറത്തിറങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജയിലിനുള്ളിലാണ് ഷുഹൈബ് കൊലക്കേസ് ഗൂഢാലോചന നടന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്നത്. ആക്രമണത്തിന് ശേഷം പ്രതികൾ കാറിൽ മട്ടന്നൂർ ഭാഗത്തേക്ക് രക്ഷപ്പ
കണ്ണൂർ: ടിപി ചന്ദ്രശേഖരനെ കൊന്നത് 51 വെട്ട് വെട്ടിയാണ്. വേണമെങ്കിൽ ഒരു കൊലപാതകം ഒറ്റ വെട്ടിലും ചെയ്യാം. പക്ഷേ ചില കുറ്റവാളികളുടെ മാനസിക വൈകൃതമാണ് 51 വെട്ടിൽ നിറഞ്ഞത്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന് കിട്ടിയത് 37 വെട്ട്. അതുകൊണ്ട് തന്നെ ടിപിയെ കൊന്നതിന് സമാനമായ കൊലയാണ് ഇതെന്നും വ്യക്തം. ഈ 37 വെട്ടുകളാണ് ഇപ്പോൾ ചർച്ച. ഒപ്പം ചിലരുടെ പരോളും.
ഷുഹൈബ് കൊല്ലപ്പെട്ട ദിവസത്തിനു തലേന്നും പിറ്റേന്നുമായി പരോളിൽ ജയിലിനു പുറത്തുണ്ടായിരുന്നതു ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മൂന്നു കുറ്റവാളികൾ. കൊലപാതകം നടന്ന 12നു ടിപി കേസിലെ രണ്ടാംപ്രതി കിർമാണി മനോജ് പരോളിലായിരുന്നു. മൂന്നാംപ്രതി കൊടി സുനി പരോൾ വാസത്തിനു ശേഷം ജയിലിൽ തിരിച്ചെത്തുന്നതു 12നു വൈകിട്ട്. ഒന്നാംപ്രതി എം.സി.അനൂപ് പിറ്റേന്നു രാവിലെ പരോളിൽ പുറത്തിറങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജയിലിനുള്ളിലാണ് ഷുഹൈബ് കൊലക്കേസ് ഗൂഢാലോചന നടന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്നത്.
ആക്രമണത്തിന് ശേഷം പ്രതികൾ കാറിൽ മട്ടന്നൂർ ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് ഷുഹൈബിന്റെ കൂടെയുണ്ടായിരുന്ന പരിക്കേറ്റവർ മൊഴിനൽകിയത്. അക്രമികളെത്തിയ വാഹനം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസിൽ ഇതുവരെയായി 50-ലധികംപേരെ ചോദ്യംചെയ്തു. ജയിലിൽ സിപിഎം. പ്രവർത്തകർ ഷുഹൈബിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന് സഹതടവുകാരനായിരുന്ന കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് വെളിപ്പെടുത്തിയിരുന്നു. മൂന്നംഗങ്ങളെക്കൂടി ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെയും ഇരിട്ടി ഡിവൈ.എസ്‌പി.യുടെയും മേൽനോട്ടത്തിൽ മട്ടന്നൂർ സിഐ എ.വി.ജോണിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊടി സുനിക്കും സംഘത്തിനും പൊലീസ് കാവലില്ലാതെ സ്വാഭാവിക പരോൾ ലഭിക്കുന്നതും ഇതാദ്യമാണ്. മുൻപു കൊടി സുനിയും കിർമാണിയും രജീഷുമൊക്കെ പുറത്തിറങ്ങിയത് എസ്‌കോർട്ട് പരോളിലാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ കുറ്റവാളികളെ പൊലീസ് കാവലിൽ പുറത്തയയ്ക്കാനുള്ള സംവിധാനമാണിത്. മുഴുവൻസമയവും പൊലീസ് ഒപ്പമുണ്ടാവുകയും വൈകിട്ടു ജയിലിൽ അന്തിയുറങ്ങേണ്ടി വരികയും ചെയ്യുമെന്നതാണു നിബന്ധന.
നേരത്തെ സബ് ജയിലിനുള്ളിൽ ഷുഹൈബിനെ കൊല്ലാനും ശ്രമം നടന്നിരുന്നു. എന്നാൽ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ ഇടപെടൽ കാരണം ഒന്നും നടന്നില്ല. ജയിലിനുള്ളിൽ ഷുഹൈബിനെതിരെ അക്രമ ആസൂത്രണങ്ങൾ നടന്നുവെന്ന സംശയവും ഈ ആക്രമം നൽകുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് പരോളും കൊലയും ഒരു പോലെ ചർച്ചയാകുന്നത്. ടിപി കേസിലെ കുറ്റവാളികൾക്ക് ഒരേസമയം പരോൾ അനുവദിക്കുന്നതിനു നിയന്ത്രണമുണ്ടെങ്കിലും സുനിക്കും കിർമാണിക്കും പരോൾ ലഭിച്ചത് ഒരേസമയമായിരുന്നു.
12നു രാത്രി 11.30ന് ആണു ഷുഹൈബ് കണ്ണൂരിൽ ആക്രമിക്കപ്പെടുന്നത്. ഇതേദിവസം വൈകിട്ടു നാലുമണി വരെ കൊടി സുനി പരോളിലായിരുന്നു. ജനുവരി 24നു പരോളിലിറങ്ങിയ കിർമാണി മനോജും ഈ മാസം 13നു രാവിലെ പരോളിലിറങ്ങിയ അനൂപും ഇപ്പോഴും പുറത്തു തന്നെ. കടുത്ത ഉപാധികൾക്കു വിധേയമായാണു കൊടി സുനിക്കു പരോൾ അനുവദിച്ചത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനുള്ള നിയന്ത്രണമായിരുന്നു ഇതിൽ പ്രധാനം. എന്നാൽ, പരോൾകാലത്തു സുനി കണ്ണൂർ ജില്ലയിൽ എത്തിയിരുന്നതായി വിവരമുണ്ട്. ഇതെല്ലാം സംശയത്തിന് ഇട നൽകുന്നു. എന്നാൽ പൊലീസിന് ഈ പ്രതികളിലേക്ക് അന്വേഷണം നടത്താനാകുന്നുമില്ല. ഉന്നത സമ്മർദ്ദം പൊലീസിന് മേലുണ്ടെന്നാണ് സൂചന.
സുനിക്കു 15 ദിവസവും കിർമാണിക്കു 30 ദിവസവുമാണ് ഇപ്പോൾ പരോൾ ലഭിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിലെ ബി ബ്ലോക്കിൽ ഏറക്കുറെ അടുത്തടുത്ത സെല്ലുകളിലാണു സുനി, അനൂപ്, കിർമാണി മനോജ് എന്നിവരുടെ താമസം. അതുകൊണ്ട് തന്നെ ചർച്ചകൾക്കും പ്ലാനിങ് തയ്യാറാക്കലുകൾക്കും ഏറെ സാധ്യത മൂവർക്കും ജയിലിനുള്ളിൽ ഉണ്ട്. ഇതും ഷുഹൈബ് കൊലയുമായി ചർച്ചയാക്കുകയാണ് കോൺഗ്രസ്. ഷുഹൈബ് കൊലയിൽ പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ല. ഇതിന് കാരണം സിപിഎം പ്രതിപട്ടികയ്ക്കായി കാത്തിരിക്കുന്നതുകൊണ്ടാണെന്നാണ് ആരോപണം. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയതിനു പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നു കോൺഗ്രസ് ആരോപിക്കുന്നു. കൊല നടന്ന ഉടൻ അക്രമികൾക്കു രക്ഷപ്പെടാനും തെളിവു നശിപ്പിക്കാനും പൊലീസ് സൗകര്യമൊരുക്കിയതായും കോൺഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണ് അന്വേഷണം നിയന്ത്രിക്കുന്നതെന്ന ആരോപണവും കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്.
ഷുഹൈബിനെ എടയന്നൂരിൽ കൊലപ്പെടുത്തിയ നാലംഗ സംഘത്തിലെ ഒരാളെപ്പോലും ഇനിയും തിരിച്ചറിഞ്ഞില്ല. അക്രമികൾ സഞ്ചരിച്ച വാഹനം തിരിച്ചറിയാൻ പ്രദേശത്തെ റോഡുകൾക്കു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. അതിനിടെ ഷുഹൈബിന്റെ കൊലപാതകത്തിനു മുൻപായി എടയന്നൂരിൽ പ്രാദേശിക സിപിഎം നേതാക്കൾ രണ്ടുതവണ രഹസ്യയോഗം ചേർന്നുവെന്നും പുറത്തുനിന്നു കൊണ്ടുവന്ന കൊലപാതകികൾക്കു വഴി കാണിക്കാനും സംരക്ഷണം നൽകാനുമായി പ്രാദേശിക സിപിഎം നേതാക്കൾ അഞ്ചു വാഹനങ്ങളിലായി സംഭവദിവസം സമീപത്തു റോന്തു ചുറ്റിയിരുന്നതായും കോൺഗ്രസ് നേതാവ് കെ.സുധാകരൻ ആരോപിച്ചു.
സിപിഎമ്മുകാരായ ചില തടവുകാർ പരോൾ പോലുമില്ലാതെ രാത്രി ജയിലിനു പുറത്തിറങ്ങി പുലർച്ചെ തിരിച്ചെത്താറുണ്ട് എന്നു ചില ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായും സുധാകരൻ പറഞ്ഞു. പ്രതികളെ പിടിക്കാത്തതിൽ പ്രതിഷേധിച്ചു കെ.സുധാകരൻ 19നു രാവിലെ കലക്ടറേറ്റ് പടിക്കൽ 48മണിക്കൂർ നിരാഹാരം തുടങ്ങും. 48 മണിക്കൂറിനകവും നടപടി ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും കെ.സുധാകരൻ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവർ പറഞ്ഞു. ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാൻ 22, 23 തീയതികളിൽ ഫണ്ട് ശേഖരണം നടത്തും. 22നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിൽ 110 കേന്ദ്രങ്ങളിൽ പിരിവെടുക്കും.
ഫെബ്രുവരി 12നു രാത്രിയാണ് എടയന്നൂർ തെരൂരിൽ കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. അന്വേഷണം ശരിയായ ദിശയിലാണെന്നും മറ്റു സമ്മർദങ്ങളൊന്നുമില്ലെന്നും ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം പറഞ്ഞു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്നു ഷുഹൈബ്.