- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശശി തരൂർ രാഷ്ട്രീയക്കാരനല്ല, ഗസ്റ്റ് ആർട്ടിസ്റ്റ്; അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള പാർട്ടി പ്രവർത്തനമോ പാർലമെന്ററി പ്രവർത്തനമോ അദ്ദേഹത്തിനു മനസിലാക്കാൻ കഴിഞ്ഞിട്ടില്ല; അതുകൊണ്ടാണ് എടുത്തു ചാട്ടം കാണിക്കുന്നത്; കോൺഗ്രസിൽ വന്ന് പാർലമെന്റ് അംഗം എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ പാർട്ടിക്ക് വിധേയനാകണം; മുല്ലപ്പള്ളിക്കും കെ മുരളീധരനും പിന്നാലെ ശശി തരൂരിനെ കടന്നാക്രമിച്ചു കൊടിക്കുന്നിൽ സുരേഷ് എംപിയും; അനിഷ്ടക്കാരുടെ എണ്ണം കൂടൂമ്പോഴും നിലപാട് മാറ്റാതെ തരൂർ
തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തു നൽകിയതിന്റെ പേരിൽ വിവാദത്തിലായ നേതാക്കളെ തരം താഴ്ത്തിക്കൊണ്ടുള്ള നടപടികളിലേക്കാണ് പാർട്ടി പോകുന്നത്. ഗുലാം നബി ആസാദിനെയും ആനന്ദ ശർമ്മയെയും കോൺഗ്രസ് തഴയുന്ന ലക്ഷണം കാണിച്ചു തുടങ്ങി ഇതിനിടെയാണ് കത്തിൽ ഒപ്പിട്ട തരൂരിനെതിരെയും കേരളത്തിൽ നീക്കങ്ങൾ നടക്കുന്നത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മുൻ അധ്യക്ഷൻ കെ മുരളീധരനും തരൂരിനെ വിമർശിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ തരൂരിനെതിരെ കെപിസിസി വർക്കിങ് പ്രസിഡന്റും എംപിയുമായി കൊടിക്കുന്നിൽ സുരേഷ് രംഗത്തെത്തിയിരിക്കുന്നു.
ശശി തരൂർ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും രാഷ്ട്രീയക്കാരനല്ലെന്നും കെപിസിസി വർക്കിങ് പ്രസിഡന്റും എംപിയുമായ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ''ശശി തരൂർ രാഷ്ട്രീയക്കാരനല്ല. പാർട്ടിയുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള പാർട്ടി പ്രവർത്തനമോ പാർലമെന്ററി പ്രവർത്തനമോ അദ്ദേഹത്തിന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നതുകൊണ്ടാണ് പല കാര്യങ്ങളിലും എടുത്തുചാട്ടം കാണിക്കുന്നത്. കോൺഗ്രസിൽ വന്ന് പാർലമെന്റ് അംഗം എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ പാർട്ടിക്ക് വിധേയനാകണം. ശശി തരൂർ ഗസ്റ്റ് ആർട്ടിസ്റ്റായാണ് കോൺഗ്രസിലേക്ക് വന്നത്. അദ്ദേഹം ഇപ്പോഴും ഗസ്റ്റ് ആർട്ടിസ്റ്റിനെപ്പോലെയാണ് നിൽക്കുന്നത്,'' കൊടിക്കുന്നിൽ പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കൊടിക്കുന്നിൽ സുരേഷ് ശശി തരൂരിനെ കടന്നാക്രമിച്ചത്.
ശശി തരൂരിനെതിരെ ഉൾപ്പാർട്ടി പോര് ശക്തമാകുകയാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തരൂരിനെതിരെ എതിർപ്പ് പരസ്യമാക്കിയതിനു പിന്നാലെ കൂടുതൽ നേതാക്കൾ സമാന നിലപാടുമായി രംഗത്തെത്തുകയായിരുന്നു. തങ്ങളാരും ശശി തരൂരിനെപ്പോലെ വിശ്വപൗരന്മാരല്ലെന്ന് കെ.മുരളീധരൻ എംപി ഇന്നലെ വാർത്താസമ്മേളനത്തിൽ പരിഹസിച്ചിരുന്നു. സോണിയ ഗാന്ധിക്കെതിരെ കത്തയച്ച ശശി തരൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് മുരളീധരൻ രംഗത്തെത്തിയത്. പാർട്ടി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച കോൺഗ്രസ് നേതാക്കൾ എതിരാളികൾക്ക് വടി കൊടുക്കുന്നത് പോലെയായെന്ന് മുരളീധരൻ വിമർശിച്ചു.
വിശ്വപൗരനായ തരൂരിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. തിരുവനന്തപുരം വിമാനത്താവള വിഷയം അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിക്കണം. തങ്ങൾ സാധാരണ പൗരന്മാരാണെന്നും കെ.മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിലപാടിനോട് യോജിക്കുകയായിരുന്നു ശശി തരൂർ. എന്നാൽ, സംസ്ഥാന കോൺഗ്രസിൽ സ്വകാര്യവൽക്കരണത്തെ എതിർക്കുന്ന നിലപാടാണ്. സ്വകാര്യവൽക്കരണത്തെ പിന്തുണച്ച ശശി തരൂരിന്റെ നിലപാടിനെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ നേതാക്കൾ തരൂരിനെതിരെ രംഗത്തെത്തിയത്. പാർട്ടി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ശശി തരൂരിന്റെ നിലപാടിനെയും മുല്ലപ്പള്ളി ചോദ്യം ചെയ്തിരുന്നു.
തരൂർ പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണമെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പ് നൽകി. കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല. തരൂർ പലപ്പോഴും ഡൽഹിയിലാണ്. ഉൾപാർട്ടി ജനാധിപത്യം അനുവദിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. എപ്പോൾ കാണണമെന്ന് പറഞ്ഞാലും ശശി തരൂരിന് അവസരം നൽകുന്ന നിലപാടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സ്വീകരിക്കാറുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. തരൂരിനെ പോലെ ഇന്നലെ പെയ്ത മഴയിൽ പൊട്ടിമുളച്ച തകരയല്ല താനെന്ന് കോൺഗ്രസ് നേതാവ് അജയ് തറയിൽ ഒരു ചാനൽ ചർച്ചയിൽ പരസ്യമായി ആക്ഷേപിച്ചതും വലിയ വാർത്തയായിരുന്നു.
അതേസമയം ശശി തരൂരിനെ പിന്തുണച്ചു കൊണ്ടാണ് കെ എസ് ശബരിനാഥ് എംഎൽഎയും പി ടി തോമസ് എംഎൽഎയും തരൂരിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തി. തന്റെ നിലപാട് മാറ്റില്ലെന്ന നിലപാടിലാണ് തരൂരും. തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ അടക്കം തരൂർ സ്വീകരിക്കുന്ന നിലപാട് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് വിരുദ്ധമായാണ്.
നേരത്തെ ദേശീയ നേതൃത്വത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ടാണ് ശശി തരൂർ അടക്കം 23 നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തയച്ചത്. ഇതേ ചൊല്ലി ഈ നേതാക്കൾക്കെതിരെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ, നടപടികൾ ഒന്നുമുണ്ടായില്ല. പൂർണസമയ നേതൃത്വം വേണമെന്നാണ് കത്തിലൂടെ നേതാക്കൾ ആവശ്യപ്പെട്ടത്.അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എംപിമാർ, മുൻ കേന്ദ്രമന്ത്രിമാർ തുടങ്ങി 23 കോൺഗ്രസ് നേതാക്കളാണ് കത്തയച്ചത്. രണ്ടാഴ്ച മുമ്പാണ് നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്ത് അയച്ചത്.
സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ രൂക്ഷമാകുന്നു,സുരക്ഷിതത്വമില്ലായ്മ, ബിജെപിയുടെയും സംഘപരിവാറിന്റെയും വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന അജണ്ട, കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ, അതിർത്തികളിലെ പ്രശ്നങ്ങൾ, വിദേശ നയം തുടങ്ങിയ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസ് പ്രതികരണം നിരാശാജനകമാണെന്ന് കത്തിൽ പറയുന്നു. പാർട്ടിയിലെ അധികാരം കേന്ദ്രീകരിക്കപ്പെടാതെ അധികാര വികേന്ദ്രീകരണം കൊണ്ടുവരണമെന്നും, സംസ്ഥാന ഘടകങ്ങൾ ശക്തിപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ബ്ലോക്ക് തലം മുതൽ വർക്കിങ് കമ്മിറ്റിവരെയുള്ള എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തണമെന്നും കേന്ദ്ര പാർലമെന്ററി ബോർഡ് ഉടൻ സംഘടിപ്പിക്കണമെന്നും നേതാക്കൾ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ