കൊല്ലം: തനിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വെളിപ്പെടുത്തിയതോടെ തിരിച്ചടി നൽകാൻ പെന്തകോസ്തു സഭയും സജീവമാകുന്നു. കൊടിക്കുന്നിൽ ഏത് തെരഞ്ഞെടുപ്പിൽ മത്സരിച്ചാലും തോൽപ്പിക്കാനാണ് പെന്തകോസ്തുകാരുടെ തീരുമാനം. അതിനിടെ കൊടിക്കുന്നിലിനെതിരായ പ്രതിഷേധം കോൺഗ്രസുകാർക്ക് മൊത്തമായി മാറരുതെന്ന ആവശ്യവും പെന്തകോസ്ത് സഭയിൽ ഉയരുന്നുണ്ട്. എന്നാൽ പാസ്റ്റർ അശോകനെ മർദ്ദിച്ചവരെ തള്ളിപ്പറയാത്തവരുമായി സഹകരണമില്ലെന്നാണ് സഭയുടെ പൊതു വികാരം. അതിനിടെ തിരുവനന്തപുരം എംപി ശശി തരൂർ, അശോകനെ സന്ദർശിച്ച് കാര്യങ്ങൾ തിരിക്കി. വേണ്ട സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

അതിനിടെ കൊടിക്കുന്നിലിനെ കൊണ്ട് പാസ്റ്റർ അശോകനെതിരായ കേസ് പിൻവലിക്കാൻ ചിലർ ശ്രമിച്ചിരുന്നു. കോൺഗ്രസിലെ ചില ഉന്നതർ നടത്തിയ നീക്കം അവസാന നിമിഷം പൊളിഞ്ഞു. ഇതോടെ കൊടിക്കുന്നൻ ചതിച്ചു. പാസ്റ്റർക്കെതിരായ കള്ളേക്കസ് പിൻ വലിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് തന്നെ ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടു. തീക്കൊള്ളി കോണ്ട് തല ചൊറിഞ്ഞു കഴിഞ്ഞു. അനന്തര നടപടികൾ ആ ലോചിക്കാൻ ആക്ഷൻകൗൺസിൽ യോഗം ചേരുമെന്നും പറയുന്നു. തിങ്കളാഴ്ച ചേരുമെന്നാണ് അറിയിപ്പ്. കോൺഗ്രസ് നേതൃത്വത്തിനെതിരെ കർശനമായ നിലപാടുകൾ ഈ യോഗം എടുക്കും. ശശി തരൂരിനെ പോലുള്ള ഐക്യദാർഡ്യവുമായെത്തിയതിനേയും പെന്തകോസ്തുകാർക്കിടയിൽ ഉയർത്തിക്കാട്ടും. സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കാനാകും തീരുമാനം. എന്നാൽ കൊടിക്കുന്നിലിന്റെ പ്രവർത്തിയെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തള്ളിപ്പറയാത്തതും ഇവരെ അലോസരപ്പെടുത്തുന്നുണ്ട്.

ഈ വിവാദം പുകയുന്നതിനിടെയാണ് കൊടിക്കുന്നിൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി നിയമസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട് എത്തിയത്. ഇതുകൊടിക്കുന്നിലും സ്ഥിരീകരിച്ചതോടെ പെന്തകോസ്ത് സഭയുടെ എതിർ്പ്പും ശക്തമായി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാൻ തനിക്ക മേൽ സമ്മർദ്ദമുമുണ്ടെന്നും വിവിധ ദളിത് സംഘടനകൾ തന്നോട് കേരളത്തിലേക്ക് വരാൻ ആവശ്യപ്പെടുന്നുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞിരുന്നു. ലോക്‌സഭയിൽ 45 പേരിൽ ഒരാൾ കുറഞ്ഞതുകൊണ്ടോ കൂടിയതുകൊണ്ടോ ഒന്നും സംഭവിക്കാനില്ല.എന്നാൽ കേരളത്തിലെ തുടർഭരണം പ്രധാനമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ തയ്യാറാണെന്നും കൊടിക്കുന്നിൽ വ്യക്തമാക്കിയിരുന്നു.

സംവരണ സീറ്റിൽ മാത്രമല്ല ജനറൽ സീറ്റിൽ മത്സരിക്കാനും താൻ തയ്യാറാണ്. കൊട്ടാരക്കരയിലും പത്തനാപുരത്തും അടൂരിലുമെല്ലാം മത്സരിക്കണമെന്ന് ആളുകൾ പറയുന്നുണ്ട്. കൊട്ടാരക്കരയിൽ മത്സരിക്കാൻ തനിക്ക് ഭയമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. 1977 ന് ശേഷം കൊട്ടാരക്കരയിൽ കൈപ്പത്തി ചിഹ്നത്തിൽ ആരും മത്സരിച്ചിച്ചില്ല. കൊട്ടാരക്കരയിൽ പാർട്ടിക്ക് അടിത്തറ ഉണ്ടാക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കോൺഗ്രസിന് ദളിത് നേതാക്കൾ കുറവുള്ള സംസ്ഥാനാണ് കേരളമെന്നും കൊടുക്കുന്നിൽ പറഞ്ഞു. ഇതിൽ കൊടിക്കുന്നിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്ന കൊട്ടാരക്കരയും അടൂരുമെല്ലാം പെന്തകോസ്ത് വിഭാഗങ്ങൾക്ക് നല്ല ശക്തിയുണ്ട്. അതുകൊണ്ട് തന്നെ കൊടിക്കുന്നിൽ ജയിച്ചു കയറിയാൽ സഭയ്ക്ക് പേരുദോഷമാകും. ഇത് ഒഴിവാക്കാനുള്ള മുൻകരുതൽ സഭയിൽ ശക്തമാകുന്നതായി സൂചനയുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ പെന്തകോസ്ത് ഗ്രൂപ്പുകൾ കൊടിക്കുന്നിലിനെതിരായ വികാരം ശക്തമായി നിലനിർത്തുന്നുണ്ട്. ധൈര്യമുണ്ടെങ്കിൽ എംപി സ്ഥാനം രാജിവച്ച് കൊടിക്കുന്നിലിനോട് മത്സരിക്കാനാണ് ഈ വിഭാഗങ്ങളുടെ വെല്ലുവിളി. അല്ലാതെ എംപി സ്ഥാനം നിലനിർത്തി നിയമസഭാ പോരാട്ടത്തിന് ഇറങ്ങുകയല്ല വേണ്ടത്. എംപി സ്ഥാനം രാജിവച്ചാൽ കൊടിക്കുന്നിൽ ഒന്നുമില്ലാതെ ആറു മാസത്തിനകം തേരാപാര നടക്കുന്നത് കാണാമെന്നാണ് പെന്തകോസ്ത് സഭയിലെ മുതിർന്ന അംഗം മറുനാടനോട് പങ്കുവച്ചത്. ജയിലിലൽ സുവിശേഷകനായി പ്രവർത്തിക്കുന്ന അശോകനെ ക്രിമിനലായി ചിത്രീകരിച്ച കൊടിക്കുന്നിലിനോട് പെന്തകോസ്ത് സമൂഹം ഒരു കാരണവശാലും പൊറുക്കില്ലെന്നും അദ്ദേഹം പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ വിഭാഗത്തിനും വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യില്ല. എന്നാൽ കൊടിക്കുന്നിലിനേയും അദ്ദേഹത്തെ തള്ളിപ്പറയാത്ത കോൺഗ്രസിനേയും ഒറ്റപ്പെടുത്താൻ ആവശ്യപ്പെടും. പാസ്റ്റർ അശോകന്റെ പരാതിയിൽ നീതി ലഭിച്ചിട്ടില്ല. ഭരണകൂട ഇടപെടലാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ കോൺഗ്രസിന് വോട്ട് ചെയ്യരുതെന്നാകും അഭ്യർത്ഥന. ഇതിനർത്ഥം സിപിഎമ്മിന് വോട്ട് ചെയ്യുകയല്ല. ആംആദ്മി പാർട്ടിയുൾപ്പെടെയുള്ളവർക്ക് വോട്ട് ചെയ്യാം. ഇക്കാര്യത്തിൽ നിർബന്ധമൊന്നുമില്ല. കൊടിക്കുന്നിലിനെ സംരക്ഷിക്കുന്ന കോൺഗ്രസിന്റെ പതനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. പെന്തകോസ്തുകാരുടെ ഒത്തു ചേരലിലെല്ലാം ഇത്തരം ആഹ്വാനങ്ങൾ മുന്നോട്ട വയ്ക്കും. ഇത് ഫലത്തിൽ സിപിഎമ്മിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് അകമഴിഞ്ഞ് പിന്തുണ നൽകിയവരായിരുന്നു പെന്തകോസ്ത്തുകാർ. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് പാസ്റ്റർക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയെന്ന ആരോപിക്കുന്ന ആക്രമണം കോൺഗ്രസിന് തീരാ തലവേദനയാകും. പാസ്റ്ററെ ആക്രമിച്ച കൊടിക്കുന്നിലിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്യമായി കോൺഗ്രസിന് എതിരെ പ്രവർത്തിക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിക്കുകയാണ് പെന്തകോസ്ത് സമൂഹം. എല്ലാ തർക്കങ്ങളും മാറ്റി വച്ച് പാസ്റ്റർക്ക് നീതിയൊരുക്കാൻ പെന്തകോസ്ത് സമൂഹം ഒന്നിക്കുകയാണ്. എന്ത് വിലകൊടുത്തും കോൺഗ്രസിന് തിരിച്ചടി നൽകും. പെന്തകോസ്ത് സഭയുടെ പരിപാടികളിലൊന്നും കോൺഗ്രസുകാരെ പങ്കെടുപ്പിക്കില്ല. അങ്ങനെ ഏതെങ്കിലും പരിപാടിയിൽ കോൺഗ്രസുകാരെത്തിയാൽ പ്രതിഷേധിക്കാനാണ് തീരുമാനം. കോൺഗ്രസിന് അനുകൂലമായി അനുനയ ശ്രമമായി ചിലർ രംഗത്ത് വന്നെങ്കിലും എല്ലാ ഗ്രൂപ്പുകളും ഒരുമിച്ചതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലാണ്.

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ഒരു സംഘം ആൾക്കാർ തലസ്ഥാനത്ത് വീട്ടിൽ അതിക്രമിച്ചുകയറി മർദിച്ച പാസ്റ്ററുടെ മകൻ ആത്മഹത്യക്കു ശ്രമിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയാണ്. മ്യൂസിയം കനകനഗർ സ്വദേശി അശോകന്റെ മകൻ നിഖിൽ ദേവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊടിക്കുന്നിലിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. കോൺഗ്രസിന് എന്തെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ കോൺഗ്രസിൽ നിന്ന് കൊടിക്കുന്നിലിനെ പുറത്താക്കണം. എംപി സ്ഥാനം രാജിവയ്‌പ്പിക്കുകയും വേണം. ഇതൊക്കെയാണ് പെന്തകോസ്ത് സഭയുടെ ഒത്തുതീർപ്പ് ആവശ്യങ്ങൾ. ഇതൊന്നും അംഗീകരിക്കാൻ കോൺഗ്രസിന് കഴിയില്ല. ഇതുകൊണ്ട് തന്നെ കോൺഗ്രസുമായി ഒത്തുപോകാൻ പെന്തകോസ്ത് സഭയിലെ ഒരു ഗ്രൂപ്പും തയ്യാറല്ല. സോഷ്യൽ മീഡിയയിൽ സജീവമായ സത്യാന്വേഷി, മലയാളി പെന്തകോസ്ത് ഫ്രീ തിങ്കേഴ്‌സ് തുടങ്ങിയ ഗ്രൂപ്പുകൾ ഹാഷ് ഗാഡ് പ്രചരണവുമായി കൊടിക്കുന്നിലിനെതിരെ പ്രതിഷേധം ശക്തമാക്കുന്നുമുണ്ട്. ഇതിന് പുറമേ ജസ്റ്റീസ് ഫോർ പാസ്റ്റർ അശോകൻ എന്ന പുതിയ ഗ്രൂപ്പും വന്നു.

ഇതിനിടെ പെന്തകോസ്ത് സഭക്കാർ ഇടതു പക്ഷവുമായി അടുക്കുന്നുവെന്ന സൂചനയുമുണ്ട്. പാസ്റ്റർ അശോകൻ വിഷയത്തിൽ ആദ്യമായി പ്രതികരണവുമായെത്തിയത് സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനാണ്. എംപിക്ക് നേരെയുള്ള ആക്രമണമായി വിഷയം മാറ്റാനുള്ള നീക്കം പൊളിഞ്ഞത് അങ്ങനെയാണ്. പെന്തകോസ്തുകാരുടെ സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധത്തിലേക്ക് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് എത്തിയതും ഇതിന്റെ തെളിവാണ്. കേരളത്തിലെ എല്ലാ സ്ഥലത്തും പെന്തകോസ്ത് സഭയ്ക്ക് വിശ്വാസികളുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും വോട്ട് ബാങ്ക് എന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. സഭയുടെ നിർദ്ദേശം എല്ലാവരും അംഗീകരിക്കും. ഇതിന്റെ ഗുണം കോൺഗ്രസാണ് ഇപ്പോഴും ഉണ്ടാക്കുക.

നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ട ചൂട് കടുത്തതാണ്. അതുകൊണ്ട് തന്നെ പെന്തകോസ്തിനെ പോലൊരു സമൂഹം കോൺഗ്രസിന് എതിരായ നിലപാട് എടുക്കുന്നത് യുഡിഎഫിന്റെ സാധ്യതകളെ സ്വാധീനിക്കും.