തിരുവനന്തപുരം: സ്വർണ്ണ കടത്ത് അന്വേഷണവുമായി സിപിഎം തൽകാലം സഹകരിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിയും വരെ സിപിഎമ്മുമായി ബന്ധപ്പെട്ട ആരും ചോദ്യം ചെയ്യലിനും ഹാജരാകില്ല. വോട്ടെടുപ്പു വരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളോടു നിസ്സഹകരിക്കാനാണ് സർക്കാർ തീരുമാനം.

ഡോളർ കടത്തു കേസിൽപെട്ട ഐ ഫോണുമായി ബന്ധപ്പെട്ടു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാക്കാത്തതും അതുകൊണ്ടാണ്. വിനോദിനിയെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയെങ്കിലും ഹാജരാകാത്തതിനെ തുടർന്നു രണ്ടാമതും കസ്റ്റംസ് നോട്ടിസ് നൽകി. ഇതിലും ഹാജരായില്ലെങ്കിൽ കസ്റ്റംസ് നിയമപ്രകാരം മൂന്നാമത്തെ നോട്ടിസ് രണ്ടോ മൂന്നോ ദിവസത്തിനകം നൽകും. അതും വിനോദിനി ഗൗരവത്തിൽ എടുക്കില്ല.

ഈ സാഹചര്യത്തിൽ 3 നോട്ടിസിന്റെയും തെളിവുകളുമായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ കസ്റ്റംസ് ഹർജി നൽകും. സന്തോഷ് ഈപ്പൻ യുഎഇ കോൺസൽ ജനറലിനു നൽകിയ ഐ ഫോൺ വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചിരുന്നത് എന്നതിന്റെ ഡിജിറ്റൽ തെളിവുകളും ഹാജരാക്കും. ഈ ഫോൺ എങ്ങനെ ലഭിച്ചുവെന്നറിയാൻ മാത്രമാണ് ചോദ്യം ചെയ്യലിനു വിളിച്ചതെന്നും ഹാജരാകാത്തതിൽ ദുരൂഹതയുണ്ടെന്നും കോടതിയെ ധരിപ്പിക്കും.

ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ സമയം നീട്ടി ആവശ്യപ്പെട്ടു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കസ്റ്റംസിനു കത്തു നൽകിയിരുന്നു. ഇതിൽ തുടർനടപടി എന്തു വേണമെന്നതിലും കസ്റ്റംസ് നിയമോപദേശം തേടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളാണ് സ്പീക്കർ കാരണമായി പറയുന്നത്. അതുകൊണ്ട് തന്നെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കും. ഏപ്രിൽ ആറിനാണ് വോട്ടെടുപ്പ്. അതുകഴിയും വരെ കസ്റ്റംസ് കാത്തിരിക്കാനും സാധ്യതയുണ്ട്.

യുഎഇ കോൺസുലേറ്റിന്റെ പേരിൽ 2017 ൽ നയതന്ത്ര ചാനൽ വഴി കൊണ്ടുവന്ന 17,000 കിലോഗ്രാം ഈന്തപ്പഴത്തിന്റെ കേസിൽ കൂടുതൽ നടപടിക്കു കസ്റ്റംസ് ബോർഡ് അന്വേഷണ സംഘത്തിനു നിർദ്ദേശം നൽകി. ഈന്തപ്പഴത്തിന്റെ മൂല്യം പരിശോധിക്കുമ്പോൾ കസ്റ്റംസ് തീരുവയിൽ ഗുരുതര വെട്ടിപ്പു നടന്നതായാണു വിലയിരുത്തുന്നത്. പ്രതികൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെ നടപടിക്കു നിയമപിന്തുണ നൽകുന്ന തരത്തിൽ ഉയർന്ന മൂല്യമാണു കണ്ടെത്തിയിട്ടുള്ളത്.

അതിനിടെ കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജൻസികൾക്കെതിരേ െേകസടുക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന നീക്കം ബൂമറാങ്ങാകാൻ സാധ്യതയെന്നു വിലയിരുത്തലും സജീവമാണ്. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ ഇ.ഡി. ഉദ്യോഗസ്ഥർ പ്രതി സ്വപ്ന സുരേഷിനെ നിർബന്ധിക്കുന്നതു കെണ്ടന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ കേസെടുക്കാനൊരുങ്ങുന്നത്. സ്വപ്നയുടേതെന്ന രീതിയിൽ പുറത്തുവന്ന ശബ്ദരേഖയും സർക്കാർ തെളിവായി ചൂണ്ടിക്കാട്ടുന്നു.

എന്നാൽ മുഖ്യമന്ത്രിയുടെ പേര് വ്യക്തമാക്കിക്കൊണ്ട് സ്വപ്ന 164-ാം ചട്ടമനുസരിച്ചു മജിസ്ട്രേറ്റിനാണു മൊഴി നൽകിയത്. മറ്റൊരു പ്രതിയായ സരിത്തും അങ്ങനെ മൊഴി നൽകിയ സാഹചര്യത്തിൽ സ്വപ്നയെക്കൊണ്ടു നിർബന്ധിച്ച് പറയിച്ചതാണെന്നുള്ള വാദത്തിന് പ്രസക്തി ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. നവംബർ പത്തിനാണു സ്വപ്നയുടെ മൊഴി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. സ്വപ്ന സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞപ്പോഴാണ് ഇ.ഡി. ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയതെന്നാണു സ്വപ്നയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥ പറയുന്നത്. എന്നാൽ ഇ.ഡി. അധികൃതർ ഒരിക്കൽപ്പോലും റിമാൻഡിലായിരിക്കെ സ്വപ്നയുടെ മൊഴിയെടുത്തിട്ടില്ല. കസ്റ്റഡിയിൽ വാങ്ങിയാണു മൊഴിയെടുത്തിട്ടുള്ളത്.

റിമാൻഡിൽ കഴിയുന്ന പ്രതിക്ക് പ്രത്യേക സുരക്ഷയ്ക്ക് ആരെയും നിയമിക്കാറില്ലെന്ന വാദവും കേന്ദ്ര ഏജൻസികൾക്ക് തുണയാകും. കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം കേന്ദ്ര ഏജൻസികൾ അനുവദിക്കാറുമില്ല.