- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിസന്ധികൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കുന്ന മാനേജ്മെന്റ് വൈദഗ്ദ്ധ്യം; പോരാത്തിന് സംഘടനാമികവും; മാനദണ്ഡം അനുസരിച്ച് ഒരു തവണ കൂടി സെക്രട്ടറിയാകാം; എറണാകുളത്ത് പ്രതീക്ഷിക്കുന്നത് മൂന്നാമൂഴം; ദേശീയ ജനറൽ സെക്രട്ടറിയാകാനും സാധ്യത; സിപിഎമ്മിൽ കോടിയേരി മടങ്ങിയെത്തുമ്പോൾ
തലശേരി: ദീഘകാലം പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നിന്ന കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവിന് സി.പി. എമ്മിൽ കളമൊരുങ്ങുന്നു. എറണാകുളത്ത് ഫെബ്രുവരിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുൻപായി കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പൂർവാധികം ശക്തിയോടെ വരണമെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായമുയർന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ അനുകൂലിക്കുന്നുണ്ടെന്നാണ് തീരുമാനം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻവിജയത്തിനു ശേഷം കോടിയേരിയോട് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വരാൻ മുഖ്യമന്ത്രിയും മറ്റു പാർട്ടി നേതാക്കളും ആവശ്യപ്പെട്ടിരുന്നുവെങ്കിലും അഗ്രഹാര ജയിലിൽ കഴിയുന്ന മകന്റെ ജുഡീഷ്യൽ കസ്റ്റഡിയിൽ തീരുമാനമായിട്ടു മതിയെന്നു അദ്ദേഹം അറിയിക്കുകയായിരുന്നു. എന്നാൽ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് തിരിച്ചുവന്നില്ലെങ്കിലും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ എൽ.ഡി. എഫ് തന്ത്രങ്ങൾ മെനഞ്ഞതും കുറ്റമറ്റരീതിയിൽ സി.പി. എം സ്ഥാനാർത്ഥി നിർണയം നടത്തിയതും കോടിയേരിയായിരുന്നു.
സീറ്റുവിഭജനത്തിനെ ചൊല്ലിയുള്ള തർക്കങ്ങളും ഘടകകക്ഷികൾ തമ്മിലുള്ള തർക്കവും ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കാനും അദ്ദേഹത്തിന്റെ മാനേജ്മെന്റ് വൈദഗ്ദ്ധ്യത്തിനും സംഘടനാമികവിനും കഴിഞ്ഞു. ഇതോടെ രണ്ടാം പിണറായി സർക്കാരിന്റെ അവിസ്മരണീയമായ തിരിച്ചുവരവ് കോടിയേരിയുടെ ഗ്രാഫ് പാർട്ടിക്കുള്ളിൽ കുത്തനെ ഉയർന്നു. ഈ പശ്ചാത്തലത്തിൽ നിലവിലെ ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ ചുമതല ഒഴിയാൻ സന്നദ്ധനായിരുന്നുവെങ്കിലും രണ്ടാമത്തെ മകൻ ബിനീഷ് കള്ളപ്പണക്കേസിൽ ബംഗളൂരു ജയിലിൽ എൻഫോഴ്സുമെന്റ് അറസ്റ്റു ചെയ്തതിനെ തുടർന്ന് റിമാൻഡിൽ കഴിയുന്നത് കീറാമുട്ടിയായി തന്നെ നിലനിന്നു.
എന്നാൽ അറസ്റ്റിലായിട്ട് ഒരുവർഷം തികയുമ്പോൾ ബിനീഷിന് ജാമ്യം ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ കോടിയേരിക്കു മുൻപിൽ വീണ്ടും പാർട്ടി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ഇപ്പോൾ തടസങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ എർണാകുളത്തു ഫെബ്രുവരിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ കോടിയേരി വീണ്ടും പാർട്ടി സെക്രട്ടറിയാകുമെന്നാണ് സി.പി. എം കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. ബിനീഷ് കോടിയേരി അറസ്റ്റിലായതിനു പിന്നാലേ കഴിഞ്ഞ നവംബർ 13നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. തുടർ ചികിത്സ ആവശ്യമായതിനാൽ അവധി അനുവദിക്കുന്നു എന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റിന്റെ വിശദീകരണം.
തദ്ദേശ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്കു മുൻപായിരുന്നു മുന്നണിയിലെ പ്രധാന കക്ഷിയുടെ നായകന്റെ മാറ്റം. മകനെതിരേ ഉയരുന്ന ആരോപണങ്ങൾ പാർട്ടിയേയും മുന്നണിയേയും ബാധിക്കാതിരാക്കാനുള്ള കരുതലായിരുന്നു അവധിയടുക്കാനുള്ള കോടിയേരിയുടെ തീരുമാനം.
ആലപ്പുഴ സമ്മേളനത്തിൽ പിണറായിയുടെ പകരക്കാരനായി സിപിഎം സെക്രട്ടറിയായ കോടിയേരിക്ക് തൃശൂരിലേത് രണ്ടാം ഊഴമായിരുന്നു. സിപിഎം മാനദണ്ഡം അനുസരിച്ച് ഒരു തവണ കൂടി കോടിയേരിക്ക് സെക്രട്ടറിയാകാം. എറണാകുളത്ത് കോടിയേരിയുടെ മൂന്നാമൂഴമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അർബുദരോഗബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്ന കോടിയേരി ഇപ്പോൾ പൂർണമായി ആരോഗ്യ നില വീണ്ടെടുത്തിട്ടുണ്ട്. മൂന്നാമൂഴത്തിലും അദ്ദേഹം പാർട്ടിയെ നയിക്കാനെത്തുമ്പോൾ വീണ്ടും കണ്ണൂരിന്റെ സാന്നിധ്യം പാർട്ടിക്കുള്ളിൽ ഉറപ്പിക്കപ്പെടും. എന്നാൽ പാർട്ടി നേതൃത്വത്തിൽ സമഗ്രമായ അഴിച്ചു പണിഈ വരുന്ന സംസ്ഥാന സമ്മേളനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സീനിയർ നേതാക്കളായ പലരും ഇക്കുറി ഒഴിവാക്കപ്പെടും. യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ അവസരം നൽകുകയെന്ന കേന്ദ്രകമ്മിറ്റി തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയിൽ മാറ്റങ്ങളുണ്ടായാൽ അതു കോടിയേരിയുടെ മടങ്ങിവരവിനെയും പ്രതികൂലമായി ബാധിക്കും.
മാത്രമല്ല പി.ബിയിൽ എസ്. രാമചന്ദ്രൻ പിള്ള കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ഒഴിവാകുന്ന സാഹചര്യത്തിൽ കോടിയേരിയുടെ സേവനം ദേശീയതലത്തിൽ വേണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള പി.ബി അംഗങ്ങളിൽ സീനിയർ നേതാക്കളിലൊരാളാണ് കോടിയേരി. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ സി.പി. എമ്മിന്റെ ദേശീയമുഖമായി അദ്ദേഹം മാറുമെന്ന അഭ്യൂഹവും പാർട്ടിക്കുള്ളിൽ പ്രചരിക്കുന്നുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്