- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി പ്രവർത്തകർ സ്വയം അധികാര കേന്ദ്രങ്ങളായി മാറരുത്; സ്ഥാനമേറ്റെടുക്കും മുന്നെ പാർട്ടി പ്രവർത്തകർക്ക് അച്ചടക്ക നിർദ്ദേശവുമായി കോടിയേരി; സാധാരണക്കാർക്ക് നീതി ലഭ്യമാക്കണമെന്നും നിർദ്ദേശം
തിരുവനന്തപുരം: പാർട്ടി പ്രവർത്തകർ സ്വയം അധികാര കേന്ദ്രങ്ങളായി മാറരുതെന്നും പാർട്ടി ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസുകളിലും വരുന്നവർക്ക് നീതി നൽകണമെന്നും സിപിഐ.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ.പാർട്ടിയിലെ ജില്ലാ-സംസ്ഥാന-കേന്ദ്ര കമ്മിറ്റികളിലെ ഉയർന്ന പ്രായ പരിധി 75 വയസ്സായിരിക്കുമെന്നും, ഒഴിവാക്കുന്നവരെ പാർട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ബിനിഷിന് ജാമ്യം ലഭിച്ചതിന് പിന്നാലെ കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരുമെന്ന സൂചനകളുണ്ട്. ഇത് ശരിവെക്കും വിധമാണ് ഇപ്പോൾ പാർട്ടി പ്രവർത്തകർക്കുള്ള അച്ചടക്ക നിർദ്ദേശവുമായി കോടിയേരി രംഗത്തെത്തിയത്. സിപിഐ.എം വഞ്ചിയൂർ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം.
പാർട്ടി ലെവി വർഷത്തിൽ നൽകുന്ന രീതി അവസാനിപ്പിക്കണമെന്നും മാസത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വരുമാനത്തിനനുസരിച്ച് ലെവി നൽകണമെന്നും കോടിയേരി പറഞ്ഞു.അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ട് കാര്യമില്ല, ഗുണമേന്മയുള്ള പാർട്ടി അംഗങ്ങൾ വേണമെന്നും, എല്ലാ ജില്ലാ സെക്രട്ടറിയേറ്റിലും ഒരു വനിതാ സഖാവിനേയും, എല്ലാ ഏരിയാ കമ്മറ്റികളിലും 40 വയസ്സിൽ താഴെയുള്ള 2 സഖാക്കളെയും നിർബന്ധമായും ഉൾപ്പെടുത്തുമെന്നും അദ്ദേഹം സുചിപ്പിച്ചു.
എൽ.ഡി.എഫിന് എതിരായി വോട്ടു ചെയ്തവർക്കു കൂടി സേവനം ചെയ്യാനാണ് ഭരണമെന്ന് ഓർക്കണമെന്നും സ്ത്രീകൾ, പട്ടികജാതി, പിന്നാക്ക, ന്യൂനപക്ഷ, സാമ്പത്തിക പിന്നാക്ക അവസ്ഥയിലുള്ളവർക്ക് സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.ദരിദ്രർ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റും. അതിദരിദ്രരെ കണ്ടെത്തും. വർഗീയ, ജാതി സംഘടനകൾ വലതുപക്ഷ ആശയം പ്രചരിപ്പിക്കുന്നു. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റി ഇതിനെ ചെറുക്കണം. സാക്ഷരതാ പ്രസ്ഥാനം പോലുള്ള ഉത്തരവാദിത്തമായി ഇതിനെ കാണണമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ