തിരുവനന്തപുരം: കെ റെയിൽ പ്രതിഷേധ സമരങ്ങൾക്ക് പിന്തുണയുമായി പ്രതിപക്ഷം സജീവമാകുമ്പോൾ സമരത്തിനെതിരെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.സ്ഥലം നഷ്ടപ്പെടുന്നവരുടെ സമരമല്ല നടക്കുന്നത്. ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ സമരമാണ് നടക്കുന്നതെന്ന് കോടിയേരി പറഞ്ഞു.ചങ്ങനാശേരി സമരകേന്ദ്രമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം മതമേലധ്യക്ഷനും സമുദായ നേതാവും ഇതിൽ പങ്കെടുത്തു. ഇത് 1957-59 കാലമല്ലെന്ന് ഓർക്കുന്നതു നല്ലതാണെന്ന് കോടിയേരി പറഞ്ഞു.കോൺഗ്രസ് രാഷ്ട്രീയ സമരമാണ് നടത്തുന്നത്. സ്ത്രീകളെയും കുട്ടികളെയും സമരത്തിന് എത്തിച്ച് മണ്ണെണ്ണയൊഴിക്കുകയാണ്. ഇത് അപഹാസ്യമാണ്. സ്ത്രീകളെ സമരമുഖത്തുനിന്നു മാറ്റണം. സ്്ത്രീകൾക്കെതിരെ അക്രമം നടത്താൻ സർക്കാരിന് ഉദ്ദേശമില്ല.

സിൽവർ ലൈനിന്റെ പേരിൽ രണ്ടാം വിമോചന സമരത്തിനു കോപ്പുകൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കല്ലെടുത്തു കളഞ്ഞാൽ പദ്ധതി ഇല്ലാതാവില്ല. കോൺഗ്രസിന് പിഴുതെറിയാൻ വേണമെങ്കിൽ കല്ലുകൾ എത്തിച്ചുകൊടുക്കാം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതി നടപ്പാക്കുമെന്ന് കോടിയേരി പറഞ്ഞു.സിൽവർ ലൈൻ പദ്ധതിക്കെതിരേ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി നേരത്തെ പറഞ്ഞിരുന്നു. പദ്ധതിയുടെ പേരിൽ ജനങ്ങൾക്കെതിരേ യുദ്ധം ചെയ്യാനല്ല സർക്കാർ നോക്കുന്നതെന്നും, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

സിൽവർ ലൈനിനെതിരായ സമരത്തിന്റെ പേരിൽ പാവപ്പെട്ട ജനങ്ങളെ ജയിലിലേക്ക് അയക്കാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഞങ്ങൾ തന്നെ പോയി ഈ സർവേക്കല്ലുകൾ പിഴുതെറിയും. ഞങ്ങൾ തന്നെ ജയിലിൽ പോകുകയും ചെയ്യുമെന്നും സതീശൻ പറഞ്ഞു. ഇതുവരെ ജനങ്ങളാണ് സമരം ചെയ്തത്. അവർക്ക് ആത്മവിശ്വാസം പകർന്നുകൊടുക്കുകയും പിന്തുണ കൊടുക്കുകയുമാണ് യുഡിഎഫ് ചെയ്തിരുന്നത്. സമരം ചെയ്ത പാവപ്പെട്ടവരെ ജയിലിൽ അടയ്ക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചാൽ, സിപിഎം പ്രഖ്യാപിച്ചാൽ, പാവപ്പെട്ട ജനങ്ങളെ മാറ്റിനിർത്തി ഞങ്ങൾ മുന്നിലേക്ക് വന്ന് ഈ കല്ലുകൾ പിഴുതെറിയും.

കേസിൽ പ്രതികളായി നേതാക്കന്മാർ ഉൾപ്പെടെ കേരളത്തിലെ യുഡിഎഫ് പ്രവർത്തകർ ജയിലിലേക്ക് പോകുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതിയെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതൊന്നും ചെയ്യാതെയാണ് കല്ലിട്ട്, പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്. ഇത് വിദേശത്തു നിന്ന് പണം വാങ്ങി കേരളത്തെ പണയപ്പെടുത്താനുള്ള ശ്രമമാണ്. പാരിസ്ഥിതികമായി കേരളത്തെ തകർക്കാനുള്ള ശ്രമമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഒരുപാട് സാമൂഹിക പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്ന വിഷയമാണിത്. ഇതിന്റെ പുറകിൽ വൻ അഴിമതിയുണ്ട്. ഇക്കാര്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് യുഡിഎഫ് സമരം ചെയ്യുന്നത്. ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷ ഉപയോഗിച്ച്, സമരത്തെ അടിച്ചമർത്തുമെന്ന് ഭീഷണിപ്പെടുത്തിയാൽ ആ ഭീഷണിക്ക് മുന്നിൽ വഴങ്ങുന്ന പ്രശ്നമില്ല. മാത്രമല്ല അത്തരമൊരു സാഹചര്യത്തിൽ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്നും വിഡി സതീശൻ മുന്നറിയിപ്പ് നൽകി.

അതേസമയം സംസ്ഥാനത്ത് കെ-റെയിൽ കല്ലിടലിന് എതിരെ പ്രതിഷേധം ശക്തമാകുകയാണ്. കെ റെയിൽ ഉദ്യോഗസ്ഥർ എത്തുമെന്നറിഞ്ഞതിനെ തുടർന്ന് കോട്ടയം നട്ടാശേരിയിൽ ജനങ്ങൾ പ്രതിഷേധിച്ചു. മലപ്പുറം തിരുന്നാവായയിൽ കല്ലിടൽ താത്കാലികമായി നിർത്തിവെച്ചു.നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് നടപടി. എന്നാൽ സമരക്കാർക്കെതിരെ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുതെന്ന് ഡിജിപി നിർദേശിച്ചു.