കണ്ണൂർ: മുസ്ലിം ലീഗ് മുഖ്യമന്ത്രിയെ ജാതീയമായി വരെ അവഹേളിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു സിപിഎം കണ്ണുർ ജില്ലാ സമ്മേളനം നടക്കുന്ന എരിപുരത്ത് മീഡിയാ റൂമിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് ബോർഡ് നിയമനങ്ങൾ സർക്കാർ താൽക്കാലികമായി നടത്തില്ലെന്നു മുസ്ലിം ലീഗ് സംഘടനകളുമായി നടത്തിയ ചർച്ചയിൽ ഉറപ്പു നൽകിയതാണ. പിന്നെയെന്തിനാണ് മുസ്ലിം ലീഗ് ഈ കോലാഹലമൊക്കെ കാണിക്കുന്നതെന്നും കോടിയേരി ചോദിച്ചു. മുസ്ലിം ലീഗ് ഇതുവരെ പത്തുവർഷം പ്രതിപക്ഷത്തിരുന്നിട്ടില്ല.

അധികാരമില്ലാതെ ലീഗിന് നിലനിൽപ്പില്ല. സാധാരണയായി അഞ്ചു വർഷം കൂടുമ്പോൾ അധികാരം ലീഗിന് കിട്ടാറുള്ളതാണ് ഇക്കുറി അതുണ്ടായില്ല.എൽ.ഡി.എഫ് തുടർഭരണം വന്നാൽ രക്ഷയില്ലെന്നു അവർ പറഞ്ഞിരുന്നു. എന്നാൽ മുസ്ലിം ജനസാമാന്യം എൽ ഡി എഫിന് വോട്ടു ചെയ്തു അധികാരത്തിലേറ്റി.

കേരളത്തിൽ വർഗീയ കലാപമുണ്ടാക്കുന്നതിനുള്ള ആർ.എസ്.എസ് ചെയ്യുന്ന അതേ പ്രവൃത്തി തന്നെയാണ് മുസ്ലിം ലീഗും ഇപ്പോൾ ചെയ്യുന്നത്. ഇതിനോട് കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. ഇന്നലെ മുസ്ലിം ലീഗ് നടത്തിയ പ്രകടനത്തിൽ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തെ അവഹേളിക്കുന്ന സ്ഥിതി വരെയുണ്ടായി. മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങൾ വരെ മുഴക്കി. ഇതിനെതിരെ മുസ് ലിം ജനവിഭാഗങ്ങളടക്കം പ്രതികരിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ടി.വി രാജേഷ് എംഎ‍ൽഎയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു