- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം അനുകൂലികളായ പലരും പണിയെടുക്കാതിരിക്കാവുന്ന തസ്തികകൾ തേടി പോകുന്നു; പലർക്കും മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിൽ കയറാനാണ് താൽപ്പര്യം; നിർണായക ജോലികൾ ആർഎസ്എസ് അനുകൂലികൾ കയ്യടക്കുന്നു; പൊലീസിലെ സിപിഎം അനുകൂല സംഘടനാ നേതാക്കൾക്കെതിരെ കോടിയേരി
പത്തനംതിട്ട: കേരളാ പൊലീസിനുള്ളിൽ ആർഎസ്എസ് താൽപ്പര്യമുള്ളവർ കൂടുതൽ ഉണ്ടെന്ന ആരോപണങ്ങൾ ഭാഗികമായി ശരിവെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസ് സ്‌റ്റേഷനുകളിലെ നിർണായക ചുമതലകളിൽ ആർഎസ്എസ് അനുകൂലികൾ കൈയടക്കുന്ന അവസ്ഥ ഉണ്ടെന്നാണ് കോടിയേരി ബാലകൃഷ്ൺ പറഞ്ഞത്. സിപിഎം അനുകൂലികളായ പൊലീസുകാരെ വിമർശിച്ചു കൊണ്ടായിരുന്നു കോടിയേരിയുടെ പരാമർശം.
പൊലീസ് സ്റ്റേഷനുകളിൽ റൈറ്റർ ചുമതലയടക്കം നിർണായക ജോലികൾ ആർഎസ്എസ് അനുകൂലികൾ കയ്യടക്കുകയാണ്. സിപിഎം അനുകൂലികളായ അസോസിയേഷൻകാർക്ക് ഇത്തരം ജോലികളിൽ താൽപര്യമില്ല. അവർ പണിയെടുക്കാതിരിക്കാവുന്ന തസ്തികകൾ തേടി പോവുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി.
പലർക്കും മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിൽ കയറാനാണ് താൽപര്യമെന്നും കോടിയേരി പറഞ്ഞു. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുമ്പോഴായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ വിമർശനം.
സ്റ്റേഷനുകളിലെ ഏറ്റവും നിർണായക ചുമതലയാണ് റൈറ്ററുടേത്. അതു ചെയ്യാൻ ആളില്ലാതെ വരുമ്പോൾ ആ ഒഴുവുകളിൽ ആർഎസ്എസ്സുകാർ കയറിക്കൂടുകയാണ്. അവർ സർക്കാർ വിരുദ്ധ നടപടികൾ ചെയ്യുന്നു. ബിജെപി അനുകൂലികൾ ബോധപൂർവമാണ് ഇടപെടൽ നടത്തുന്നത്. പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ്കുമാറിന്റെ കേസിലും ഇത്തരത്തിലുള്ള കൈകടത്തൽ ഉണ്ടായിയെന്ന് കോടിയേരി പറഞ്ഞു.
അതേസമയം കെ റെയിൽ പദ്ധതി നടപ്പാക്കും. പദ്ധതികളിൽ എതിർപ്പു വരുമ്പോൾ ഭയന്നു പിന്മാറുന്ന യുഡിഎഫിന്റെ നിലപാടല്ല എൽഡിഎഫിന്. അങ്ങനെ പിന്മാറിയാൽ ഒരു വികസന പദ്ധതിയും നടക്കില്ല. കെ റെയിൽ പദ്ധതിയുടെ വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തി എല്ലാ വീടുകളിലും പാർട്ടി പ്രതിനിധികൾ നേരിട്ടു പോയി വിശദീകരിക്കണമെന്നും കോടിയേരി നിർദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ