തിരുവല്ല: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തിൽപെട്ട് പൊലീസുകാരൻ മരിച്ചു. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ പ്രവീൺ(32) ആണ് മരിച്ചത്. പത്തനംതിട്ട തിരുവല്ലയ്ക്ക് സമീപം പൊടിയാടിയിലാണ് അപകടം. കോടിയേരിക്ക് അകമ്പടി പോയ പൊലീസ് വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്.

അതിനിടെ ഭർത്താവ് അപകടത്തിൽ മരിച്ചതറിഞ്ഞ് പ്രവീണിന്റെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. കടയ്ക്കൽ സ്വദേശി പല്ലവിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കയ്യിലെ ഞരമ്പ് മുറിച്ചാണ് പല്ലവി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം എ.ആർ ക്യമ്പിലെ സിവിൽ പൊലീസ് ഓഫീസറാണ് പ്രവീൺ. പ്രവീൺ ഓടിച്ചിരുന്ന പൊലീസ് ജീപ്പ് എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കറ്റോടു നിന്നും മാന്നാറിന് പോയതായിരുന്നു ഓട്ടോറിക്ഷ. അപകടത്തിൽ എസ്ഐയ്ക്കും ഓട്ടോറിക്ഷയിലുണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും പരുക്കേറ്റു. യാത്രക്കാരായ നീതു 26 ,റയോൺ (8 മാസം) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം പരുമലയിൽ നിന്നും മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.