- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രചരണത്തിന്റെ അന്ത്യഘട്ടത്തിൽ പിണറായിയിലെ 'ക്യാപ്റ്റനെ' തള്ളിപ്പറഞ്ഞ് കോടിയേരി; ടി പി വധം ചർച്ചയാകുമെന്ന് പറഞ്ഞ് കുത്തുവാക്കും; മത്സരിക്കാനില്ലെന്ന് പരസ്യമായി പറഞ്ഞ ഇ പി ജയരാജനും അങ്കക്കലിയിൽ; വ്യക്തിപൂജ ആരോപണത്തിൽ വഴിമുടക്കിയ പിണറായിയോട് നീരസത്തിൽ പി ജയരാജനും; സിപിഎം കണ്ണൂർ ലോബിയിൽ പിണറായിക്കെതിരെ പടയൊരുക്കമോ?
തിരുവനന്തപുരം: തുടർഭരണം എന്ന ലക്ഷ്യം മാത്രം ഉന്നം വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പു തേരോട്ടം. തുടർഭരണത്തിന് തടസ്സമാകുന്ന ഘടകങ്ങളെയെല്ലാം വെട്ടിമാറ്റി മുന്നോട്ടു പോകുക എന്ന ശൈലിയിലാണ് അദ്ദേഹത്തിന്റേത്. എന്നാൽ, തെരഞ്ഞെടുപ്പു പ്രചരണം മൂർദ്ധന്ന്യാവസ്ഥയിൽ നിൽക്കവേ പാർട്ടിയിലെ കരുത്തുറ്റ ചേരിയായ കണ്ണൂർ ഘടകത്തിൽ വിള്ളലുകളും അസ്വാരസ്യങ്ങളും ഉണ്ടെന്ന സൂചനകളും പുറത്തേക്ക് വരുന്നുണ്ട്. പാർട്ടിക്കുള്ളിൽ ഒതുങ്ങുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ പരസ്യമായി പുറത്തേക്ക് എത്തുന്ന അവസ്ഥയിലിലാണ്.
വി എസ് വിഭാഗത്തെ വെട്ടിനിരത്താനും ഒതുക്കാനും പിണറിയാക്കൊപ്പം ഒരുമിച്ചു നിന്നത് കണ്ണൂർ ചേരിയിലെ ജയരാജ ത്രയവും ഇ പി ജയരാജനും കോടിയേരി ബാലകൃഷ്ണനും അടങ്ങുന്ന നിരയായിരുന്നു. എന്നാൽ, പാർട്ടിയിൽ വി എസ് പക്ഷക്കാർ നാമാവശേഷം ആയതോടെ കരുത്തുറ്റ കണ്ണൂർ ലോബിക്കുള്ളിൽ വിള്ളൽ വീണു തുടങ്ങിയിട്ടുണ്ട്. അവനവന് ലഭിക്കേണ്ട അവസരങ്ങൾ കിട്ടാത്തതും പിണറായി ചില അധികാര കേന്ദ്രങ്ങളിലേക്ക് സ്വന്തം ഇഷ്ടക്കാരെ എത്തിക്കാൻ മനപ്പൂർവ്വം മടിക്കുന്നതുമാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ പാർട്ടിയിലും ഭരണത്തിലും പിണറായി വിജയന്റെ ആധിപത്യം ഉണ്ടായിട്ടുണ്ട്.
വിഎസിന്റെ ഭരണകാലത്തും പാർട്ടി പിണറായിയുടെ കൈപ്പടിയിലായിരുന്നു. പിണറായി മുഖ്യമന്ത്രി ആയതോടെ പാർട്ടിയിലും ഭരണത്തിലും ഒരുപോലെ അദ്ദേഹത്തിന്റെ ഏകാധിപത്യമായി. പലപ്പോഴും കോടിയേരി എന്ന പാർട്ടി സെക്രട്ടറിയുടെ വാക്കുകൾക്ക് പോലും യാതൊരു വിലയും കിട്ടിയില്ല. ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റു ചെയ്ത കാര്യത്തിൽ അടക്കം മുഖ്യമന്ത്രി തന്നെ കൈവിട്ടു എന്ന വികാരമാണ് കോടിയേരിക്ക് ഉണ്ടായിരുന്നത്. ഇ പി ജയരാജനാകട്ടെ വീണ്ടും മത്സരിക്കണമെന്ന മോഹവും ഉണ്ടായിരുന്നു. എന്നാൽ, ഈ ആവശ്യത്തിന് പിണറായിയുടെ പ്രോത്സാഹനം ലഭിച്ചില്ല. മറിച്ച്, രണ്ട് ടേം നിർബന്ധമാക്കുകയും ചെയ്തു. ഇതോടെ പാർട്ടി സെക്രട്ടറിയായി ഇ പി വരുമെന്ന് കരുതി ഇരുന്നവരുമുണ്ട്. എന്നാൽ, ഇക്കാര്യത്തിലും ഉറപ്പില്ലാത്ത അവസ്ഥയിൽ പിണറായിയുമായി നീരസത്തിലാണ് ഇപി ജയരാജൻ.
നേരത്തെ തന്നെ വ്യക്തിപൂജാ വിവാദത്തിൽ പിണറായി പി ജയരാജനെ വെട്ടി ഒതുക്കിയിരുന്നു. തെരഞ്ഞെടുപ്പ് അടത്തപ്പോൾ പൂർണ്ണമായും പിണറായിയെ കേന്ദ്രീകരിച്ചാണ് പ്രചരണവും. ക്യാപ്ടനെന്ന് പിണറായിയെ വിശേഷിപ്പിച്ച് സൈബർ അണികൾ കുളിർകോരിയിടുന്നു. രണ്ടാം എൽഡിഎഫ് സർക്കാർ എന്ന പ്രചരണ മുദ്രാവാക്യം മറന്ന് മനപ്പൂർവ്വം രണ്ടാം പിണറായി സർക്കാർ എന്ന വിശേഷണവുമായി. ഇങ്ങനെ പ്രചരണം കൊഴുക്കവേയാണ് കോടിയേരി ബാലകൃഷ്ണൻ തന്നെ പിണറായിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.
മുമ്പ് പിണറായി വിഎസിന് എതിര പ്രയോഗിച്ച വ്യക്തിപൂജാ ആരോപണങ്ങളിലേക്ക് വിരൽചൂണ്ടിയാണ് കോടിയേരിയുടെ വിമർശനവും. മുഖ്യമന്ത്രി പിണറായി വിജയന് 'ക്യാപ്റ്റൻ' എന്ന വിശേഷണം പാർട്ടി ഒരിടത്തും നൽകിയിട്ടില്ലെന്ന് കോടിയേരി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് പിണറായിയോടുള്ള അതൃപ്തിയിൽ നിന്നാണെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. വിശേഷണം നൽകുന്നത് വ്യക്തികളാണ്. മുഖ്യമന്ത്രി കേരളത്തിൽ പാർട്ടി എടുക്കുന്ന തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. ക്യാപ്റ്റൻ എന്ന പ്രയോഗം പാർട്ടി മുന്നോട്ട് വെച്ചതല്ല. ജനങ്ങൾ ആണ് അത്തരം പ്രയോഗങ്ങൾ നടത്തുന്നത്. ജനകീയ ഇടപെടലിന്റെ ഭാഗമായി കണ്ടാൽ മതി. പാർട്ടിയും എൽഡിഎഫും എടുക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്നും കോടിയേരി വിശദീകരിച്ചു.
അതേസമയം ക്യാപ്ടനെന്ന് വിശേഷിപ്പിച്ചുള്ള പ്രചരണം കൊഴുക്കവേ കോടിയേരി എന്തിനാണ് അതിനെ തള്ളിപ്പറഞ്ഞത് എന്ന ചോദ്യം ഉയർത്തുമ്പോൾ വിഭാഗീയ പ്രവണതകൾ വീണ്ടും സിപിഎമ്മിൽ തലപൊക്കി തുടങ്ങിയെന്ന ഉത്തരം കണ്ടെത്തുന്നവരുണ്ട്. പിണറായിയോട് എതിർപ്പുള്ളവർ നിരവധിപാർട്ടിക്കുള്ളിലുണ്ട്. ഇവർ ചേരിയായി മാറിയിട്ടില്ലെന്ന് മാത്രം. ഐസക്കിനെയും സുധാകരനെയും അടക്കം ഒതുക്കാനാണ് രണ്ട് ടേം നിബന്ധന കർക്കശമാക്കിയത് എന്ന വികാരം ശക്തമാണ്. ഇതിനിടെയാണ് കോടിയേരി ക്യ്ാപ്ടനെ ഉന്നം വെക്കുന്നതും.
ഇതിനിടെ ടിപി വധക്കേസ് ചർച്ചയാക്കാനും കോടിയേരി ശ്രമിച്ചിട്ടുണ്ട്. ടി.പി വധം എല്ലാ തെരെഞ്ഞെടുപ്പിലും ചർച്ചയായതാണ്. എല്ലാ കൊലപാതകങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ടതുണ്ട് എന്നാണ് കോടിയേരി ഇന്ന് പ്രതികരിച്ചത്. ഫലത്തിൽ ഇതും പിണറായിയെ പ്രതിരോധത്തിലാക്കുന്നതാണ്. നേരത്തെ പാർട്ടി തീരുമാനം ലംഘിക്കുമെന്ന് പരസ്യമായി പറഞ്ഞ കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ ഇ.പി ജയരാജനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ വാർത്താ സമ്മേളനത്തിലും മുഖ്യമന്ത്രി ഇ.പിയെ തിരുത്തി കൊണ്ടാണ് സംസാരിച്ചത്. ആദ്യം ഇ.പി ജയരാജൻ പറഞ്ഞത് തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറാൻ ശ്രമിച്ച മുഖ്യമന്ത്രി പിന്നിട് ഏതെങ്കിലും ചോദ്യത്തിന് മറുപടിയായിരിക്കാം പറഞ്ഞതെന്ന് സംഭവം നിസാരവൽക്കരിക്കാനും ശ്രമിച്ചു എന്നാൽ അൽപസമയത്തിനുള്ളിൽ ഉപചോദ്യമില്ലാതെ തന്നെ ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വം കൂട്ടായി ചർച്ച ചെയ്തിട്ടാണെന്നും പാർട്ടി പറഞ്ഞാൽ ഏതൊരു സഖാവും അനുസരിക്കാൻ ബാധ്യസ്ഥതയുണ്ടെന്നുമാണ് പാർട്ടി നിലപാടെന്നും ഇ.പിയെ തിരുത്തി കൊണ്ടു പറഞ്ഞു.
രണ്ടുടേം തുടർച്ചയായി ആരും മത്സരിക്കേണ്ടെന്നത് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമുണ്ടെന്ന വ്യക്തമായ സൂചനയാണ് മുഖ്യമന്ത്രി നൽകിയത്. ഇതോടെയാണ് പിണറായി മന്ത്രിസഭയിലെ രണ്ടാമനും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജനെതിരേ അച്ചടക്ക നടപടി വേണമെന്ന ആവശ്യം കണ്ണുരിൽ അദ്ദേഹത്തിന്റെ എതിർ ചേരിയിലുള്ള നേതാക്കൾ ഉയർത്തുന്നത്. കണ്ണൂരിലെ മറ്റൊരു പിബി അംഗത്തിന്റെയും രണ്ട് കേന്ദ്ര കമ്മിറ്റിയംഗങ്ങളുടെയും പിൻതുണ ഈയൊരു നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചനയും പുറത്തു വരുന്നുണ്ട്.
പാർട്ടി പറഞ്ഞാലും മത്സരിക്കില്ല എന്ന തുറന്നുപറച്ചിൽ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകന്റെ ഭാഗത്ത് നിന്നുണ്ടാവാൻ പാടില്ലാത്തതാണ് എന്നാണ് ഇ.പി.യെ എതിർക്കുന്ന നേതാക്കളുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം കണ്ണൂർ പ്രസ്ക്ലബിൽ ഇടതുമുന്നണിയുടെ കണ്ണൂർ മണ്ഡലം പ്രകടന പത്രിക പുറത്തിറക്കിയ ചടങ്ങിലാണ് ജയരാജന്റെ വിവാദ പ്രസ്താവന. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും പാർട്ടി പറഞ്ഞാലും മത്സരിക്കില്ല എന്നുമാണ് ജയരാജൻ പറഞ്ഞത്. ഇത്തവണ സീറ്റ് ലഭിക്കാത്തതിലുള്ള നിരാശയാണോ ഇത്തരത്തിൽ പറയാൻ കാരണമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങൾ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോ എന്നായിരുന്നു ജയരാജന്റെ മറുപടി.
ജയരാജന്റെ പ്രസ്താവന പാർട്ടിക്കുള്ളിൽ വ്യാപകമായി ചർച്ചയായിട്ടുണ്ട്. പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്നാണ് കേഡർ പാർട്ടിയായ സിപിഎമ്മിലെ കീഴ്വഴക്കം. മറിച്ച് പാർട്ടി പറഞ്ഞാലും മത്സരിക്കില്ല എന്ന പ്രസ്താവന തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടി വിലയിരുത്തൽ. കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുതിർന്ന നേതാവുമായ എസ്.രാമചന്ദ്രൻപിള്ള പ്രസ്താവനയിലുള്ള അതൃപ്തി ജില്ലാ നേതാക്കളെ അറിയിച്ചതായാണ് അറിയുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്ര കമ്മിറ്റി തന്നെ ഈ വിഷയത്തിൽ ജയരാജനോട് പാർട്ടി വിശദീകരണം തേടിയേക്കും. മട്ടന്നൂരിൽ സീറ്റ് നിഷേധിച്ച് പകരം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർക്ക് സീറ്റ് നൽകിയതിലുള്ള നീരസം ഇ.പി ജയരാജനുണ്ടെന്നാണ് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്നും വ്യക്തമാകുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് കണ്ണൂർ ജില്ലക്ക് പുറത്ത് കാസർകോട് മാത്രമാണ് ജയരാജൻ പോയത്. ജയരാജന്റെ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രിയോട് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ പാർട്ടി പറഞ്ഞാൽ അനുസരിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാമർശത്തിലും പിണറായിക്ക് അതൃപ്തിയുണ്ട്. മുഖ്യമന്ത്രി പിണറായിയുടെ അടുത്തെത്താനൊന്നും ഞങ്ങൾക്ക് കഴിയില്ല. അദ്ദേഹം പ്രത്യേക കഴിവും ഊർജവുമുള്ള ഒരു മഹാമനുഷ്യനാണ്. അദ്ദേഹത്തിന് അടുത്തെത്താൻ സാധിച്ചാൽ ഞാൻ പുണ്യവാനായിതീരുമെന്നും അതിന് കഴിയുന്നില്ലല്ലോ എന്നതാണ് ദുഃഖമെന്നുമാണ് ജയരാജൻ പറഞ്ഞത്.
ഇങ്ങനെയൊക്കെയാണെങ്കിലും ജില്ലയിൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗങ്ങളിലെല്ലാം ജയരാജൻ പങ്കെടുക്കുന്നുണ്ട്. ജയരാജനു പുറമെ മുതിർന്ന മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്, ജി.സുധാകരൻ, എ.കെ ബാലൻ, സി.രവീന്ദ്രനാഥ് എന്നിവർക്കും സീറ്റ് നൽകിയില്ല. തെരഞ്ഞെടുപ്പ് രംഗത്ത് ഇവരും സജീവമല്ല. തോമസ് ഐസക് സിപിഎമ്മിൽ നിന്ന് ഒരു വർഷത്തെ അവധിക്ക് അപേക്ഷ നൽകിയെന്നാണ് റിപോർട്. ഇതോടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിണറായി പക്ഷത്തുനിന്നു തന്നെയുള്ള ഉരുൾപൊട്ടൽ സിപിഎമ്മിൽ സംസ്ഥാന തലത്തിൽ തന്നെ പടരുമെന്നാണ് വിലയിരുത്തൽ. കണ്ണൂർ സിപിഎം ചേരിയിലെ ഉരുൾപൊട്ടൽ മുഖ്യമന്ത്രിയെ ഉന്നം വെച്ചു കൂടിയാണ് എന്ന വിലയിരുത്തലുണ്ട്. എന്തായാലും തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളാകും ഈ ചേരിപ്പോര് ചൂടു പിടിക്കും എന്നറിയേണ്ടത്. ഇടതു മുന്നണി മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയാൽ പിണറായിക്ക് എതിർവാക്ക് പറയാൻ പാർട്ടിയിൽ ആരും ഉണ്ടാകില്ല. മറിച്ച് ഭരണനഷ്ടമാണെങ്കിൽ അതിന് ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് പിണറായി തന്നെ മറുപടി പറയേണ്ടിയും വരും.
മറുനാടന് മലയാളി ബ്യൂറോ