തിരുവനന്തപുരം: മകനെതിരായ സാമ്പത്തിക ആരോപണത്തിൽ കരുതലോടെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരോപണം പാർട്ടിയുമായി ബന്ധപ്പെട്ടതല്ലെന്ന് കോടിയേരി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോപണത്തെക്കുറിച്ച് മകൻ തന്നെ പ്രതികരിക്കുമെന്ന അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

തന്റെ മകന്റെ പേരിൽ ഒരു കേസുമില്ല. ഉണ്ടെങ്കിലല്ലേ ഇന്റർപോളിന്റെ സഹായം തേടേണ്ടതുള്ളൂ എന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. ഇത് മനസ്സിലാക്കി മാധ്യമങ്ങൾ വാർത്ത നൽകണമെന്നും കോടിയേരി പറഞ്ഞു. തന്റെ മകനെതിരെ നിലവിൽ കേസൊന്നുമില്ല. ഉയർന്ന ആരോപണങ്ങളിൽ മകൻ ബിനോയ് തന്നെ വിശദീകരണം നൽകുമെന്നും മാധ്യമങ്ങൾ കാര്യങ്ങൾ മനസിലാക്കിയ ശേഷം റിപ്പോർട്ട് ചെയ്യണമെന്നും കോടിയേരി പറഞ്ഞു. ഏതെങ്കിലും നിയമനടപടികളുണ്ടായിട്ടുണ്ടെങ്കിൽ സഹകരിച്ച് മുന്നോട്ടു പോകുമെന്നും കോടിയേരി വ്യക്തമാക്കി.

ആരോപണങ്ങളിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്ന് മറ്റൊരു പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയും പ്രതികരിച്ചു. സംഭവത്തിൽ സിപിഎം പ്രതിരോധത്തിലായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരിയും തമ്മിൽ എ.കെ.ജി സെന്ററിൽ കൂടിക്കാഴ്ച നടത്തിയത്. വാർത്തകൾ പുറത്തുവന്നതോടെ നിയമസഭയിൽ നിന്ന് പിണറായി നേരിട്ട് എ.കെ.ജി സെന്ററിൽ എത്തുകയായിരുന്നു. എന്നാൽ ഇത് പാർട്ടിക്കെതിരായ ആരോപണമല്ലെന്നും സെക്രട്ടറിയുടെ മകനെതിരായ പരാതിയിൽ ബിനോയ് തന്നെ വിശദീകരണം നൽകുമെന്ന് പറയുന്നതിലൂടെ ഇത് പാർട്ടിക്കാര്യമല്ലെന്ന് കൂടി വരുത്തിതീർക്കുകയാണ് സിപിഎം.

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് ദുബൈയിൽ 13 കോടിയുടെ തട്ടിപ്പ് നടത്തി ഇന്ത്യയിലേക്ക് മുങ്ങിയെന്നാണ് ദുബൈ ആസ്ഥാനമായ കമ്പനി പരാതി നൽകിയിരിക്കുന്നത്. പ്രതിയെ പിടികൂടാൻ ദുബൈ പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയതായാണ് വാർത്ത. ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്ത് മൊത്തം 13 കോടി രൂപയാണ് ബിനോയ് കമ്പനിക്ക് നൽകാനുള്ളതെന്ന് പരാതിയിൽ പറയുന്നു. ഔഡി കാർ വാങ്ങുന്നതിനും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്കുമാണ് ബിനോയിക്ക് പണം വായ്പയായി നൽകിയതത്രെ.

തിരിച്ചടവിനത്തിൽ ബിനോയ് നൽകിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങി. പണം തിരികെ ലഭിക്കാൻ കമ്പനി അധികൃതർ തിരുവനന്തപുരത്തെത്തി ദൂതന്മാർ മുഖേന കോടിയേരിയുമായി വിഷയം ചർച്ച ചെയ്തപ്പോൾ പണം തിരിച്ചു നൽകുമെന്ന് ഉറപ്പു നൽകിയെങ്കിലും പിന്നീട് നടപടി ഒന്നും ഉണ്ടായില്ല എന്നും പരാതിയിൽ പറയുന്നു.