കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷാ യാത്രക്ക് ബദലായി സി.പി.എം നടത്തുന്ന ജനജാഗ്രതാ യാത്രക്കെതിരെ ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കോഴിക്കോട് ജില്ലയിൽ പ്രവേശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ യാത്രക്ക് ഉപയോഗിച്ച വാഹനം സ്വർണക്കള്ളക്കടത്തു കേസ് പ്രതിയുടേതാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ വിമർശനം ഉന്നയിച്ചത്. ഫേസ്‌ബുക്കിൽ ചിത്രങ്ങൾ സഹിതമാണ് സുരേന്ദ്രൻ ആരോപണം ഉന്നയിച്ചത.

കൊടുവള്ളിയിലെ സി.പി.എം എംഎൽഎ കാരാട്ട് റസാഖിനൊപ്പം ചുവന്ന കാറിൽ സഞ്ചരിക്കുന്ന കോടിയേരിയുടെ ചിത്രമാണ് സുരേന്ദ്രൻ പോസ്റ്റു ചെയ്തത്. കോടിയേരി സഞ്ചരിക്കുന്ന കാർ പി വൈ 01 ണഖ 3000 നമ്പർ കാർ കള്ളക്കടത്തു കേസ് പ്രതി ഫൈസൽ കാരാട്ടിന്റേതാണെന്നാണ് സുരേന്ദ്രൻ ഉന്നയിക്കുന്ന ആരോപണം. കോടിയേരിയും കള്ളക്കടത്തുക്കാരുമായുള്ള ബന്ധം പാർട്ടിയും മുഖ്യമന്ത്രിയും അന്വേഷിക്കണമെന്നും കെ. സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവിശ്യപ്പെട്ടു.

സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ? കൊടുവള്ളിയിൽ കോടിയേരിയെ ആനയിക്കുന്ന ഈ കാർ ആരുടേതാണെന്നറിഞ്ഞാൽ സംഗതി ബോധ്യമാവും. സ്വർണ്ണക്കള്ളക്കടത്തുകേസ്സിലെ പ്രതി അതും ആയിരം കിലോയിലധികം സ്വർണം കടത്തിയതിന്റെ പേരിൽ ഡി. ആർ. ഐയും കോഫേപോസയും ചുമത്തപ്പെട്ട ഫൈസൽ കാരാട്ടിന്റെ കാറിലാണ് വിപ്ലവപാർട്ടിയുടെ നേതാവ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ഇനിയും തെളിവുകൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാം. അന്വേഷിക്കാൻ തയ്യാറാവുമോ പാർട്ടിയും മുഖ്യമന്ത്രിയും? നോട്ട് നിരോധനത്തിനെതിരെ ഉറഞ്ഞുതുള്ളിയതിന്റെ ഗുട്ടൻസ് ഇപ്പോൾ പിടികിട്ടിയില്ലേ?

കൊടുവള്ളി പഞ്ചായത്ത് അംഗവും കൊടുവള്ളി ഐറിഷ് ഗോൾഡ് ഉടമയുമായ ഫൈസൽ കാരാട്ടിനെതിരെ കോഫോപോസ കേസ് ചുമത്തിയിരുന്നു. 2014ലാണ് ദുബൈയിൽ നിന്ന് ആറു കിലോ സ്വർണം കടത്തവെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് എയർ ഇന്ത്യയിലെ എയർ ഹോസ്റ്റസ് ഫിറമോസയും രാഹിലയും പിടിയിലാകുന്നത്. ഈ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായത്.

കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്തു നടത്തുന്നവരിൽ പ്രധാനിയായിരുന്നു കാരാട്ട് ഫൈസൽ. റവന്യൂ ഇന്റലിജന്റ്‌സ,് നടത്തിയ അന്വേഷണത്തിലും ഫൈസലിനെ വീട്ടിലെത്തിയായിരുന്നു അറസ്റ്റു ചെയ്തത്. പിടിഎ റഹീം എംഎൽഎയുടെ ഉറ്റ അനുയായി കൂടിയാണ് കാരാട്ട് ഫൈസൽ. ഇങ്ങനെ സ്വർണ്ണക്കടത്തു കേസിലെ പ്രതിയായ വ്യക്തിയുടെ കാറിൽ സി.പി.എം സംസ്ഥാന സെക്രട്ടറി യാത്ര നടത്തിയത് വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.