കോഴിക്കോട്: അധികാരം ലഭിച്ചതിന്റെ പേരിൽ അഹങ്കരിക്കരുതെന്ന് പ്രവർത്തകർക്ക് വീണ്ടും മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനി ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ അണികൾക്ക് മുന്നറിയിപ്പു നൽകിയത്. 'സംസ്ഥാന ഭരണം നമുക്ക് ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതി സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട് കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതിയാൽ അവർക്ക് സ്ഥാനം പാർട്ടിക്ക് പുറത്താണ്,' കോടിയേരി വ്യക്തമാക്കി.

എൽ.ഡി.എഫ് സർക്കാർ സിപിഐ.എമ്മിന്റെ മാത്രം സർക്കാരല്ല. എല്ലാവരുടെയും സർക്കാരാണ്. അതുകൊണ്ട്, എല്ലാവർക്കും നീതി എന്നതാണ് പാർട്ടിയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. 'സിപിഐ.എം നേതാക്കളും പ്രവർത്തകരും, അവർ ഭരണത്തിലുള്ളവരാകട്ടെ ഇല്ലാത്തവരാകട്ടെ എല്ലാവരും തലക്കനമില്ലാതെ, ജനങ്ങളുടെ മുന്നിൽ ശിരസ്സുകുനിച്ച് മുന്നോട്ടുപോകണം. സംസ്ഥാനഭരണം അഴിമതിരഹിതമാക്കണമെന്ന ഉറച്ച നിശ്ചയത്തോടുകൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഓരോ ചുവടും മുന്നോട്ടുവെക്കുന്നത്,' കോടിയേരി പറഞ്ഞു.

അതേസമയം സിപിഐ.എമ്മിനെ തകർക്കാൻ പ്രവർത്തകരെയും നേതാക്കളെയും ഇല്ലായ്മ ചെയ്യുന്ന ശത്രുചേരിയുടെ അക്രമരാഷ്ട്രീയം തുടരുകയാണെന്ന് തിരുവല്ല സന്ദീപ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പറഞ്ഞു. 'കൊല നടത്തി പാർട്ടിയെ ഇല്ലാതാക്കാമെന്ന് ആരും കരുതരുത്. കൊലയ്ക്ക് പകരം കൊലയെന്നത് സിപിഐ.എമ്മിന്റെ നയമല്ല.

ആർ.എസ്.എസിന്റെ അക്രമരാഷ്ട്രീയത്തെ ജനാധിപത്യപരമായും സമാധാനപരമായും ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കണം,' കോടിയേരി പറഞ്ഞു. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒരു വർഷത്തോളം മാറി നിന്ന ശേഷം കഴിഞ്ഞ ദിവസമാണ് കോടിയേരി തിരിച്ചെത്തിയത്.