- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്ട് സംഭവത്തിൽ ഉൾപ്പെട്ടവർ തന്നെ പൊലീസിനെ കുറ്റപ്പെടുത്തുന്നു; ജില്ലയെ കലാപഭൂമിയാക്കാൻ ആസൂത്രിത ശ്രമമെന്ന് കോടിയേരി; ജില്ലയിൽ സമാധാനം നിലനിർത്താൻ സിപിഎം മുൻകൈ എടുക്കുമെന്നും കോടിയേരി
തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ 24 മണിക്കൂറിനിടെ നടന്ന ഇരട്ടകൊലയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാലക്കാട് ജില്ലയെ കലാപഭൂമിയാക്കാൻ ആസൂത്രിത ശ്രമമാണെന്ന് കോടിയേരി ആരോപിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർ തന്നെ പൊലീസിനെ കുറ്റപ്പെടുത്തുകയാണെന്ന് കോടിയേരി പറഞ്ഞു.ജില്ലയിൽ സമാധാനം വീണ്ടെടുക്കാൻ എൽഡിഎഫ് മുൻകൈയെടുക്കുമെന്ന് കോടിയേരി അറിയിച്ചു.
അതേസമയം സമാധാനം നിലനിൽക്കുന്ന പാലക്കാട് ജില്ലയിൽ കലാപം സൃഷ്ടിച്ച് അശാന്തി പടർത്താനാണ് ആർഎസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു പ്രസ്താവനയിൽ പറഞ്ഞു. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തി അഞ്ചുമാസം തികയുന്ന ദിവസമാണ് എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ പിതാവിന്റെ മുന്നിലിട്ട് ആർഎസ്എസുകാർ വെട്ടിക്കൊന്നത്. മറ്റൊരു എസ്ഡിപിഐ പ്രവർത്തകൻ സക്കീർഹുസൈനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലായിരുന്നവർ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കൊല നടത്തിയതെന്ന് സംശയിക്കുന്നു.
ഒരു കാരണവശാലും ജില്ലയിൽ സമാധാനം നിലനിർത്താൻ അനുവദിക്കില്ല എന്ന വാശിയിലാണ് ഇരു സംഘടനകളും. എസ്ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്തുന്നതിന് രണ്ട് ദിവസംമുമ്പാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പാലക്കാട്ട് എത്തിയത്. കൊലപാതകത്തിൽ ബിജെപി ഉന്നതനേതൃത്വത്തിന്റെ പങ്കും അന്വേഷിക്കണം. നേരത്തേ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാറിൽ എസ്ഡിപിഐ പ്രവർത്തകന്റെ കൊലയാളികൾ എത്തിയത് പ്രതികാരത്തിന്റെ സൂചനജനങ്ങൾക്ക് നൽകാൻ ഉദ്ദേശിച്ചാണ്. ഈ കൊലപാതകത്തിന്ശേഷം ശനിയാഴ്ച മുൻ ആർഎസ്എസ് പ്രവർത്തകൻ മേലാമുറിയിലെ ശ്രീനിവാസനും കൊല്ലപ്പെട്ടു. ഇതിനുപിന്നിൽ എസ്ഡിപിഐയാണെന്ന് ബിജെപി ആരോപിക്കുന്നു. ഇതിന്റെ സത്യാവസ്ഥയും പൊലീസ് അന്വേഷിച്ച് പുറത്തുകൊണ്ടുവരണം. ഇരു കൊലപാതകങ്ങളിലെയും പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽകൊണ്ടുവരാൻ പൊലീസീന് കഴിയണം.
കഴിഞ്ഞ രാമനവമി നാളിൽ ഇന്ത്യയിലെമ്പാടും വർഗീയസംഘർഷം സൃഷ്ടിക്കാൻ നടത്തിയ ആർഎസ്എസ് ശ്രമത്തിന്റെ മറ്റൊരു പതിപ്പാണ് പാലക്കാട്ടും വിഷുദിനത്തിൽ കണ്ടത്. മലയാളികൾ ഐശ്വര്യത്തിന്റെയും സമാധനത്തിന്റെയും ആഘോഷമായി വിശ്വസിക്കുന്ന വിഷുദിനത്തിൽതന്നെ പള്ളിക്ക് മുന്നിൽവച്ച് കൊലപാതകം നടത്താൻ തെരഞ്ഞെടുത്തതും വർഗീയസംഘർഷം ലക്ഷ്യമിട്ടാണ്. നാട്ടിൽ കലാപം സൃഷ്ടിക്കാനാണ് ആർഎസ്എസ്, എസ്ഡിപിഐ സംഘങ്ങൾ കൊലക്കത്തിയുമായി നീങ്ങുന്നത്. വ്യാജപ്രചാരണം നടത്തി പ്രകോപനത്തിനും ശ്രമിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റുധരിപ്പിക്കുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾ അകപ്പെടരുത്. കലാപശ്രമത്തെ ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കും. എല്ലാ ഏരിയകളിലും വർഗീയ പാർട്ടികൾ ഒഴിച്ചുള്ളവയെ പങ്കെടുപ്പിച്ച് മതസൗഹാർദ പരേഡ് നടത്തുമെന്നും ഇ എൻ സുരേഷ്ബാബു പറഞ്ഞു.
അതേസമയം ഇന്ന് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് പേർ പിടിയിലായി. മൂന്ന് പേർ കൊല നടത്തിയപ്പോൾ മൂന്നുപേർ വാഹനത്തിലിരുന്നു. പൊലീസിന് സംഭവിച്ചത് ഗുരുതര പാളിച്ചയെന്ന് ബിജെപി ആരോപിച്ചു. കൊലചെയ്യപ്പെട്ടത് നിരപരാധികളായ പാർട്ടി പ്രവർത്തകരാണെന്നും ബിജെപി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ