കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് വൻ പൊളിച്ചെഴുത്തിന് വഴിവെക്കുന്ന നീക്കത്തിൽ നിന്നും സിപിഎം തത്ക്കാലം പിന്മാറുന്നു. എയ് ഡഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രം തീരുമാനമെടുക്കും. ഇപ്പോൾ സിപിഎമ്മോ, മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വിവിധ കോണുകളിൽ നിന്നുള്ള വ്യാപക എതിർപ്പ് കണക്കിലെടുത്താണ് തീരുമാനം

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടണമെന്നുംസാമൂഹ്യ നീതി ഉറപ്പാക്കാൻ നിയമനം സർക്കാർ ഏറ്റെടുത്തേ മതിയാകൂ എന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലനാണ് ആവശ്യപ്പെട്ടത്. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളിലൊന്നും പണമില്ലാത്തവർക്ക് നിയമനം കിട്ടുന്നില്ല. മാനേജ്‌മെന്റുകൾ കോഴയായി വാങ്ങുന്ന കോടികൾ എങ്ങോട്ട് പോകുന്നുവെന്നറിയില്ല.

നിയമനം പിഎസ്‌സിക്ക് വിടുന്നതിനോട് എസ്എൻഡിപിയും എംഇഎസും യോജിപ്പറിയിച്ചിട്ടുണ്ട്. മറ്റു സമുദായ സംഘടനകളും ഈ നിർദ്ദേശത്തെ എതിർക്കില്ലെന്നാണ് പ്രതീക്ഷയെന്നും എ.കെ ബാലൻ പറഞ്ഞിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിലാണ് കേരളത്തിലെ വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളിൽ അടിമുടി മാറ്റത്തിന് കളമൊരുക്കുന്ന നിർദ്ദേശം സിപിഎം നേതൃത്വത്തിൽ നിന്ന് ഉയർന്നുവന്നത്.

57 ലെ ഒന്നാം ഇഎംഎസ് സർക്കാരിന്റെ കാലം മുതൽ ചർച്ച ചെയ്യുകയും എന്നാൽ നടപ്പിലാക്കാനാവാതെ പോയതുമായ ഒരു മാറ്റത്തിന് വഴിയൊരുക്കാൻ രണ്ടാം പിണറായി സർക്കാരിന് കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ നിയമമന്ത്രിയുമായ എ.കെ ബാലൻ പങ്കുവച്ചത്. എന്നാൽ ബാലനെ തള്ളി കോടിയേരി രംഗത്തുവന്നത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയാണ്.

നേരത്ത് എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് എൻഎസ്എസും കെസിബിസിയും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം നിയമനം സർക്കാർ ഏറ്റെടുക്കുന്നത് അംഗീകരിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുന്നണിയിൽ ആലോചിക്കാതെ പ്രതികരിക്കാൻ ഇല്ലെന്നാണ് കോൺഗ്രസ് നിലപാട്. എല്ലാ ഇടതു സർക്കാരുകളും നടത്തിയിട്ടുള്ള ഭീഷണി അവർത്തിക്കുകയാണ് പിണറായി സർക്കാർ എന്ന് കെസിബിസി കുറ്റപ്പെടുത്തി. ക്രമക്കേട് നടത്തുന്ന മാനേജ്‌മെന്റിനെതിരെയാണ് നടപടി വേണ്ടതെന്നും എയ്ഡഡ് നിയമനങ്ങൾ ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തെ എതിർക്കുമെന്നും കെസിബിസി വ്യക്തമാക്കി.

എയ്ഡഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള നീക്കത്തെ എതിർക്കുമെന്ന് എൻഎസ്എസും വ്യക്തമാക്കി. സിപിഎം നീക്കത്തിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ട്. എയ്ഡഡ് സ്ഥാപനങ്ങൾ വർഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്നും എൻഎസ്എസ് ജനറൽ സുകുമാരൻ നായർ പറഞ്ഞു. എന്നാൽ എയ്ഡഡ് നിയമനം സർക്കാർ ഏറ്റെടുക്കുന്നതിനോട് പൂർണ്ണ യോജിപ്പെന്ന് എസ്എൻഡിപി യോഗം വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സർക്കാർ ശമ്പളം നൽകുമ്പോൾ മാനേജ്‌മെന്റ് നിയമം വേണ്ട. സംവരണം പാലിച്ചുള്ള നിയമനം പിഎസ്‌സി നടത്തട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു. എയ്ഡഡ് മേഖലയിൽ സർക്കാരിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് എയ്ഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ പറഞ്ഞു.