തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിലെ വിദ്യാർത്ഥി സമരത്തെ കണ്ടില്ലെന്ന നടിച്ച സിപിഐ(എം) നിലപാടിൽ ഒടുവിൽ മനം മാറ്റം. സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തി ബിജെപി നേട്ടം കൊയ്യുന്ന ഘട്ടം വന്നപ്പോൾ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒടുവിൽ എസ്എഫ്‌ഐയുടെ സമരപന്തൽ സന്ദർശിച്ചു. മറ്റ് സിപിഐ(എം) നേതാക്കൾക്കൊപ്പമാണ് കോടിയേരി സമരപന്തലിൽ എത്തിയത്. എന്നാൽ, ലക്ഷ്മി നായർ രാജിവെക്കണമെന്ന പറയാൻ അദ്ദേഹം തയ്യാറായില്ല. മറിച്ച് ഒത്തുതീർപ്പാക്കണമെന്നാണ് കോടിയേരി അഭിപ്രായപ്പെട്ടത്.

ലോ അക്കാദമിയിലെ സമരം വിദ്യാഭ്യാസ വകുപ്പും മാനേജ്‌മെന്റും ഇടപെട്ട് ഒത്തുതീർപ്പാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. ലോ അക്കാദമി പ്രശ്‌നം വിദ്യാർത്ഥി സമരമാണെന്നും അതിനെ രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റരുതെന്നും മാദ്ധ്യമങ്ങളോട് കോടിയേരി ആവശ്യപ്പെട്ടു. ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിദ്യാർത്ഥി സമരത്തിൽ ഉണ്ടായിരുന്നില്ല. വിദ്യാർത്ഥികളുടെ ആവശ്യം പ്രിൻസിപ്പാളിന്റെ രാജി മാത്രമാണ്. ഭൂമി പ്രശ്‌നത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ട. സമരം രാഷ്ട്രീയവൽക്കരിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട് വി എസ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും കോടിയേരി പറഞ്ഞു.

ലോ അക്കാദമി സമരം ക്യാമ്പസ് സമരമാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണൻ വിദ്യാർത്ഥികളുടെ സമരപന്തലിലേക്ക് എത്തിയത്. ലോ അക്കാദമി പ്രശ്‌നത്തിൽ ലക്ഷ്മി നായർ പ്രിൻസിപ്പാൾ സ്ഥാനം രാജിവെക്കണമെന്ന അഭിപ്രായം സിപിഐഎമ്മിനില്ലെന്നായുരുന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. വിദ്യാർത്ഥി സംഘടനകളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിഷയത്തിൽ സിപിഐഎമ്മിന് പ്രത്യേകമായ നിലപാടില്ല. ലോ അക്കാദമി പ്രശ്‌നത്തിൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തുകയാണെന്നും കോടിയേരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

വിദ്യാർത്ഥി സമരം ഏറ്റെടുക്കാതെ മാറിനിന്നതും ലോ അക്കാദമി പ്രിൻസിപ്പാൾ ലക്ഷ്മി നായരോടുള്ള പാർട്ടിയുടെ മൃദുസമീപനവും സിപിഐഎമ്മിനെതിരെ വ്യാപക വിമർശനങ്ങളുയർത്തി വിട്ടിരുന്നു. വിദ്യാർത്ഥി പ്രക്ഷോഭത്തിൽ സമയോചിതമായി ഇടപെടാത്ത പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷവും വിമർശനമുന്നയിച്ചിരുന്നു.

സിപിഐഎം മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ സമരപന്തലിലേക്ക് ആദ്യ ഘട്ടത്തിൽ തന്നെയെത്തുകയും വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലോ അക്കാദമി അനധികൃതമായി കയ്യിൽ വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കണമെന്നും വി എസ് ആവശ്യപ്പെട്ടിരുന്നു. സമരത്തിലിടപെടാത്ത സർക്കാർ നിലപാടിനേയും വി എസ് വിമർശിച്ചിരുന്നു.