തിരുവനന്തപുരം: സർക്കാർ ഗവർണർക്ക് വഴങ്ങിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണർക്ക് വഴങ്ങി എന്നത് ചില മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണ്. എപ്പോഴും സംഘർമുണ്ടാക്കി പോകുക എന്നതല്ല സർക്കാർ ഉദ്ദേശിക്കുന്നത്്. ഒരു പ്രതിസന്ധി വന്നാൽ പരിഹരിക്കുകയാണ് വേണ്ടത്. അതിനുള്ള ശ്രമമാണ് സർക്കാർ നടത്തിയതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഗവർണറും സർക്കാരും പരസ്പരം യോജിച്ചുപോകേണ്ടവരാണ്. ഇപ്പോൾ ആ പ്രശ്നത്തിനെല്ലാം പരിഹാരമായി. ഇനി വീണ്ടം അത് പറഞ്ഞ് പ്രശ്നമുണ്ടാക്കേണ്ടതില്ല. ്പ്രശ്നങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കുന്നതിനാണ് സർക്കാരാണ് മുൻഗണന നൽകിയത്. ഗവർണറെ ഉപയോഗിച്ച് ബിജെപി സർക്കാർ ഇടപെടുന്നുണ്ട്. അത്തരമൊരു അവസരമുണ്ടായാൽ പാർട്ടി ഇടപെടും. ഗവർണർ എപ്പോഴെല്ലാം തെറ്റായ കാര്യങ്ങൾ ചെയ്തിട്ടുണ്ടോ അപ്പോഴെല്ലാം സർക്കാരും പാർട്ടിയും അതിനെ എതിർത്തിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. വിഷയത്തിലെ കാനം രാജേന്ദ്രന്റെ നിലപാടും കോടിയേരി തള്ളി.

മുഖ്യമന്ത്രി എവിടെ പോകുമെന്നത് ഘടകക്ഷികളെ അറിയിക്കേണ്ടതില്ല. മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. സിപിഐ അവരുടെ നിലപാടുകളല്ലേ പറഞ്ഞത്. അത് പ്രകടിപ്പിക്കുന്നതിൽ എന്താണ് തെറ്റ്. അവരുമായി ചർച്ച ചെയ്യേണ്ട കാര്യമുണ്ടെങ്കിൽ അത് ചർച്ച ചെയ്ത് പരിഹരിക്കുകയും ചെയ്യും. സിപിഐ എൽഡിഎഫിന്റെ പ്രധാനഭാഗമാണ്. അവർ എന്തെങ്കിലും ഒരു കാര്യം വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചാൽ പ്രതിപക്ഷത്താണെന്ന് കരുതേണ്ട. സംസ്ഥാനത്ത് പെൻഷൻ പ്രായം കൂട്ടില്ല. റാങ്ക് ഹോൾഡേഴ്സിന്റെ നീണ്ട പട്ടിക ഇപ്പോൾ തന്നെയുണ്ട്. ഒരു കാലത്തും പെൻഷൻ പ്രായം കുട്ടുന്നതിനെ പാർട്ടി അംഗീകരിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

1984 മുതൽ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നുണ്ട്. മാറി മാറി വന്ന എല്ലാ ഗവൺമെന്റുകളും അംഗീകരിച്ചതാണത്. 5 വർഷത്തേക്കാണ് പേഴ്സണൽ സ്റ്റാഫിന് നിയമനം. അത് 2 വർഷം കൂടുമ്പോഴാണെന്നത് തെറ്റായ വിവരമാണ്. ഇപ്പോഴാകാം ഗവർണർക്ക് പേഴ്സണൽ സ്റ്റാഫ് പെൻഷൻ സംബന്ധിച്ച് വിവരം ലഭിച്ചത്. കാര്യങ്ങൾ മനസിലാക്കാനാണ് ഗവർണർ ചോദിച്ചതെങ്കിൽ അതിൽ തെറ്റില്ലെന്നും ഇക്കാര്യത്തിൽ തീരുമാനത്തിൽ മാറ്റം വരുത്താൻ പോകുന്നില്ലെന്നും കോടിയേരി വിശദീകരിച്ചു. കാര്യങ്ങൾ നടത്തി കൊണ്ടുപോകാൻ പേഴ്‌സണൽ സ്റ്റാഫ് വേണം. അതുകൊണ്ടാണ് നഗര സഭാ ചെയർ പേഴ്സൺ മാർക്കും പിഎമാരെ നൽകുന്നത്. ഗവർണർ തെറ്റായ കാര്യങ്ങൾ പറയുമ്പോൾ അതിനെ സിപിഐ എം എതിർത്തിട്ടുണ്ട്. ആ നിലപാട് തുടർന്നുമുണ്ടാകും - കോടിയേരി പറഞ്ഞു.

പ്രതിനിധി സമ്മേളനം യെച്ചൂരി ഉദ്ഘാടനം ചെയ്യും

മാർച്ച് 1 മുതൽ 4 വരെ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന സംസ്ഥാന സമ്മേളന രേഖയ്ക്ക് അന്തിമരൂപം നൽകിയതായും കോടിയേരി പറഞ്ഞു. പ്രതിനിധി സമ്മേളനം മാർച്ച് ഒന്നിന് സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. സെമിനാറുകൾ മറൈൻ ഡ്രൈവിൽത്തന്നെ മറ്റ് വേദികളിൽ നടക്കുമെന്നും കോടിയേരി പറഞ്ഞു. മാർച്ച് നാലിന് മറൈൻ ഡ്രൈവിൽ പൊതുസമ്മേളനം നടക്കും. എകെജി സെന്ററിൽ സോളാർ പ്ലാന്റിന്റെ ഉട്ഘാടനം നിർവഹിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. യെച്ചൂരിക്ക് പുറമേ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, ബൃന്ദ കാരാട്ട്, പിണറായി വിജയൻ, എം എ ബേബി, രാമകൃഷ്ണൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.