- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യാസഹോദരിയുടെ വീട്ടിൽ നിന്ന് പിടികൂടിയത് ചീട്ടുകളി സംഘത്തെ; പൂമൂടലും ശത്രുസംഹാര പൂജയും നടത്തുന്ന ഭാര്യ; ഗൾഫിൽ 3 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ബിനോയ്; പിന്നാലെ എത്തിയത് ബീഹാറി ഡാൻസറുടെ പിതൃത്വകേസും; ഇപ്പോൾ ബിനീഷ് മയക്കുമരുന്ന് കേസിലും അറസ്റ്റിൽ; സിപിഎമ്മിനെ വിവാദച്ചുഴിയിലാക്കി കോടിയേരിയുടെ കുടുംബം
തിരുവനന്തപുരം: എക്കാലവും സിപിഎമ്മിന് തലവേദനയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബം. കേരളത്തിലെ സിപിഎമ്മിലെ രണ്ടാമന് മക്കളും ഭാര്യയും എന്നും തലവേദനയുണ്ടാക്കുന്നുണ്ട്. ശത്രുസംഹാര പൂജാ വിവാദം തൊട്ട് മയക്കുമരുന്നു കേസിൽ രണ്ടാമത്തെ മകൻ ബിനോയ് കോടിയേരി അകത്തായതുവരെയുള്ള സംഭവ വികാസങ്ങൾ ഇതാണ് തെളിയിക്കുന്നത്. കേരളത്തിലെ കണ്ണൂർ ജില്ലയിലെ കല്ലറ തലായി എൽ.പി. സ്കൂൾ അദ്ധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി ജനിച്ച കോടിയേരി മികച്ചൊരു സംഘാടകനാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തെ നയിച്ച് പടിപടിയായി ഉയർന്നാണ് അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി പദവിയിൽവരെ എത്തിയത്.
സിപിഎം നേതാവും തലശേരി മുൻ എംഎൽഎയുമായ എം. വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റർ ജീവനക്കാരിയും ആയിരുന്നു എസ്. ആർ. വിനോദിനിയാണ് ഭാര്യ. മക്കൾ ബിനോയ്, ബിനീഷ്. മരുമക്കൾ ഡോ. അഖില, റിനീറ്റ. പേരക്കുട്ടികൾ ആര്യൻ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്. ഇതിൽ ബിനീഷും ബിനോയിയും പലവിധ വിവാദങ്ങളിലൂടെ കടന്നു പോയി. ആദ്യം ബിനീഷിന്റെ രാഷ്ട്രീയ പ്രവർത്തനവും കേസുകളുമാണ് കുരുക്കായത്.
ചൂതാട്ടം നടത്തിയ ഭാര്യാ സഹോദരി
തലശ്ശേരിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യാ സഹോദരി പൊലീസ് പിടിയിലായത് വലിയ ചർച്ചയായിരുന്നു. തലശേരി ധർമ്മടത്തെ വീട്ടിൽ നിന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരിയായ എസ്ആർ.അരുണ(46)യെ ചീട്ടുകളി നടത്തിയതിന് ധർമ്മടം എസ്ഐ.സി.ഷാജുവും സംഘവും കസ്റ്റഡിയിൽ എടുത്തത്. 2,19,800രൂപ ഇവരിൽ നിന്നും പിടിച്ചെടുത്തു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് അരുണയും സംഘവും വലയിലായത്. എന്നാൽ രാഷ്ട്രീയ സമ്മർദ്ദം കാരണം വൻ സെക്സ് റാക്കറ്റിനെ പിടികൂടി അത് ചൂതാട്ടമാക്കി പൊലീസ് മാറ്റുകയായിരുന്നുവെന്ന് കോടിയേരിയുടെ രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിച്ചു. പിടികൂടിയ ഉടൻ ദൃശ്യമാധ്യമങ്ങളിൽ തലശേരിയിൽ പെൺവാണിഭസംഘം വലയിലെന്ന് വാർത്ത വന്നെങ്കിലും പൊടുന്നനെ പിൻവലിക്കുകയായിരുന്നു എന്നാണ് ആരോപണം.കോടിയേരിയുടെ അരുമ ശിഷ്യനും ഡിവൈഎഫ്ഐ നേതാവുമായ തലശേരിക്കാരൻ നേരിട്ടിടപ്പെട്ടാണ് കേസ് അട്ടിമറിച്ചതെന്ന് ആരോപണമുണ്ട്.
ബിനോയിയും ബീഹാറി ബാർ ഡാൻസറും
അച്ഛന്റെ ലേബലിൽ പാർട്ടിയിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും എത്തി. ഇതോടെ ബിനീഷ് പതിയെ രാഷ്ട്രീയത്തിൽ നിന്ന് പിന്നോട്ട് പോയി. രാഷ്ട്രീയത്തിൽ ഇല്ലെങ്കിലും വിവാദങ്ങളുടെ സന്തത സഹചാരികൾ ആയിരുന്നു ബിനീഷും ബിനോയിയും. രവി പിള്ളയുടെ ആർപി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു മുൻപ് ബിനീഷ് കോടിയേരി. ഏഴു ലക്ഷത്തോളം രൂപ മാസശമ്പളം വാങ്ങിയാണ് ബിനീഷ് ജോലി ചെയ്യുന്നത് എന്നാണ് അന്ന് വന്നിരുന്ന വാർത്തകൾ. പിന്നീട് സിനിമയായി ബിനീഷ് കോടിയേരിയുടെ തട്ടകം. ഒപ്പം ഒട്ടനവധി വ്യവസായ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടു ബിനീഷിന്റെ പേര് പുറത്തുവരുന്നുണ്ട്. കാർ അക്സസറികൾ, ഫർണിച്ചർ, ഹോട്ടൽ വ്യവസായം എന്നിങ്ങനെ തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബിനീഷിന്റെ പേര് കേൾക്കാം. ബിനോയ് കോടിയേരി്ക്ക് ഗൾഫിൽ ഇവന്റ് മാനേജ്മെന്റ് കമ്പനി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
വിവിധ ബിസിനസുകൾ ഏർപ്പെടുത്തി നടത്തിയിരുന്ന ബിനോയ് ഗൾഫിൽ പ്രശ്നങ്ങളിൽ കുടുങ്ങിയിരുന്നു. യാത്രാവിലക്ക് വരെ ഗൾഫിൽ ബിനോയ്ക്ക് വന്നിരുന്നു. 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പുറത്തുവന്നതോടെയാണ് ബിനോയ് കോടിയേരിയും മുഖ്യധാരയിലേക്ക് വന്നത്. ഗൾഫിലെ വൻ മലയാളി വ്യവസായി ഇടപെട്ടാണ് ഈ കേസിനു തീർപ്പാക്കിയത് എന്നാണ് ലഭിച്ച വിവരം. ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ജാസ് ടൂറിസം എൽഎൽസി എന്ന കമ്പനിയാണ് ബിനോയിക്കെതിരെ പരാതി നൽകിയത്. ബിനോയ് കമ്പനിക്ക് നൽകിയ ചെക്കുകൾ മടങ്ങുകയും ദുബൈയിൽ നിന്നും മുങ്ങുകയും ചെയ്തപ്പോൾ ഇന്റർപോളിന്റെ സാഹയം തേടിയിരുന്നു. പിന്നീട് ദിവസങ്ങൾക്കുള്ളിൽ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന് കിട്ടിയ പരാതി പുറത്തായതിന് പിന്നിൽ പാർട്ടിയിലെ തന്നെ ഒരു വിഭാഗം തന്നെയായിരുന്നുവെന്നും അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
അപ്പോഴാണ് അടുത്തത് വരുന്നത്. ബീഹാർ സ്വദേശിനിയായ ബാർ ഡാൻസറിൽ ബിനോയിക്ക് ഒമ്പതു വയസ്സുള്ള കുട്ടിയുണ്ടെന്ന ആരോപണം ഡിഎൻഎ പരിശോധനയിൽവരെ എത്തി. കോടികൾ കൊടുത്താണ് ഈ കേസിൽ നിന്ന് ഊരിയത് എന്നാണ് അറിയുന്നത്.
പൂമൂടൽ.. ശത്രു സംഹാര പൂജ
വി എസ് ഭരണകാലത്ത് കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കേ കാടാമ്പുഴ ക്ഷേത്രത്തിൽ ഭാര്യ വിനോദിനി അദ്ദേഹത്തിന്റെ പേരിൽ പൂമൂടൽ നടത്തിയെന്നതും ഒരു കാലത്ത് വൻ വിവാദമായിരുന്നു. ഈയിടെകോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ശത്രുസംഹാര പൂജ നടത്തിയെന്നും ആരോപണം ഉണ്ടായി. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എട്ടോളം തന്ത്രി പ്രമുഖരെ പങ്കെടുപ്പിച്ച് പൂജ കഴിച്ചത് പാർട്ടി ഗ്രാമമായ കോടിയേരിയിലും പരിസരത്തും സജീവ ചർച്ചയാവുകയും ചെയ്തു. കൈമുക്ക് ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃശൂർ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നും റിപ്പോർട്ട് ചെയ്യുന്നു.
സുദർശന ഹോമം, ആവാഹന പൂജകൾ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖർ പൂജകളിൽ പങ്കെടുത്തെന്നാണ് സൂചന. തൊട്ടടുത്ത വീട്ടുകാരെ താൽക്കാലികമായി ഒഴിപ്പിച്ച് വൈദികർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കുകയായിരുന്നു. പൂജയിൽ പങ്കെടുക്കാൻ കോടിയേരി ബാലകൃഷ്ണൻ വീട്ടിലെത്തിയെന്ന് ആരോപണമെത്തി. മുമ്പും കോടിയേരിയുടെ കുടുംബാഗങ്ങൾ തറവാട്ടിൽ ദോഷ പരിഹാര പൂജകൾ നടത്തിയത് വാർത്തയായിരുന്നു.കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ പപ്പന്റപീടികയിലെ മൊട്ടേമ്മൽ വീട്ടിൽ 2017 ഡിസംമ്പർ നാലു മുതൽ എട്ടുവരെയായിരുന്നു ശത്രുദോഷ പരിഹാര പൂജ. പക്ഷേ ഇതെല്ലാം വ്യാജവാർത്തകൾ ആണെന്നാണ് കോടിയേരി പറയുന്നത്. താൻ അമ്മ മരിച്ചപ്പോൾ പോലും കർമ്മങ്ങൾ ചെയ്യാതിരുന്നു നിരീശ്വരവാദിയാണെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.
സിപിഎം നടത്തിയ ജനജാഗ്രതയാത്രയ്ക്കിടെ സ്വർണ കടത്ത് കേസിലെ പ്രതിയുടെ കാറിൽ കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചതും വിവാദമായിരുന്നു. ജാഗ്രതകുറവുണ്ടായി എന്ന് ഏറ്റുപറഞ്ഞാണ് പാർട്ടി വിമർശനത്തെ പ്രതിരോധിച്ചത്. കമ്മ്യൂണിസ്റ്റ് ജീവിതരീതിയെക്കുറിച്ച് പാർട്ടി സമ്മേളനങ്ങളിലും പ്രത്യേക പ്ലീനങ്ങളിലും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാറുണ്ട്. ഇതൊക്കെ നിലനിൽക്കെയാണ് പാർട്ടി സെക്രട്ടറിയുടെ മക്കൾക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉയരുന്നത്. ബംഗാളിൽ എസ്എഫ് ഐ നേതാവും എം പിയുമായ ഋതബൃത ബാനർജിയെ സിപിഎം പുറത്താക്കിയത് അദ്ദേഹത്തിന്റെ ജീവിത രീതി പാർട്ടി നയങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. പാർട്ടി തെറ്റുതിരുത്തൽ രേഖകൾ ഒന്നും തന്നെ കോടിയേരിക്കും കടുംബത്തിനും ബാധകമല്ലേ എന്നാണ് ഇപ്പോൾ അണികൾ ചോദിക്കുന്നത്.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ