- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകായുക്ത വിധിക്കെതിരെ ജലീലിന് നിയമപരമായ തുടർനടപടി സ്വകരിക്കാൻ അവകാശം; വിഷയത്തിൽ മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കാൻ ഇനിയും സമയമുണ്ട്; പാർട്ടിക്ക് തീരുമാനമെടുക്കാൻ സമയമായിട്ടുമില്ല; മന്ത്രിയെ ന്യായീകരിച്ച് കോടിയേരി; സ്പീക്കറുടെ ഓഫീസിലെത്തി വിവരശേഖരണം നടത്താൻ ഏത് ഏജൻസിക്കും അവകാശമുണ്ടെന്നും സിപിഎം പിബി അംഗം
തിരുവനന്തപുരം: ലോകായുക്ത വിധിയിൽ മന്ത്രി കെ.ടി.ജലീലിനെ ന്യായീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. നിയമപരമായ തുടർനടപടി സ്വീകരിക്കാൻ ജലീലിന് അവകാശമുണ്ട്. ലോകായുക്തയ്ക്ക് മുകളിലാണ് ഹൈക്കോടതി. ഹൈക്കോടതിക്ക് മുന്നിൽ ഹർജി നൽകാനുള്ള അവകാശം കെടി ജലീലിനുണ്ട്. അതിൽ യുക്തമായ തീരുമാനം അദ്ദേഹത്തിനെടുക്കാമെന്ന് കോടിയേരി വ്യക്തമാക്കി. വിഷയത്തിൽ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ട്. നിയമവശങ്ങൾ പരിശോധിച്ച് ആവശ്യമായ തീരുമാനം സ്വീകരിക്കും. വിഷയത്തിൽ പാർട്ടിക്ക് തീരുമാനമെടുക്കാനുള്ള സമയമായിട്ടില്ല. കൃത്യമായ സമയത്ത് എല്ലാ കാര്യവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
കസ്റ്റംസ് സ്പീക്കറുടെ ഓഫീസിലെത്തി വിവരശേഖരണം നടത്തിയെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. വിവരശേഖരണം നടത്താൻ ഏത് ഏജൻസിക്കും അവകാശമുണ്ട്. അതിൽ തെറ്റില്ലെന്നും കോടിയേരി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ യുഡിഎഫിൽ ഉരുൾപൊട്ടൽ ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വട്ടിയൂർക്കാവിൽ ഉൾപ്പെടെ യുഡിഎഫ്-ബിജെപി ബാന്ധവം ഉണ്ടായിരുന്നു.
കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ പോലും അവരുടെ വോട്ടുകൾ നിലനിർത്താനാകുന്നില്ല. പലമണ്ഡലങ്ങളിലും കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ചെന്ന് വ്യക്തമാണ്. എന്നാൽ ഈ കൂട്ടുകെട്ടിനെ അതിജീവിച്ച് എൽഡിഎഫ് മികച്ച വിജയം നേടും. കോൺഗ്രസിനകത്ത് തർക്കം ആരംഭിച്ച് കഴിഞ്ഞതിന്റെ സൂചനയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഫലം വരുമ്പോൾ അത് ഉരുൽ പൊട്ടലാകും. ഈ അവിശുദ്ധ ബന്ധത്തെ മറികടന്ന് എൽഡിഎഫ് തുടർഭരണം നേടുമെന്ന് കോടിയേരി വ്യക്തമാക്കി. വട്ടിയൂർക്കാവ് സംബന്ധിച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം മുൻകൂർ ജാമ്യമെടുക്കലാണെന്നും മന്ത്രി ജി സുധാകരന്റെ പ്രതികരണം തെറ്റായ വാർത്തകൾക്ക് എതിരെയാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു അദീപിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവന്നു. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നിരിക്കുന്നത്. നിയമനത്തിനുള്ള യോഗ്യതയിൽ മാറ്റംവരുത്താനുള്ള ഉത്തരവിലാണ് മുഖ്യമന്ത്രി ഒപ്പിട്ടത്. 2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടത്.
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ആ അഭിമുഖത്തിൽ പലരും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അദീപ് അഭിമുഖത്തിൽ ഹാജരായിരുന്നില്ല. പിന്നീട് ഈ പോസ്റ്റിന് പുതിയ യോഗ്യത നിശ്ചയിക്കുകയായിരുന്നു. യോഗ്യതയിൽ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി. ജലീൽ പൊതുഭരണ സെക്രട്ടറിക്ക് നൽകിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഫയലിൽ ഒപ്പിട്ടിരുന്നു എന്ന വിവരം പുറത്തുവരുന്നത്.
2013 ജൂൺ 29-നുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യത, ബിരുദവും മാർക്കറ്റിങ് ആൻഡ് ഫിനാൻസിൽ സ്‌പെഷ്യലൈസേഷനുള്ള എം.ബി.എ. അല്ലെങ്കിൽ സി.എസ്./സി.എ./ഐ.സി.ഡബ്ല്യു.എ.ഐ.യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമാണ്. ഇത് തിരുത്തി ബിരുദവും മാർക്കറ്റിങ് ആൻഡ് ഫിനാൻസിൽ സ്‌പെഷ്യലൈസേഷനുള്ള എം.ബി.എ. അല്ലെങ്കിൽ എച്ച്.ആർ./സി.എസ്./സി.എ./ഐ.സി.ഡബ്ല്യു.എ.ഐ./ബി.ടെക് വിത്ത് പി.ജി.ഡി.ബി.എ.യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും എന്ന് മാറ്റി ഉത്തരവിറക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇത് അദീപിനു വേണ്ടിയായിരുന്നു എന്നാണ് ആരോപണം.
ഒരു തസ്തികയുടെ യോഗ്യതകൾ പരിഷ്‌കരിക്കാൻ നടപടിക്രമങ്ങളുണ്ട്. ബന്ധപ്പെട്ട വകുപ്പിൽനിന്നുണ്ടാകുന്ന നിർദ്ദേശങ്ങൾ വിദഗ്ധസമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കണം. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗ്യതാ പരിഷ്‌കാരത്തിനുള്ള ശുപാർശ തയ്യാറാക്കേണ്ടത്. ഇതിന് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിന്റെയും നിയമ വകുപ്പിന്റെയും അനുമതി വേണം. പി.എസ്.സിക്കു വിട്ട തസ്തികയാണെങ്കിൽ പി.എസ്.സിയുമായും കൂടിയാലോചന നടത്തണം. ഇതെല്ലാം ലംഘിക്കപ്പെട്ടെന്നാണ് ആരോപണം.
അതേസമയം ലോകായുക്ത ഉത്തരവ് പ്രത്യേക ദൂതൻ വഴി നാളെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയേക്കും എന്നാണ് അറിവ്. ഉത്തരവ് ലഭിച്ചാൽ മുഖ്യമന്ത്രി നടപടിയെടുക്കാതിരിക്കുകയോ ജലീൽ മന്ത്രി സ്ഥാനമൊഴിയാതിരിക്കുകയോ ചെയ്താൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാമെന്ന് പരാതിക്കാരുടെ അഭിഭാഷകൻ പറഞ്ഞു. മധ്യവേനലവധി ആയതിനാൽ ഹൈക്കോടതിയിൽ ചൊവ്വാഴ്ചയും തിങ്കളാഴ്ചയും മാത്രമേ സിറ്റിങ് ഉള്ളൂ. അതുകൊണ്ട് ചൊവ്വാഴ്ചയേ മന്ത്രിക്ക് ഹൈക്കോടതിയെ സമീപിക്കാനാവൂ. ഇതേസമയം, ജലീൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ആശുപത്രി വിട്ടേക്കും.
താടിയെല്ലിനു താഴെ പ്ലാസ്റ്റിക് സർജറിക്കായി ബുധനാഴ്ച ഇവിടെ പ്രവേശിപ്പിച്ചതാണ്. മാധ്യമ പ്രവർത്തകർ പ്രതികരണത്തിനു ശ്രമിച്ചെങ്കിലും അദ്ദേഹം മൊബൈൽ ഓഫ് ചെയ്തിരുന്നു. അതേസമയം വിധക്കെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുന്നതിനെ സിപിഎം പിന്തുണയ്ക്കും. നിയമനടപടിക്ക് ജലീൽ ഒരുങ്ങുന്നത് പാർട്ടി അനുമതിയോടെയാണ്. ഏതു രാഷ്ട്രീയ തീരുമാനവും അതിനുശേഷം മതിയെന്നാണ് ധാരണ.
ലോകായുക്തയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകാനാവില്ലെന്നും വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകാമെന്നുമാണ് ജലീലിനു ലഭിച്ച നിയമോപദേശം. നിയമപരമായ ആ അവകാശം കൂടി വിനിയോഗിച്ചശേഷം രാജി ഉൾപ്പെടെ ആലോചിക്കാമെന്നാണ് സിപിഎം തീരുമാനം. ജലീലിന്റെ രാജി ആവശ്യം സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ തള്ളി. ഉത്തരവു പരിശോധിച്ചു നിയമം അനുശാസിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിധി വന്നാൽ ഉടൻ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നു നിയമമന്ത്രി എ.കെ.ബാലനും അഭിപ്രായപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ