തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജന്റെ ബന്ധുവിന്റെ നിയമനം വൻ വിവാദമായതോടെ പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സിപിഐ(എം) ഇടപെടുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ എല്ലാ വിവാദപരമായ നിയമനങ്ങളും പാർട്ടി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ചില വകുപ്പുകളിലെ നിയമനങ്ങൾ സംബന്ധിച്ച് വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് 14ന് ചേരുന്ന പാർട്ടി സെക്രട്ടറിയേറ്റ് ചർച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

ഓരോ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ചെയർമാന്മാരെ മാത്രമാണ് പാർട്ടി തീരുമാനിച്ചത്. മറ്റു നിയമനങ്ങൾ എല്ലാം നടത്തിയതും അതാത് വകുപ്പുകളാണെന്നും കോടിയേരി വ്യക്തമാക്കി. മന്ത്രിമാരുടെ ബന്ധുക്കളെ പ്രധാന പദവികളിൽ നിയമിച്ചത് പാർട്ടി പരിശോധിക്കും. ബന്ധുക്കളുടെ നിയമനവുമായി ബന്ധപ്പെട്ട് തെറ്റുതിരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയർമാന്മാരെ മാത്രമാണ് എൽഡിഎഫ് തീരുമാനിക്കാറുള്ളത്. അതാത് വകുപ്പുകളാണ് മറ്റ് നിയമനങ്ങൾ നടത്തുന്നത്. രാഷ്ട്രീയക്കാർ മക്കളെ നിയമിച്ചാൽ സ്വജനപക്ഷപാതമെന്ന് പറയാം.
എന്നാൽ പാർട്ടിയുമായി ബന്ധമുള്ളവരെ നിയമിച്ചാൽ അങ്ങനെ കാണാനാകില്ല. സിപിഎമ്മുമായി ബന്ധമുണ്ടെന്ന് കരുതി യോഗ്യതയുള്ളവരെ ഒഴിവാക്കാൻ കഴിയില്ല. വ്യവസായ വകുപ്പിലെ മാത്രമല്ല മറ്റു നിയമനങ്ങളും പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

നേരത്തെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി പി കെ ശ്രീമതി എംപിയുടെ മകൻ സുധീർ നമ്പ്യാരെ നിശ്ചയിച്ച തീരുമാനം വിവാദമായതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. എന്നാൽ വിവാദത്തെ തുടർന്ന് അല്ല തീരുമാനം റദ്ദാക്കിയതെന്നും കഴിഞ്ഞ തിങ്കളാഴ്ച തന്നെ സുധീർ നമ്പ്യാരെ ഒഴിവാക്കിയിരുന്നുവെന്നും വ്യവസായ വകുപ്പ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഇത് കൂടാതെ ഇ.പി. ജയരാജന്റെ സഹോദരീഭർത്താവിന്റെ സഹോദരപുത്രനും സഹോദരിയുടെ മകനുമാണ് വ്യവസായ വകുപ്പിൽ ജോലി നൽകിയത്. ഇവരെ കൊച്ചിയിലെയും കോഴിക്കോട്ടെയും സ്ഥാപനങ്ങളിലാണ് നിയമിച്ചിരിക്കുന്നതും. ഇത് കൂടാതെ ജയരാജന്റെ സഹോദരൻ റിട്ട. എസ്.ഐ: ഇ.പി. ഭാർഗവന്റെ മകൻ നിഷാന്തിന്റെ ഭാര്യ ദീപ്തിയെ കണ്ണൂർ കണ്ണപുരത്തെ ക്ലേ ആൻഡ് സിറാമിക്‌സിൽ ജനറൽ മാനേജരായും നിയമിച്ചതും വിവാദമായിരുന്നു.